ETV Bharat / state

'വിഎസ് ഇഎംഎസിന്‍റെ സാന്നിധ്യം പോലും ഇഷ്‌ടപ്പെട്ടിരുന്നില്ല, വിഭാഗീയതയ്‌ക്ക് തുടക്കമിട്ടു' ; ആരോപണങ്ങളുമായി എംഎം ലോറൻസിന്‍റെ 'ഓർമച്ചെപ്പുകൾ'

author img

By ETV Bharat Kerala Team

Published : Nov 3, 2023, 7:21 PM IST

CPM Senior Leader MM Lawrence Against VS Achuthanandan On His Autobiography: അപ്രമാദിത്തം നഷ്‌ടപ്പെട്ടാലോ എന്ന് ഭയന്നിരുന്ന വിഎസ് ഇഎംഎസിന്‍റെ സാന്നിധ്യം പോലും ഇഷ്‌ടപ്പെട്ടിരുന്നില്ലെന്നും എംഎം ലോറൻസ് ആത്മകഥയിൽ ആരോപിക്കുന്നുണ്ട്

MM Lawrence Against VS Achuthanandan  MM Lawrence Autobiography  MM Lawrence Alleges VS Initiated Factionism In CPM  Who is MM Lawrence  Is VS Achuthanandan Created Factionism In CPM  സിപിഎമ്മിനകത്തെ വിഭാഗീയത  സിപിഎമ്മില്‍ വിഭാഗീയതയ്‌ക്ക് തുടക്കമിട്ടത് ആര്  വിഎസിനെതിരെ ആഞ്ഞടിച്ച് എംഎം ലോറൻസ്  വിഎസിനെതിരെയുള്ള ആരോപണങ്ങള്‍  ആരാണ് വിഎസ്
MM Lawrence Against VS Achuthanandan On His Autobiography

എറണാകുളം : സിപിഎമ്മിനകത്തെ വിഭാഗീയതയ്‌ക്ക് തുടക്കം കുറിച്ചത് എറണാകുളത്ത് നിന്നാണെന്നും നേതൃത്വം നൽകിയത് മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനാണെന്നും തുറന്നടിച്ച് മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസ്. ശനിയാഴ്‌ച (04.11.2023) പുറത്തിറങ്ങാനിരിക്കുന്ന അദ്ദേഹത്തിന്‍റെ 'ഓർമച്ചെപ്പുകൾ' എന്ന ആത്മകഥയിലാണ് വിവാദ വെളിപ്പെടുത്തലുകള്‍ ഉളളത്.

ഭിന്നിപ്പ് തുടങ്ങുന്നത് ഇവിടെ : സിപിഐ, നക്‌സലൈറ്റ് ആശയഭിന്നിപ്പുകൾക്ക്‌ ശേഷമുള്ള പാർട്ടിയിലെ വിഭാഗീയതയ്ക്ക് തുടക്കം എവിടെ നിന്നാണെന്ന് പലരും ഇപ്പോഴും ചോദിക്കാറുണ്ട്. ഒരു സംശയവും ഇല്ലാതെ തനിക്ക് പറയാൻ കഴിയും അത് എറണാകുളത്ത്‌ നിന്നാണെന്ന്. തനിക്ക്‌ ശേഷം ജില്ല സെക്രട്ടറിയായ എ പി വർക്കി, അക്കാലത്തെ ചില പ്രവർത്തകരെ ഉപയോഗിച്ചുകൊണ്ടായിരുന്നു അതിന്‌ തുടക്കം കുറിച്ചത്. അക്കാലയളവിൽ വിഎസ് അച്യുതാനന്ദൻ, എ പി വർക്കിയെ വിഭാഗീയതയുണ്ടാക്കാൻ ഉപയോഗിക്കുകയായിരുന്നുവെന്നും ലോറൻസ് ആത്മകഥയില്‍ ആരോപിക്കുന്നു.

പാർട്ടി നേതൃത്വത്തിലുണ്ടായിരുന്ന മറ്റ് ചിലരെയും അതിനുവേണ്ടി അച്യുതാനന്ദൻ ഉപയോഗിച്ചിരുന്നു. ഒരിക്കൽ പാർട്ടി കോൺഗ്രസിൽ ഇകെ നായനാർ ഇക്കാര്യം തുറന്നുപറഞ്ഞിരുന്നുവെന്നും പാർട്ടിയ്ക്ക‌കത്ത് ചർച്ച ചെയ്ത ഇത്തരം കാര്യങ്ങൾ ഇപ്പോൾ പുറത്തുപറയുന്നത് ശരിയല്ലെന്ന് കരുതി വിശദീകരിക്കുന്നില്ലെന്നുമാണ് ആത്മകഥയിലുള്ളത്.

വിഎസ് ഊതിവീര്‍പ്പിക്കപ്പെട്ടോ? : വ്യക്തി പ്രഭാവം വർധിപ്പിക്കാൻ അച്യുതാനന്ദൻ പ്രത്യേകം സ്ക്വാഡ് പോലെ ആളുകളെ ഉപയോഗിച്ചു. അത് കമ്മ്യൂണിസ്റ്റ് സംസ്‌കാരത്തിന്‍റെ ഭാഗമല്ലെന്ന്‌ മാത്രമല്ല സംഘടനാ തത്വങ്ങൾക്ക് വിരുദ്ധവുമാണ്. ഇവരിൽ പലരും പിന്നീട് അച്യുതാനന്ദനുമായി തെറ്റി. എന്നാല്‍ ആദ്യമായി പാർട്ടിയിൽ വിഭാഗീയതയ്ക്ക് കരുനീക്കം നടന്ന എറണാകുളം ജില്ലയിൽ ആ കനൽ മുഴുവനായി കെട്ടടങ്ങിയിട്ടില്ലെന്നും എംഎം ലോറന്‍സ് ആത്മകഥയില്‍ ആരോപിക്കുന്നുണ്ട്.

പിന്നീട് എത്രയോ നാടകങ്ങൾ നടന്നു. ഒളി ക്യാമറാക്കഥകൾ വരെ അരങ്ങേറി. സഖാക്കളുടെ ഒരുമയും സ്നേഹബന്ധങ്ങളും വിഭജിക്കപ്പെട്ടു. എറണാകുളം ജില്ല ഇന്നും ആ സ്വാധീനത്തിൽ നിന്ന് മുഴുവനായി മോചിതമായിട്ടില്ലെന്നത് പാർട്ടിയെ സ്നേഹിക്കുന്നവരുടെ ധർമസങ്കടമാണ്. കൃത്യമായ പ്ലാനിങ്ങോടെ നടത്തിയ വിഭാഗീയ പ്രവർത്തനത്തിൽ തെറ്റിദ്ധരിക്കപ്പെട്ട് ഒട്ടനവധി ചെറുപ്പക്കാരായ സഖാക്കൾ ഭാഗഭാക്കായി. പിന്നീട് നിജസ്ഥിതിയും സത്യാവസ്ഥയും മനസിലായപ്പോൾ തെറ്റിദ്ധരിക്കപ്പെട്ടവരിൽ മിക്കവരും തന്നോടും മറ്റും നേരിൽ വന്ന് തങ്ങൾക്ക് തെറ്റുപറ്റിയെന്ന് പറഞ്ഞുവെന്നും, തങ്ങളെ തെറ്റിദ്ധരിപ്പിച്ചത്‌ കൊണ്ടാണ് അങ്ങനെ പ്രവർത്തിക്കാൻ ഇടയായതെന്ന് അവര്‍ വെളിപ്പെടുത്തിയെന്നും അദ്ദേഹം പരാമര്‍ശിക്കുന്നുണ്ട്.

വിഎസിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ : വൈര നിര്യാതന ബുദ്ധിയോടെയാണ് വിഎസ് അച്യുതാനന്ദന്‍ ഇടപെട്ടിരുന്നത്. അപ്രമാദിത്തം നഷ്‌ടപ്പെട്ടാലോ എന്ന് ഭയന്നിരുന്ന വിഎസ് ഇഎംഎസിന്‍റെ സാന്നിധ്യം പോലും ഇഷ്‌ടപ്പെട്ടിരുന്നില്ലെന്നും എംഎം ലോറൻസ് ആത്മകഥയിൽ ആരോപിക്കുന്നു. തിരുവനന്തപുരത്ത് വിശ്രമത്തിലായിരുന്ന ഇഎംഎസ് എന്നും എകെജി സെന്‍ററില്‍ എത്തിയിരുന്നത് വിഎസ് അച്യുതാനന്ദനില്‍ അസ്വസ്ഥത ഉണ്ടാക്കിയിരുന്നുവെന്നും ആത്മകഥയിൽ കുറ്റപ്പെടുത്തുന്നുണ്ട്.

കോഴിക്കോട് സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത്‌ നിന്ന് വിഎസ് അച്യുതാനന്ദനെ മാറ്റണമെന്ന് അഭിപ്രായം ഉയർന്നുവന്നു. അച്യുതാനന്ദനെ മാറ്റിയാൽ ആര് സെക്രട്ടറിയാകുമെന്ന ചർച്ചയും വന്നു. ചിലർ തന്‍റെയും കെഎൻ രവീന്ദ്രനാഥിന്‍റെയും പേരുകൾ പറഞ്ഞു. എന്നാല്‍ തങ്ങൾ മത്സരിക്കാനില്ലെന്ന്‌ പറഞ്ഞു. ഇതോടെ നായനാരെ ആക്കാമെന്ന ആലോചന വന്നു.

നായനാരെ മലബാർ പിന്താങ്ങുമെന്നും ജയിക്കുമെന്നും കണ്ടപ്പോൾ എസ് രാമചന്ദ്രൻ പിള്ള ഒത്തുതീർപ്പ്‌ ഫോർമുല പുറത്തെടുത്തു. പാർട്ടി സംഘടന നേതൃത്വത്തിലുള്ളവർ ഭരണത്തിലേക്കും ഭരണത്തിലുള്ളവർ പാർട്ടി നേതൃത്വത്തിലേക്കും മാറുക എന്ന ലൈൻ മുന്നോട്ടുവച്ചു. അച്യുതാനന്ദൻ മാരാരിക്കുളത്ത് ജയിക്കുമെന്ന്‌ കണ്ടാണ് ഈ കരുക്കൾ നീക്കിയത്. പക്ഷേ, അപ്രതീക്ഷിതമായി തോറ്റപ്പോൾ അച്യുതാനന്ദൻ മാറാൻ തയ്യാറായില്ലെന്നും എംഎം ലോറൻസ് ആത്മകഥയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Also Read: Oru Samara Noottandu : 'ഒരു സമര നൂറ്റാണ്ട്'; നൂറാം ജന്മദിനത്തിൽ വിഎസിന്‍റെ ജീവിത കഥയുമായി മുൻ പ്രസ് സെക്രട്ടറി കെ വി സുധാകരന്‍

കയ്‌പുള്ള ചില പഴയകാല ഓര്‍മകള്‍ : പുന്നപ്ര-വയലാർ സമരത്തിൽ പങ്കെടുത്ത് ധീരമായി നേതൃത്വം കൊടുക്കുകയും ദീർഘകാലം ഒളിവുജീവിതം നയിക്കുകയും നിശബ്‌ദമായി പാർട്ടി പ്രവർത്തനം നടത്തുകയും ചെയ്‌ത പികെ ചന്ദ്രാനന്ദനെതിരെ അച്യുതാനന്ദൻ സമ്മേളനത്തിൽ നിലപാട് എടുത്തു. ഇത് സഹിക്കാൻ കഴിയാതെ താൻ നല്ല മറുപടി പറഞ്ഞുവെന്നും ലോറൻസ് ഓർമച്ചെപ്പുകളില്‍ വ്യക്തമാക്കുന്നുണ്ട്.

ചിലരോട് ആജന്മ വൈരമുള്ളത്‌ പോലെയായിരുന്നു വിഎസിന്‍റെ പെരുമാറ്റം. എ പി കുര്യനെ കണ്ടുകൂടായിരുന്നു. നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ കുര്യനെ കാണുന്നത്‌ തന്നെ അച്യുതാനന്ദന് കലിയായിരുന്നു. ആ കലി തീർത്തത് പലവഴിക്കാണെന്നും ലോറൻസ് ആത്മകഥയില്‍ ഓർമിക്കുന്നുണ്ട്. പാർട്ടിയുടെ മലപ്പുറം സംസ്ഥാന സമ്മേളനം അച്യുതാനന്ദൻ - പിണറായി വിജയൻ പോരാട്ട കാലമായിരുന്നു. കോഴിക്കോട് സമ്മേളനം മുതൽ ഇരുവരും ഒരുമിച്ചായിരുന്നു. അവർ കൃത്യമായ പ്ലാനിങ്ങോടെ ഒരു വിഭാഗത്തെ ഒഴിവാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ആ ഐക്യം മലപ്പുറം സമ്മേളനത്തോടെ അവസാനിച്ചുവെന്നും എംഎം ലോറന്‍സ് പറയുന്നുണ്ട്.

ഇന്നിപ്പോൾ വിഭാഗീയതയ്ക്ക് വലിയ രീതിയിൽ ശമനം വന്നിട്ടുണ്ട്. പാർട്ടി ഒറ്റക്കെട്ടായി കരുത്തോടെ മുന്നോട്ട് പോയാൽ മാത്രമേ മുന്നേറ്റമുണ്ടാക്കാനാകൂ. അങ്ങനെയാവട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്നും എംഎം ലോറന്‍സ് പറയുന്നു. പാർട്ടിയെ കെട്ടിപ്പടുത്തത് ഒന്നോ രണ്ടോ പേർ മാത്രമല്ല. നൂറുകണക്കിന്‌ സഖാക്കൾ ജീവനും ജീവിതവും കുടുംബവും എല്ലാം നഷ്‌ടപ്പെടുത്തിയാണ്.

അങ്ങനെയല്ലാത്ത ഏത്‌ വിലയിരുത്തലും പ്രചരണവും ശരിയല്ല. അത് സംഘടനയെയും പ്രസ്ഥാനത്തെയും പുറകോട്ടടിപ്പിക്കും. പല രാജ്യങ്ങളിലെയും കമ്മ്യൂണിസ്‌റ്റ് പ്രസ്ഥാനങ്ങളുടെ പതനത്തിന്‍റെ ചരിത്രം നമ്മുടെ മുന്നിലുണ്ട്. അവ ഓർമയുണ്ടാകണമെന്നും ലോറൻസ് തന്‍റെ ആത്മകഥയിൽ വ്യക്തമാക്കുന്നുണ്ട്. അതേസമയം എംഎം ലോറൻസിന്‍റെ ആത്മകഥ സജീവ ചർച്ചയാവുമെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള സ്വാധീനം ചെലുത്താൻ ഇടയില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.