ETV Bharat / state

യുഎഇ പൗരനായ 'തീവ്രവാദിയെ' രാജ്യം വിടാന്‍ മുഖ്യമന്ത്രി സഹായിച്ചെന്ന് സ്വപ്‌ന സുരേഷ്

author img

By

Published : Aug 9, 2022, 5:02 PM IST

രാജ്യം വിടാന്‍ മുഖ്യമന്ത്രി സഹായിച്ചെന്ന് സ്വപ്‌ന സുരേഷ്  Swapna Suresh allegation  വീണ വിജയന്‍റെ ബിസിനസ് താത്‌പര്യങ്ങള്‍  allegation against Veena Vijayan  news Swapna Suresh  diplomatic gold smuggling case  സ്വര്‍ണക്കടത്ത് കേസ്  കേരള വാര്‍ത്തകള്‍  പുതിയ വാര്‍ത്തകള്‍  ഇന്നത്തെ വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍  kerala news  kerala news headlines  kerala latest news  kerala news today
യുഎഇ പൗരനായ 'തീവ്രവാദിയെ' രാജ്യം വിടാന്‍ മുഖ്യമന്ത്രി സഹായിച്ചെന്ന് സ്വപ്‌ന സുരേഷ്

മകള്‍ വീണ വിജയന്‍റെ ബിസിനസ് താത്‌പര്യങ്ങള്‍ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ഇതെല്ലാം ചെയ്യുന്നതെന്ന് സ്വപ്‌ന സുരേഷ് ആരോപിച്ചു.

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണമുന്നയിച്ച് നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്‌. തീവ്രവാദ ബന്ധം സംശയിച്ച് അറസ്റ്റ് ചെയ്യപ്പെട്ട യുഎഇ പൗരനെ രക്ഷപ്പെടുത്താന്‍ യുഎഇ കോണ്‍സുലേറ്റിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ സഹായിച്ചെന്നാണ് സ്വപ്‌നയുടെ ആരോപണം. ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ഒരു സാറ്റ്‌ലൈറ്റ് ഫോണുമായി 2017 ജൂലൈ നാലിന് നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ അറസ്‌റ്റ് ചെയ്യപ്പെട്ടയാളെയാണ് മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ ഇടപെടല്‍ ഫലമായി പൊലീസ് വിട്ടയച്ചതെന്ന് സ്വപ്‌ന സുരേഷ് ആരോപിച്ചു.

യുഎഇ പൗരന്‍ പിടിക്കപ്പെട്ടപ്പോള്‍ ഈ വിഷയത്തില്‍ താന്‍ മുഖ്യമന്ത്രിയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് ഫോണ്‍ വന്നെന്ന് സ്വപ്‌ന സുരേഷ് അവകാശപ്പെട്ടു. ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ശിവശങ്കറിനെ വിളിച്ചു. മുഖ്യമന്ത്രിയോട് സംസാരിച്ച ശേഷം തിരിച്ച് വിളിക്കാമെന്ന് ശിവശങ്കര്‍ തന്നോട് പറഞ്ഞു. അഞ്ച് പത്ത് മിനിട്ട് കഴിഞ്ഞപ്പോള്‍ ശിവശങ്കര്‍ തന്നെ വിളിച്ചു.

കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗസ്ഥനെ പൊലീസ് സ്റ്റേഷനില്‍ അയച്ച് ഒരു സത്യവാങ്‌മൂലം കൈപ്പറ്റണമെന്നാണ് ശിവശങ്കര്‍ പറഞ്ഞത്. സമാനമായ ഒരു സത്യവാങ്‌മൂലം കോണ്‍സുലേറ്റില്‍ തന്നോട് നല്‍കാനും ശിവശങ്കര്‍ ആവശ്യപ്പെട്ടു. ഇത്രയും ചെയ്‌തപ്പോള്‍ അറസ്‌റ്റ്‌ ചെയ്യപ്പെട്ട വ്യക്തിയെ നെടുമ്പാശ്ശേരി പൊലീസ് വെറുതെ വിട്ടെന്നും പിന്നീട് ഇതില്‍ യാതൊരു തുടരന്വേഷണവും നടന്നില്ലെന്നും സ്വപ്‌ന സുരേഷ് ആരോപിച്ചു.

അറസ്‌റ്റ് ചെയ്യപ്പെട്ടത് ഈജിപ്‌തില്‍ ജനിച്ച യുഎഇ പൗരനായ ആളാണെന്നാണ് സ്വപ്‌ന സുരേഷ് പറഞ്ഞത്. ഇയാള്‍ കേരളത്തില്‍ വന്നത് ജൂണ്‍ 30നാണ്. തീവ്രവാദികള്‍ ഉപയോഗിക്കുന്ന തുറൈയ്യ ഫോണാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. എന്‍ഐഎ ഈ സംഭവവുമായി ബന്ധപ്പെട്ട ചില തെളിവുകള്‍ നശിപ്പിച്ചു. മുഖ്യമന്ത്രി തന്‍റെ മകളുടെ ബിസിനസ് താത്‌പര്യങ്ങള്‍ സംരക്ഷിക്കാനായി തീവ്രവാദികളെ പോലും സഹായിക്കുകയാണെന്നും സ്വപ്‌ന ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.