ETV Bharat / state

റെസ്റ്റോറന്‍റിൽ പരസ്യ മദ്യപാനം; ഭക്ഷണത്തിൽ മണ്ണുവാരിയിട്ടു, ചോദ്യം ചെയ്‌ത ജീവനക്കാരെ കയ്യേറ്റം ചെയ്‌തു

author img

By

Published : Jul 13, 2023, 11:24 AM IST

ഭക്ഷണം കഴിക്കാനായി യുവതികൾക്കൊപ്പം ഹോട്ടലിലെത്തിയ യുവാക്കൾ ഹോട്ടലിനകത്തുവച്ച് പരസ്യമായി മദ്യപിക്കുകയായിരുന്നു. ഇത് ജീവനക്കാരൻ ചോദ്യം ചെയ്തത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഈ സമയം കുടുംബസമേതം ഭക്ഷണം കഴിക്കുന്നവരും ഹോട്ടലിലുണ്ടായിരുന്നു.

Drunken youth created disturbance  റെസ്റ്റൊറന്‍റിൽ പരസ്യ മദ്യപാനം  റെസ്റ്റോറന്‍റിൽ പരസ്യ മദ്യപാനം  Drunken youth created disturbance in Hotel Kochi  crime news  എറണാകുളം  Kochi news
റെസ്റ്റോറന്‍റിൽ പരസ്യ മദ്യപാനം

റെസ്റ്റോറന്‍റിൽ യുവാക്കളുടെ പരാക്രമം

എറണാകുളം : റെസ്റ്റോറന്‍റിൽ യുവാക്കളുടെ പരസ്യ മദ്യപാനം ചോദ്യം ചെയ്‌തതിനെ തുടർന്നുണ്ടായ അക്രമത്തിലും സംഘർഷത്തിലും കൂടുതല്‍ നടപടികളുമായി പൊലീസ്. കൊച്ചിയില്‍ ഇടപ്പള്ളിക്ക് സമീപം മരോട്ടിചോടിലുള്ള താൽ റെസ്റ്റോറന്‍റിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ഭക്ഷണം കഴിക്കാനായി യുവതികൾക്കൊപ്പം എത്തിയ യുവാക്കൾ ഹോട്ടലിന് അകത്തുവച്ച് പരസ്യമായി മദ്യപിക്കുകയായിരുന്നു.

പരസ്യ മദ്യപാനം ഹോട്ടല്‍ ജീവനക്കാരൻ ചോദ്യം ചെയ്‌തതാണ് സംഘർഷങ്ങൾക്ക് തുടക്കം. കുടുംബ സമേതം ആളുകൾ ഭക്ഷണം കഴിക്കാനെത്തുന്ന ഹോട്ടലിലെ മദ്യപാനം ജീവനക്കാരൻ ചോദ്യം ചെയ്‌തതോടെ യുവാക്കൾ ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ഹോട്ടലിനകത്ത് ആക്രമണം നടത്തുകയും ചെയ്‌തു. മദ്യപാനത്തിന് അനുമതിയില്ലന്നും ഭക്ഷണം കഴിക്കാൻ മാത്രമേ ഹോട്ടൽ ഉപയോഗിക്കാവൂവെന്നും ജീവനക്കാർ ശക്തമായി ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് യുവാക്കൾ പ്രകോപിതരായത്.

പണം കൊടുത്തില്ലെന്നും പരാതി: ജീവനക്കാർ മദ്യപാനം ചോദ്യം ചെയ്‌തത് ആദ്യം ചെറിയ സംഘർഷത്തില്‍ കലാശിച്ചെങ്കിലും ജീവനക്കാരെ ഭീഷണിപ്പെടുത്തി യുവാക്കൾ ഹോട്ടലിൽ നിന്നും മടങ്ങുകയായിരുന്നു. ജീവനക്കാർ ആവശ്യപ്പെട്ടെങ്കിലും ഭക്ഷണം കഴിച്ച പൈസയും ഇവർ നൽകിയില്ലെന്ന് ഉടമ പറയുന്നു. ഇതിനിടെ ഇവർ കൂടുതൽ പേരുമായി മടങ്ങിയെത്തി ഹോട്ടലിലെ ഭരണികൾ ഉൾപ്പടെ തകർക്കുകയും ആക്രമണം അഴിച്ചു വിടുകയായിരുന്നു.

പാകം ചെയ്‌തുവച്ച ഭക്ഷണത്തിൽ യുവാക്കൾ മണ്ണ് വാരിയിട്ടെന്നും ഹോട്ടൽ ഉടമ ആരോപിച്ചു. ഇതേ തുടർന്ന് ഭക്ഷണം ഉപയോഗ ശൂന്യമായെന്നും ഈ വകയിൽ അമ്പതിനായിരത്തിൽ അധികം രൂപയുടെ നഷ്ടമുണ്ടായെന്നും ഉടമ അറിയിച്ചു. ഹോട്ടൽ ഉടമ വിളിച്ചറിയിച്ചതിനെ തുടർന്നാണ് ഇടപ്പള്ളി പൊലീസ് സ്ഥലത്ത് എത്തി മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തത്.

യുവാക്കൾ ഹോട്ടലിനുള്ളിൽ വച്ച് മദ്യപിക്കുന്നതും ജീവനക്കാരെ മർദിക്കുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഹോട്ടൽ ഉടമയുടെ പരാതിയിൽ ഇവർക്കെതിരെ കൂടുതൽ അന്വേഷണം നടത്തി നടപടികളിലേക്ക് കടക്കുമെന്ന് ഇടപ്പള്ളി പൊലീസ് അറിയിച്ചു. പ്രതികളിൽ നിന്നും ലഹരി വസ്‌തുക്കളും പൊലീസ് പിടികൂടിയിട്ടുണ്ട്.

ലഹരിയുടെ കേന്ദ്രമായി കൊച്ചി: പഠനത്തിനും ജോലിയാവശ്യാർത്ഥവും കൊച്ചിയിലെത്തുന്ന യുവതി യുവാക്കളിൽ ഒരു വിഭാഗം മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇത്തരക്കാർ ഡി ജെ പാർട്ടികളിൽ ഉൾപ്പടെ പങ്കെടുക്കുന്നതും ഇതിന്‍റെ മറവിൽ മയക്കുമരുന്നു ഇടപാടുകൾ നടത്തുന്ന കേസുകളും റിപ്പോർട്ട് ചെയ്യപെട്ടിട്ടുണ്ട്. എന്നാൽ ഇത്തരം സംഭവങ്ങൾ നിയന്ത്രിക്കാൻ എക്സൈസോ, പൊലീസോ ജാഗ്രത പുലർത്താറില്ലെന്ന ആക്ഷേപവും ശക്തമാണ്.

ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ ഡി ജെ പാർട്ടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ മുൻ മിസ് കേരള ഉൾപ്പടെ വാഹനാപകടത്തിൽ മരിച്ച സംഭവത്തിലും, മോഡലിംഗ് രംഗത്ത് പ്രവർത്തിക്കുന്ന യുവതിയെ ഡി ജെ പാർട്ടിക്കെത്തിയവർ വാഹനത്തിൽ വെച്ച് പീഡിപ്പിച്ച സംഭവത്തിലുമെല്ലാം യുവാക്കളുടെ ലഹരി ഉപയോഗം പ്രധാന കാരണമായിരുന്നു.

also read: കൊച്ചി ഫ്ലാറ്റിലെ കൊലപാതകം : അന്വേഷണം ലഹരി വില്‍പ്പന സംഘങ്ങളിലേക്കും വ്യാപിപ്പിച്ചതായി കമ്മീഷണർ

also read: കൊച്ചിയില്‍ വൻ ലഹരിവേട്ട; 12,000 കോടിയുടെ ലഹരി വസ്‌തുക്കൾ പിടികൂടി, പാകിസ്ഥാൻ സ്വദേശി കസ്‌റ്റഡിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.