ETV Bharat / state

ബ്രഹ്മപുരം തീപിടിത്തം: കൊച്ചി കോർപറേഷനും ജില്ല കലക്‌ടർക്കും ഹൈക്കോടതിയുടെ വിമര്‍ശനം

author img

By

Published : Mar 8, 2023, 5:56 PM IST

Updated : Mar 8, 2023, 7:30 PM IST

HC criticized kochi corporation and collector  brahmapuram fire incident  brahmapuram fire  kochi brahmapuram  ബ്രഹ്മപുരം തീപിടിത്തം  ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ്  ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടുത്തം  കൊച്ചി കോർപറേഷന്‍  ജില്ല കലക്‌ടർ  ഹൈക്കോടതി വിമർശനം  ഹൈക്കോടതി വാര്‍ത്തകള്‍  ഹൈക്കോടതി പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala  ഹൈക്കോടതി  ഹരിത കർമ്മ സേന
ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടുത്തം

ബ്രഹ്മപുരം തീപിടിത്തത്തില്‍ കോര്‍പറേഷനെയും ജില്ല കലക്‌ടറെയും വിമര്‍ശിച്ച് ഹൈക്കോടതി. പ്ലാന്‍റില്‍ വൈദ്യുതി ബന്ധം സ്ഥാപിക്കണമെന്ന് ഹൈക്കോടതി. രണ്ട് ദിവസം കൊണ്ട് തീ നിയന്ത്രണ വിധേയമാക്കുമെന്ന് പറഞ്ഞിരുന്നോയെന്ന് കലക്‌ടറോട് കോടതി. പ്ലാന്‍റിന്‍റെ പ്രവര്‍ത്തനത്തിന് ഹരിത കർമ്മ സേന പ്രവർത്തകരില്ലെന്ന് കോടതി.

എറണാകുളം: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തത്തിൽ കൊച്ചി കോർപറേഷനും ജില്ല കലക്‌ടർക്കും ഹൈക്കോടതി വിമർശനം. പ്ലാന്‍റില്‍ വൈദ്യുതി ബന്ധം സ്ഥാപിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ സർക്കാരിന് കർശന നിർദേശം നല്‍കി. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയ എടുത്ത കേസ് പരിഗണിക്കവെയാണ് വിഷയത്തിൽ ഹൈക്കോടതി കൊച്ചി കോർപറേഷനെയും ജില്ല കലക്‌ടറെയും രൂക്ഷമായി വിമർശിച്ചത്.

ജില്ല കലക്‌ടര്‍ക്ക് വിഷയത്തിൽ നിന്നും ഒഴിഞ്ഞു മാറാനാകില്ല. രണ്ട് ദിവസം കൊണ്ട് തീ അണയ്ക്കുമോയെന്ന് പറഞ്ഞിരുന്നോയെന്നും കോടതിയിൽ നേരിട്ട് ഹാജരായ കലക്‌ടറോട് ഡിവിഷൻ ബെഞ്ച് ചോദിച്ചു. അത്തരം റിപ്പോർട്ടാണ് ഫയർ ഉദ്യോഗസ്ഥർ നൽകിയതെന്നായിരുന്നു കോടതിയുടെ മറുപടി. നഗരത്തിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ നാളെ മുതൽ ശേഖരിക്കുമെന്ന് കോർപറേഷൻ സെക്രട്ടറിയും മറുപടി നൽകി.

മാലിന്യ ശേഖരണത്തിന് ആവശ്യമായ ഹരിത കർമ്മ സേന പ്രവർത്തകരില്ലെന്നും നിലവിൽ പ്ലാന്‍റ് പ്രവർത്തിക്കുന്നത് ജനറേറ്റർ ഉപയോഗിച്ചാണെന്നും കോർപറേഷൻ കോടതിയെ അറിയിച്ചു. തടസങ്ങളില്ലാതെ പ്രത്യേക വൈദ്യുതി ബന്ധം പ്ലാന്‍റില്‍ സ്ഥാപിക്കാനായി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോട് കോടതി ഇടക്കാല ഉത്തരവിലൂടെ നിർദേശിച്ചു.

ഖര മാലിന്യ സംസ്‌കരണത്തിന് കാര്യക്ഷമമായ സംവിധാനം വേണം. ഉറവിടത്തിൽ തന്നെ മാലിന്യം വേർതിരിക്കുവാനുള്ള സംവിധാനം സർക്കാർ ശക്തമാക്കണം. പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെയും നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശം നൽകി.

നിലവിൽ ബ്രഹ്മപുരത്ത് സ്ഥിതി ഗതികൾ നിയന്ത്രണ വിധേയമെന്ന് കോർപറേഷൻ അറിയിച്ചെങ്കിലും ഇന്നലെയും തീപിടിത്തം ഉണ്ടായെന്നും നഗരവാസികളിൽ ആരോഗ്യ പ്രശ്‌നങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നതായും കോടതി ചൂണ്ടിക്കാട്ടി. തീ നിയന്ത്രണ വിധേയമാക്കാനായി ജില്ലയ്‌ക്ക് പുറത്ത് നിന്നും സഹായം തേടിയിരുന്നുവെന്നും പൊതു ജനങ്ങൾക്കായി ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ടെന്നും മറ്റ് നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നായിരുന്നു കലക്‌ടര്‍ കോടതിയിൽ വിശദീകരിച്ചത്.

എന്നാൽ ഇക്കാര്യത്തിൽ സമഗ്രമായ റിപ്പോർട്ട് കലക്‌ടറോട് സമർപ്പിക്കണമെന്നാവശ്യപ്പെട്ട ഹൈക്കോടതി കേസ് വെള്ളിയാഴ്‌ചത്തേക്ക് മാറ്റി. ജില്ല കലക്‌ടര്‍, കോർപറേഷൻ സെക്രട്ടറി എന്നിവർ വെള്ളിയാഴ്‌ച വീണ്ടും നേരിട്ട് ഹാജരാകണമെന്നും കോടതി നിർദേശിച്ചു.

തീപിടിത്തം തുടര്‍ കഥയായി ബ്രഹ്മപുരം: ഇക്കഴിഞ്ഞ വ്യാഴാഴ്‌ചയാണ് കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ തീപിടിത്തമുണ്ടായത്. തീപിടിത്തത്തെ തുടര്‍ന്ന് കൊച്ചിയിലും സമീപ പ്രദേശങ്ങളിലുമെല്ലാം പുക വ്യാപിപ്പിച്ചു. പുക വ്യാപിപ്പിക്കുന്നത് കൊച്ചിയിലെ വായു മലിനീകരണ തോത് വര്‍ധിപ്പിക്കുന്നതിനൊപ്പം ശ്വാസകോശ സംബന്ധം അടക്കമുള്ള ശാരീരിക പ്രയാസം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടി.

കഴിഞ്ഞ വര്‍ഷം ഇതേ സമയം ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ തീപിടിത്തമുണ്ടായിരുന്നു. തീപിടിത്തത്തെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ നിന്നെത്തിയ 18 ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ മണിക്കൂറുകളോളം പരിശ്രമിച്ചതിനെ തുടര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി. തീ നിയന്ത്രണ വിധേയമാക്കിയതിന് ശേഷം ഫയര്‍ഫോഴ്‌സ് തിരികെ മടങ്ങി. എന്നാല്‍ മാലിന്യ കൂമ്പാരത്തില്‍ നിന്ന് വീണ്ടും തീ പടരുകയായിരുന്നു. ബ്രഹ്മപുരത്ത് നിന്ന് മടങ്ങിയ യൂണിറ്റുകളെ വീണ്ടും തിരികെ വിളിക്കേണ്ടതായി വന്നു.

കാറ്റിന്‍റെ ഗതി മാറിയതാണ് വീണ്ടും തീ പടരാന്‍ കാരണമെന്നായിരുന്നു വിലയിരുത്തല്‍. മാലിന്യം സംസ്‌കരിക്കാതെ കൂട്ടിയിടുന്നതാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. കൊച്ചി കോര്‍പറേഷന്‍, ആലുവ, തൃക്കാക്കര, അങ്കമാലി, പുത്തന്‍കുരിശ്‌, വടവുകോട്, എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യമാണ് ബ്രഹ്മപുരം പ്ലാന്‍റില്‍ എത്തിക്കുന്നത്.

also read: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തം മനുഷ്യ നിർമിതമോ? ഹൈക്കോടതി

Last Updated :Mar 8, 2023, 7:30 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.