ETV Bharat / sports

സിംഗപ്പൂർ ഓപ്പൺ: ശ്രീകാന്തിന് വിജയത്തുടക്കം, സിന്ധുവിനും പ്രണോയ്‌ക്കും നിരാശ

author img

By

Published : Jun 6, 2023, 6:35 PM IST

Singapore Open  Singapore Open 2023  Kidambi Srikanth  PV Sindhu  HS Prannoy  സിംഗപ്പൂർ ഓപ്പൺ  കിഡംബി ശ്രീകാന്ത്  പിവി സിന്ധു  എച്ച്എസ് പ്രണോയ്
സിംഗപ്പൂർ ഓപ്പൺ: ശ്രീകാന്തിന് വിജയത്തുടക്കം

സിംഗപ്പൂർ ഓപ്പൺ ബാഡ്‌മിന്‍റണ്‍ ടൂർണമെന്‍റിൽ വനിത സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യനായ ഇന്ത്യയുടെ പിവി സിന്ധു ആദ്യ റൗണ്ടില്‍ തോറ്റ് പുറത്ത്.

സിംഗപ്പൂർ: സിംഗപ്പൂർ ഓപ്പൺ സൂപ്പർ 750 ബാഡ്‌മിന്‍റണ്‍ ടൂർണമെന്‍റിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് വിജയ തുടക്കം കുറിച്ചപ്പോള്‍ പിവി സിന്ധുവും എച്ച്എസ് പ്രണോയിയും ആദ്യ റൗണ്ടിൽ തോല്‍വി വഴങ്ങി പുറത്തായി. പുരുഷ സിംഗിൾസിന്‍റെ ആദ്യ റൗണ്ടിൽ തായ്‌ലൻഡിന്‍റെ വാങ്‌ചറോയനെയാണ് 2021-ലെ ലോക ചാമ്പ്യൻഷിപ്പ് വെള്ളി മെഡൽ ജേതാവായ ശ്രീകാന്ത്‌ തോല്‍പ്പിച്ചത്.

ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കായിരുന്നു ശ്രീകാന്തിന്‍റെ വിജയം. സ്‌കോര്‍: 21-15, 21-19. രണ്ടാം റൗണ്ടില്‍ ചൈനീസ് തായ്‌പേയിയുടെ ചിയാ ഹാവോ ലീയാണ് ഇന്ത്യന്‍ താരത്തിന്‍റെ എതിരാളി. റിസർവ്സിൽ നിന്ന് മെയിൻ ഡ്രോയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചതിന് ചിയാ ഹാവോ ആദ്യ റൗണ്ടില്‍ ജപ്പാന്‍റെ കെന്‍റാ നിഷിമോട്ടോയെ തോൽപ്പിച്ചാണ് എത്തുന്നത്.

പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ പ്രിയാൻഷു രജാവത്തും രണ്ടാം റൗണ്ടില്‍ കടന്നു. ഓർലിയൻസ് മാസ്റ്റേഴ്‌സ് ജേതാവായ പ്രിയാൻഷു രജാവത്ത് ജപ്പാന്‍റെ കാന്ത സുനേയാമയെയാണ് കീഴടക്കിയത്. ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്ക് 21-12, 21-15 എന്ന സ്‌കോറിനാണ് മധ്യപ്രദേശിൽ നിന്നുള്ള 21-കാരൻ വിജയം നേടിയത്. ജപ്പാന്‍റെ ലോക നാലാം നമ്പർ താരം കൊടൈ നരോക്കയോണ് അടുത്ത റൗണ്ടില്‍ പ്രിയാൻഷുവിന്‍റെ എതിരാളി.

പ്രണോയ്ക്ക് ഞെട്ടല്‍: മലേഷ്യ മാസ്റ്റേഴ്‌സിലൂടെ തന്‍റെ കന്നി ബിഡബ്ല്യുഎഫ് കിരീടം നേടിയതിന്‍റെ ആത്മവിശ്വസത്തില്‍ കളിക്കാനിറങ്ങിയ മലയാളി താരം എച്ച്എസ്‌ പ്രണോയിയെ ജപ്പാന്‍റെ യങ്‌ നരോക്കയാണ് വീഴ്‌ത്തിയത്. ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് മൂന്നാം സീഡായ ജാപ്പനീസ് താരം വിജയം നേടിയത്. സ്‌കോര്‍: 15-21, 19-21.

പൊരുതി തോറ്റ് സിന്ധു: വനിത സിംഗിള്‍സില്‍ ലോക ഒന്നാം നമ്പറായ ജപ്പാന്‍റെ അകാനെ യമാഗുച്ചിയോടാണ് നിലവിലെ ചാമ്പ്യനായ പിവി സിന്ധു തോല്‍വി വഴങ്ങിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ജപ്പാന്‍ താരം മത്സരം പിടിച്ചത്. ഇരുവരും തമ്മിലുള്ള പോരാട്ടം ഒരു മണിക്കൂറിലേറെ നീണ്ടു നിന്നു. കടുത്ത പോരാട്ടത്തിനൊടുവില്‍ ആദ്യ സെറ്റ് സ്വന്തമാക്കാന്‍ സിന്ധുവിന് കഴിഞ്ഞിരുന്നു.

എന്നാല്‍ തുടര്‍ന്നുള്ള രണ്ട് സെറ്റുകളും പിടിച്ച യമാഗുച്ചി ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. സ്‌കോര്‍: 21-18, 19-21, 17-21. അതേസമയം കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കണങ്കാലിന് ഏറ്റ പരിക്കില്‍ നിന്നും സുഖം പ്രാപിച്ച സിന്ധു പതിയെ തന്‍റെ മികവിലേക്ക് തിരിച്ചെത്തുകയാണ്.

മാഡ്രിഡ് സ്‌പെയിൻ മാസ്റ്റേഴ്‌സിലും മലേഷ്യ മാസ്റ്റേഴ്‌സിലും യഥാക്രമം ഫൈനലും സെമിഫൈനലിലും എത്താന്‍ താരത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്‌ച നടന്ന തായ്‌ലൻഡ് ഓപ്പണിന്‍റെ ആദ്യ റൗണ്ടില്‍ തന്നെ താരം പുറത്തായിരുന്നു.

വനിത സിംഗിള്‍സിലെ മറ്റ് ആദ്യ റൗണ്ട് മത്സരങ്ങളില്‍ ഇന്ത്യയുടെ സൈന നെഹ്‌വാൾ, ആകർഷി കശ്യപ് എന്നിവരും തോല്‍വി വഴങ്ങി. ലണ്ടൻ ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവായ സൈന നെഹ്‌വാൾ മുൻ ലോക ചാമ്പ്യനായ തായ്‌ലൻഡിന്റെ രത്‌ചനോക്ക് ഇന്‍റനോണിനോടാണ് കീഴടങ്ങിയത്. സ്‌കോര്‍: 13-21, 15-21. തായ്‌ലന്‍ഡിന്‍റെ തന്നെ സുപനിദയോടാണ് ആകർഷി കശ്യപ് തോല്‍വി വഴങ്ങിയത്. സ്‌കോര്‍: 21-17 21-9.

ALSO READ: 'ഓ ഹീറോ'; റിങ്കുവിന്‍റെ സിക്‌സ് പാക്ക് ചിത്രത്തിന് കമന്‍റുമായി ഷഹ്‌നീൽ ഗില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.