ETV Bharat / state

കൊടകര കുഴല്‍പ്പണ കേസ്‌; കേസ്‌ ഏറ്റെടുക്കുന്ന കാര്യത്തില്‍ വീണ്ടും സാവകാശം തേടി ഇഡി

author img

By

Published : Nov 15, 2021, 3:30 PM IST

kodakara money fraud case  money fraud case  kerala high court  Thrissur kodakara case  enforcement directorate  കൊടകര കുഴല്‍പ്പണ കേസ്‌  കുഴല്‍പ്പണ കേസ്‌  ഇഡി ഹൈകോടതി  കൊടകര കേസ്‌
കൊടകര കുഴല്‍പ്പണ കേസ്‌; കേസ്‌ ഏറ്റെടുക്കുന്ന കാര്യത്തില്‍ വീണ്ടും സാവകാശം ചോദിച്ച് ഇഡി

ആറാം തവണയാണ് ഇഡി കോടതിയോട്‌ സമയം നീട്ടി ചോദിക്കുന്നത്. ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 24ലേക്ക് മാറ്റി.

എറണാകുളം: കൊടകര കുഴൽപ്പണ കേസ് ഏറ്റെടുക്കുന്ന കാര്യത്തിൽ ഹൈകോടതിയിൽ വിശദീകരണം നൽകാൻ വീണ്ടും സാവകാശം തേടി ഇഡി. ഇത്‌ ആറാം തവണയാണ് ഇഡി സമയം നീട്ടി ചോദിക്കുന്നത്. കള്ളപ്പണ ഇടപാട് സംശയിക്കുന്ന പല കേസുകളിലും സ്വമേധയാ ഏറ്റെടുത്ത ഇഡി ഈ കേസിൽ അതിന്‌ തയ്യാറാവാത്തതിൽ വിമർശനമുയർന്നിരുന്നു.

ബിജെപി നേതാക്കളുമായി ബന്ധമുള്ള കേസായതിനാലാണ് ഇഡി കേസെടുക്കാൻ തയ്യാറാകാത്തതെന്നും ആരോപണമുണ്ടായിരുന്നു. അതേസമയം കേസ്‌ ഇഡിയുടെ അന്വേഷണ പരിധിയിൽ വരുന്നതാണോ എന്ന് പരിശോധിക്കുന്നതായും ഇഡി ഹൈക്കോടതിയിൽ അറിയിച്ചു.

ഹർജിയിൽ വിശദീകരണം നൽകാൻ കേന്ദ്ര സർക്കാരിന്‌ വേണ്ടി ഹാജരായ അസി.സോളിസിറ്റർ ജനറൽ ഒരാഴ്‌ച കൂടി സമയം തേടുകയായിരുന്നു. ഇതേ തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് കോടതി നവംബര്‍ 24ലേക്ക് മാറ്റി. ഇഡി അന്വേഷണം ശുപാർശ ചെയ്‌തായിരുന്നു പൊലീസ് കൊടകര കുഴൽപ്പണ കവർച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നത്.

2020 ഏപ്രിൽ മൂന്നിന് പുലർച്ചെയാണ് കോഴിക്കോട്‌ നിന്ന് കൊച്ചിയിലേക്ക് കൊണ്ടുവന്ന കുഴൽപ്പണം ദേശീയപാതയിലെ കൊടകരയില്‍ വച്ച് ഒരു സംഘം കാർ തടഞ്ഞു നിര്‍ത്തി തട്ടിയെടുത്തത്.

25 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കാറുടമ ആദ്യം പരാതി നൽകിയത്. എന്നാൽ പൊലീസിന്‍റെ അന്വേഷണത്തിൽ 3.5 കോടി രൂപ നഷ്ടപ്പെട്ടെന്ന് കണ്ടെത്തിയിരുന്നു. കേരളത്തിലെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ചെലവഴിക്കാൻ ബിജെപിയുടെ കർണാടക ഘടകം കൊടുത്തുവിട്ട കള്ളപ്പണമാണിതെന്ന് ആരോപണമുണ്ടെന്നാണ് ഹർജിക്കാരന്‍റെ വാദം.

Also Read: Rape: 16കാരിയെ ആറ് മാസത്തിനിടെ പീഡിപ്പിച്ചത് 400 പേര്‍; ഇര ഗര്‍ഭിണിയായി

കേസിൽ 22 പേരെ പ്രതി ചേര്‍ത്ത് അന്തിമ റിപ്പോർട്ട് നൽകിയെന്നും കള്ളപ്പണത്തിന്‍റെ ഉറവിടം കണ്ടെത്താൻ തുടരന്വേഷണം നടക്കുകയാണെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്‍റ് സലിം മടവൂരാണ് കൊടകര കേസിൽ ഇഡി അന്വേഷണമാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.