ETV Bharat / state

വലിയഴീക്കൽ പാലം ; പ്രത്യേകതകൾ ഏറെ, പ്രാധാന്യവും

author img

By

Published : Mar 11, 2022, 7:53 PM IST

ആലപ്പുഴ-കൊല്ലം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വലിയഴീക്കൽ പാലം ചൈനയിലെ ചാ‍വോതിയാൻമെൻ പാലം കഴിഞ്ഞാൽ ഏഷ്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ ബോസ്‌ട്രിങ് പാലമാണ്

വലിയഴീക്കൽ പാലം  valiyazhikkal bridge  kerala government bridge inauguration  ബോസ്‌ട്രിങ് പാലം  bow string bridge  വലിയഴീക്കൽ പാലം പ്രത്യേകതകൾ
വലിയഴീക്കൽ പാലം പ്രത്യേകതകൾ

ആലപ്പുഴ : സംസ്ഥാന സർക്കാരിന്‍റെ ഭരണമികവിൽ പൊൻതൂവലായി വിശേഷിപ്പിക്കപ്പെടുന്ന നിർമാണ പദ്ധതികളിൽ ഒന്നാണ് ആലപ്പുഴ-കൊല്ലം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വലിയഴീക്കൽ പാലം. 2016ൽ നിർമാണം ആരംഭിച്ച പാലത്തിന് സംസ്ഥാനത്തെ മറ്റ് പ്രവൃത്തികളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രത്യേകതകൾ ഏറെയാണ്. ഏഷ്യയിൽ ഏറ്റവും നീളമുള്ള ടെൻഷൻ സ്റ്റീൽ ബാർ കോൺക്രീറ്റ് ബോസ്‌ട്രിങ് പാലമാണ് ഇത്. ചൈനയിലെ 1741 മീറ്റർ നീളമുള്ള ചാ‍വോതിയാൻമെൻ (Chaotianmen) പാലം കഴിഞ്ഞാൽ ഏഷ്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ ബോസ്‌ട്രിങ് പാലവുമാണ് വലിയഴീക്കലേത്. തെക്കനേഷ്യയിലെ ഒന്നാമത്തെയും.

പ്രത്യേകതകൾ ഏറെ

ഒറ്റ സ്‌പാനിന്‍റെ നീളത്തിന്‍റെ കാര്യത്തിൽ തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ കോൺക്രീറ്റ് ആർച്ച് സ്‌പാനുള്ള പാലമാണ് വലിയഴീക്കൽ പാലം. ആകെയുള്ള 29 സ്‌പാനുകളിൽ അഴിമുഖത്തിന് മുകളിൽ വരുന്ന നടുവിലെ മൂന്ന് സ്‌പാനുകൾ 110 മീറ്റർ വീതം ഉള്ളതാണ്. ഒറ്റ ലൈൻ മാത്രമുള്ള റെയിൽവേയുടെ 97.552 മീറ്റർ നീളമുള്ള ഗോദാവരി പാലത്തിനായിരുന്നു ഇതുവരെ ഈ സ്ഥാനം. ഹിമാചലിൽ പാർവതി നദിക്ക് കുറുകെയുള്ള ജിയാ പാലമാണ് ഇന്ത്യയിൽ ഇതിലും വലിയ ബോസ്‌ട്രിങ് സ്‌പാനുള്ള പാലം. 120 മീറ്ററാണ് അതിന്‍റെ സ്‌പാനിന്‍റെ നീളം.

ചൈനയിൽ ഇതിലും വലിയ ബോസ്‌ട്രിങ് സ്‌പാനുകൾ നിർമിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം സ്റ്റീലോ കോൺക്രീറ്റ് നിറച്ച സ്റ്റീൽ റ്റ്യൂബോ (CFST) കൊണ്ടുള്ളവയാണ്, കൂടാതെ നദിക്ക് കുറുകെയുമാണ്. ടെൻഷൻ സ്റ്റീൽ ബാർ കോൺക്രീറ്റ് കൊണ്ട് നിർമിക്കപ്പെട്ടത് എന്നതും കടലിലാണ് (അഴിമുഖത്ത്) എന്നതും പരിഗണിച്ചാൽ വലിയഴീക്കലേത് ഇത്തരത്തിൽ ഒന്നാമത്തേതാകും.

വലിയഴീക്കൽ പാലം ; പ്രത്യേകതകൾ ഏറെ, പ്രാധാന്യവും

വലിയ ബോട്ടുകൾക്ക് കടന്നുപോകാൻ കഴിയുന്ന നിർമാണം

വലിയ ബോട്ടുകൾക്കടക്കം പോകാൻ കഴിയുന്ന തരത്തിൽ 12 മീറ്റർ ഉയരത്തിലാണ് ഈ വലിയ സ്‌പാനുകൾ. കായലിലുള്ള ഫിഷിങ് ഹാർബറുകളിലേക്ക് വലിയവയടക്കം ധാരാളം ബോട്ടുകൾ ഒരേസമയം വന്നുപോകേണ്ടതിനാലാണ് ഇത്ര അകലത്തിലുള്ള തൂണുകളിൽ ഇത്രയും ഉയരത്തിൽ പാലം നിർമിച്ചിരിക്കുന്നത്. സ്ലാബിന്‍റെ കനവും ചേർത്ത് വെള്ളത്തിൽ നിന്ന് 15 മീറ്ററാണ് മുകൾപ്പരപ്പിന്‍റെ ഉയരം. ആർച്ച് 21 മീറ്റർ.

എല്ലാമടക്കം 36 മീറ്ററാണ് നിർമിതിയുടെ ആകെ പൊക്കം. ഇത്ര ഉയരത്തിലെ ആർച്ചുകളിൽ സ്‌പാനുകൾ തൂങ്ങിനിൽക്കുന്നത് സവിശേഷ കാഴ്‌ചയാണ്. ഇംഗ്ലണ്ടിലെ പേരുകേട്ട മക് അലോയ്‌ കമ്പനിയുടെ ടെൻഷൻ റോഡുകളിലാണ് സ്‌പാനുകൾ ഘടിപ്പിച്ചിരിക്കുന്നത്. സാൻ ഫ്രാൻസിസ്‌കോയിലെ ലോകപ്രസിദ്ധവും അതിസുന്ദരവുമായ ഗോൾഡൻ ഗേറ്റ് പാലത്തിന്‍റെ നിറമായ ഇന്‍റർനാഷണൽ ഓറഞ്ചും ക്രീമും ആണ് പാലത്തിന് നൽകിയിട്ടുള്ളത്.

കടലിനും കായലിനും സമാന്തരം

കടലിനും കായം‌കുളം കായലിനും സമാന്തരമായാണ് പാലം. പാലത്തിൽ നിന്ന് കാഴ്‌ച കാണാൻ പാലത്തിന്‍റെ നടുവിലെ മൂന്ന് സ്‌പാനിലും ഇരുവശത്തും 2.2 മീറ്റർ‌ വീതം നടപ്പാത ഒരുക്കിയിട്ടുണ്ട്. ഫുട്‌പാത്തിനും റോഡിനും ഇടയിലെ ക്രാഷ് ബാരിയറും ഹാൻഡ് റെയിൽസും എല്ലാമടക്കം അവിടെ പാലത്തിന്‍റെ ആകെ വീതി 13.2 മീറ്ററാണ്. ബാക്കിസ്ഥലത്ത് നടപ്പാത 1.6 മീറ്ററാണ്. വീതി 11.4 മീറ്ററും. വാഹനവഴി 7.5 മീറ്ററാണ്. അപ്രോച്ച് റോഡ് അടക്കം നിർമിതിയുടെ ആകെ നീളം 1260 മീറ്റർ.

സർക്കാർ നിർമാണരീതിയിൽ കലാത്മകതയ്ക്കും ടൂറിസം മൂല്യത്തിനും മുന്തിയ പരിഗണന നൽകാനുള്ള സർക്കാർ നയത്തിന്‍റെ വിളംബരമാണ് വലിയഴീക്കൽ പാലത്തിന്‍റെ രൂപകല്‍പ്പന. പാലത്തിൽ ഉടനീളം എൽഇ‌ഡി ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. നൈറ്റ് ടൂറിസം സാധ്യത പരിഗണിച്ച് പ്രത്യേക ദീപവിതാനവും അധികൃതർ ആലോചിക്കുന്നുണ്ട്.

25 കിലോമീറ്റർ ലാഭം

തീരദേശ ഹൈവേയിൽപ്പെടുന്ന ഈ പാലത്തിന്‍റെ പണി തീർന്നതോടെ ഈ പാതയിലെ മുറിഞ്ഞുകിടന്ന കണ്ണി ചേർക്കപ്പെട്ടു. പാലം‌കൊണ്ട് ഇരുജില്ലയിലെയും ജനങ്ങൾക്കുള്ള ലാഭം 25 കിലോമീറ്ററാണ്. വലിയഴീക്കൽ ഹയർ സെക്കൻഡറി സ്‌കൂളിലേക്കും ഡീംഡ് റ്റു ബി യൂണിവേഴ്‌സിറ്റിയിലേക്കും മറുകരയിലെ കുട്ടികൾക്കും അധ്യാപകർക്കും, പായുന്ന ബോട്ടുകൾക്കിടയിലൂടെയുള്ള ആപത്കരമായ തോണിയാത്ര ഇനി വേണ്ട.

ഡോ. പി.കെ അരവിന്ദന്‍റെ രൂപകൽപ്പന

ഇത്രയും ഭംഗിയുള്ള പ്രദേശത്ത് ഇങ്ങനെയൊരു പാലം രൂപകൽപ്പന ചെയ്യാൻ കണ്ടെത്തിയത് രൂപകൽപനാരംഗത്തെ വിഖ്യാതനായ മദിരാശി ഐഐടി പ്രൊഫസർ ഡോ. പി.കെ അരവിന്ദനെയാണ്. എന്നാൽ തന്‍റെ രൂപകൽപനാചാതുരിയിൽ ഉരുവം‌കൊണ്ട വാസ്‌തുശിൽപം പൂർത്തിയായി കാണാൻ അദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പില്ല. അദ്ദേഹത്തിന്‍റെ അവസാനത്തെ രൂപകൽപനയാണ് ഈ പാലം. രോഗബാധിതനായിരുന്ന അദ്ദേഹം ഈ രൂപകൽപന കഴിയവേ മരിക്കുകയായിരുന്നു.

അതിമനോഹരമായി പാലം നിർമിച്ചത് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ്. ഗുണമേന്മയും സമയക്ലിപ്‌തതയും ഉറപ്പാക്കാൻ പണി ഊരാളുങ്കലിനെ ഏൽപിക്കണമെന്ന് ആവശ്യപ്പെട്ട് ഹരിപ്പാട് മണ്ഡലം എം‌എൽഎ രമേശ് ചെന്നിത്തല സർക്കാരിന് കത്ത് നൽകിയിരുന്നു. പിന്നാലെ വന്ന പിണറായി സർക്കാർ ഫണ്ടും അനുവദിച്ചു.

നിർമാണത്തിലെ വെല്ലുവിളികൾ

ഒരുവശത്ത് കടൽ ആയതിനാൽ ഏറെ ബുദ്ധിമുട്ട് നേരിട്ടാണ് പാലം പണിതത്. ഭാവിയിൽ തുറമുഖം വരാനുള്ള സാധ്യത പരിഗണിച്ച് രണ്ട് തൂണിനിടയിൽ 100 മീറ്റർ അകലവും ജലനിരപ്പിൽനിന്ന് 12 മീറ്റർ ഉയരവും വേണമെന്ന ചട്ടം പാലിച്ച് തുറമുഖ വകുപ്പിന്‍റെ അംഗീകാരം നേടിയിരുന്നു. ശക്തിയായ കടൽക്കാറ്റിനെ വെല്ലുവിളിച്ച് ആർച്ച് അടക്കമുള്ള 36 മീറ്റർ ഉയരത്തിലെ പണി ആപത്കരമായിരുന്നു.

ഈ സാഹചര്യത്തില്‍ എല്ലാ ആധുനിക സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കിയിരുന്നു. ഉയരത്തിൽ പണി ചെയ്‌ത് വൈദഗ്‌ധ്യമുള്ളവരെ നിയോഗിച്ചു. അത്രയും ഉയരത്തിൽ എത്തേണ്ട ക്രെയിനുകൾ, ജലോപരിതലത്തിൽ പ്രവർത്തിക്കുന്ന ക്രെയിനുകൾ ഒക്കെ ഉപയോഗിച്ചു. കായലിൽ ഇരുവശത്തും ഹാർബർ ഉള്ളതിനാൽ കടലിൽ നിന്നുള്ള യാനങ്ങൾക്ക് വന്നുപോകാൻ ഒരു സ്‌പാൻ എങ്കിലും തുറന്നിട്ടുകൊണ്ടേ പണിയാനാകുമായിരുന്നുള്ളൂ.

അതിനാൽ ഇരുവശത്തെയും സ്‌പാനുകളുടെ പണി പൂർണമായും തീർത്തിട്ടാണ് നടുവിലേത് പണിതത്. ഈ സമയമെല്ലാം ബോട്ടുകളുടെ ഗതാഗതം തിരിച്ചുവിടാൻ കടലിൽ സിഗ്നലുകളും ദിശമാറ്റൽ ബോർഡുകളുമെല്ലാം സ്ഥാപിച്ച് ഗതാഗത നിയന്ത്രണം നടപ്പാക്കിയത് വലിയ വെല്ലുവിളി ആയിരുന്നു. ഇവയെല്ലാം അതിജീവിച്ചാണ് പാലം യാഥാർഥ്യമാക്കിയിരിക്കുന്നത്.

കൊവിഡും ഓഖിയും വെല്ലുവിളികൾ സൃഷ്‌ടിച്ചെങ്കിലും നിർമാണ പ്രവർത്തനങ്ങൾക്ക് മുടക്കം സംഭവിച്ചില്ല. 2018ലെയും 2019ലെയും പ്രളയങ്ങളിലും പണി താത്കാലിക സംവിധാനങ്ങൾ കണ്ടെത്തി തുടർന്നിരുന്നു. കടൽക്ഷോഭത്തെയും തൊഴിലാളി തർക്കങ്ങളെയും ഒരുപോലെ അതിജീവിച്ചാണ് നിർമാണം പൂർത്തിയാക്കിയത്.

ടൂറിസം പ്രാധാന്യം

ആലപ്പുഴ ജില്ലയുടെ തെക്കേയറ്റത്തെ കടലോര ഗ്രാമമായ ആറാട്ടുപുഴയും കൊല്ലം ജില്ലയുടെ വടക്കേയറ്റത്തെ തീരഗ്രാമമായ ആലപ്പാടും സ്വതവേ പ്രകൃതിസുന്ദരമാണ്. ആ ചുറ്റുവട്ടത്തൊക്കെ ഉള്ളവർ പോയി കാഴ്‌ചകാണുകയും കാറ്റുകൊള്ളുകയും ചെയ്യാറുള്ള ബീച്ചുകൾ ഇരുവശത്തുമുണ്ട്.

കേരളത്തിൽ ആദ്യത്തെ പഞ്ചഭുജ രൂപത്തിലുള്ള ലൈറ്റ് ഹൗസ് വലിയഴീക്കലിലാണ്. ഈ പുതിയ ലൈറ്റ് ഹൗസിന് പുതിയ നിറക്കൂട്ടാണുള്ളത്. പാലത്തോടുചേർന്ന കാറ്റാടി മരക്കാടും തൊട്ടടുത്ത ആയിരം‌തെങ്ങിലെ കണ്ടൽപ്പാർക്കും സംസ്ഥാന സർക്കാരിന്‍റെ ഫിഷ് ഫാമും അഴീക്കലിലെയും വലിയഴീക്കലിലെയും ഫിഷിങ് ഹാർബറുകളും ഒക്കെ വിനോദയാത്രികരെ ആകർഷിക്കുന്നവയാണ്.

കായം‌കുളം കായലിന്‍റെ വടക്കുഭാഗം ആറാട്ടുപുഴ പഞ്ചായത്തിനെ രണ്ടായി പകുത്താണ് കിടക്കുന്നത്. കടലിനും കായലിനും ഇടയിൽ നേർത്ത കരയും. പാലത്തിന്‍റെ തെക്കുഭാഗത്തുള്ള കായലും മനോഹരമാണ്. ചീനവലകളും നല്ല കാഴ്‌ചയാണ്. അഴീക്കലിലും വലിയഴീക്കലിലും ബീച്ച് ടൂറിസ സാധ്യതയുണ്ട്.

കൊല്ലം–ആലപ്പുഴ ബോട്ട് സർവീസും ഇപ്പോൾ വിനോദവഞ്ചികളും കടന്നുപോകുന്ന ദേശീയ ജലപാതകൂടിയാണ് ഇവിടം. മീൻപിടിത്തവും കയർപിരിയുമൊക്കെയായി ബന്ധപ്പെടുത്തി ഉത്തരവാദിത്വ ടൂറിസത്തിനും സാധ്യതയുണ്ട്. പുറത്തുനിന്ന് ആളുകൾ എത്തുന്ന അമൃതാനന്ദമയീമഠവും അമൃത ഡീംഡ് റ്റുബി യൂണിവേഴ്‌സിറ്റിയുമൊക്കെ സമീപസ്ഥലമായ വള്ളിക്കാവിൽ ഉണ്ട്.

കായം‌കുളം കായലിൽ സമീപകാലത്ത് തുടങ്ങിയ വള്ളം‌കളിയും അവിടെയുള്ള മത്സ്യകന്യകയുടെ ശിൽപവുമൊക്കെ ടൂറിസത്തിന് സഹായകമാണ്. ഇത്തരം സാധ്യതകളെല്ലാം കണക്കിലെടുത്ത് ഗതാഗത സൗകര്യത്തിനും തീരദേശ വികസനത്തിനും മുതൽക്കൂട്ടാവുന്ന വലിയഴീക്കൽ പാലം പൂർത്തിയാക്കിയത് തീരദേശ ജനതയുടെ ചിരകാല ആവശ്യത്തിന്‍റെ സാക്ഷാത്കാരമായി.

Also Read: വലിയഴീക്കല്‍ പാലം ; ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് മുഹമ്മദ് റിയാസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.