ETV Bharat / sports

Premier League | നോട്ടിങ്‌ഹാം ഫോറസ്റ്റിനെതിരെ ജയിച്ച് തുടങ്ങി ആഴ്‌സണല്‍ ; ചെല്‍സിയും ലിവര്‍പൂളും ഇന്ന് നേര്‍ക്കുനേര്‍

author img

By

Published : Aug 13, 2023, 10:29 AM IST

Premier League  Arsenal  Chelsea  Liverpool  Nottingham Forest  Eddie Nketiah  Bukayo Saka  പ്രീമിയര്‍ ലീഗ്  ആഴ്‌സണല്‍  ചെല്‍സി  ലിവര്‍പൂള്‍  ബുകായോ സാക്ക  എഡി എന്‍കെറ്റിയ
Premier League

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ആഴ്‌സണലിന് ജയം. നോട്ടിങ്‌ഹാം ഫോറസ്റ്റിനെ ആഴ്‌സണല്‍ തകര്‍ത്തത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ (Premier League) കൈവിട്ട കിരീടം തിരികെ പിടിക്കാനുള്ള യാത്ര ജയത്തോടെ തുടങ്ങി ആഴ്‌സണല്‍ (Arsenal). 2023-24 സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ നോട്ടിങ്‌ഹാം ഫോറസ്‌റ്റിനെയാണ് (Nottingham Forest) പീരങ്കിപ്പട തോല്‍പ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ആഴ്‌സണലിന്‍റെ ജയം.

എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എഡി എന്‍കെറ്റിയ (Eddie Nketiah), ബുകായോ സാക്ക (Bukayo Saka) എന്നിവരാണ് ആതിഥേയരായ ആഴ്‌സണലിനായി ഗോള്‍ നേടിയത്. തൈവോ അവൊനിയിയുടെ (Taiwo Awoniyi) വകയായിരുന്നു സന്ദര്‍ശകരുടെ ആശ്വാസ ഗോള്‍.

മത്സരത്തിന്‍റെ 26-ാം മിനിട്ടില്‍ എന്‍കെറ്റിയയിലൂടെ ആഴ്‌സണലാണ് ആദ്യം ലീഡ് പിടിച്ചത്. മാര്‍ട്ടിനെല്ലിയുടെ മുന്നേറ്റത്തില്‍ നിന്ന് പാസ് സ്വീകരിച്ച എന്‍കെറ്റിയ തകര്‍പ്പന്‍ ഫിനിഷിങ്ങിലൂടെ പന്ത് നോട്ടിങ്‌ഹാം വലയിലെത്തിക്കുകയായിരുന്നു. പിന്നാലെ, സാക്കയിലൂടെ അവര്‍ മത്സരത്തിലെ രണ്ടാം ഗോളും നേടി.

32-ാം മിനിട്ടിലായിരുന്നു സാക്കയുടെ ഗോള്‍ പിറന്നത്. ബോക്‌സിന് പുറത്തുനിന്നും ഇടം കാല്‍ കൊണ്ട് പായിച്ച ഷോട്ടിലൂടെയായിരുന്നു സാക്ക ഗോള്‍ നേടിയത്. ഈ രണ്ട് ഗോളുകളുമായി ഒന്നാം പകുതി അവസാനിപ്പിക്കാന്‍ ആഴ്‌സണലിന് സാധിച്ചിരുന്നു.

രണ്ടാം പകുതിയില്‍ ലീഡുയര്‍ത്താനുള്ള ആഴ്‌സണലിന്‍റെ നീക്കങ്ങളൊന്നും ഫലം കണ്ടില്ല. 82-ാം മിനിട്ടില്‍ തൈവോ അവൊനിയിലൂടെ നോട്ടിങ്‌ഹാം ഫോറസ്റ്റ് ആശ്വാസ ഗോള്‍ നേടി. ഓഗസ്റ്റ് 22ന് ക്രിസ്റ്റല്‍ പാലസിനെതിരായാണ് ആഴ്‌സണലിന്‍റെ രണ്ടാം മത്സരം.

അഞ്ചടിച്ച് ന്യൂകാസില്‍ യുണൈറ്റഡ്: പ്രീമിയര്‍ ലീഗ് 2023-24 സീസണിലെ ആദ്യ മത്സരത്തില്‍ ന്യൂകാസില്‍ യുണൈറ്റഡിന് (Newcastle United) ജയം. ആസ്റ്റണ്‍ വില്ലയ്‌ക്കെതിരായ മത്സരത്തില്‍ 5-1നാണ് ന്യൂകാസില്‍ ജയം പിടിച്ചത്. സെന്‍റ് ജെയിംസ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയെ (Aston Villa) നിഷ്‌പ്രഭമാക്കാന്‍ ന്യൂകാസിലിനായിരുന്നു.

ആറാം മിനിട്ട് മുതലാണ് ന്യൂകാസില്‍ യുണൈറ്റഡ് ഗോള്‍ വേട്ട തുടങ്ങിയത്. സാൻഡ്രോ ടോനാലിയായിരുന്നു (Sandro Tonali) ആദ്യം എമിലിയാനോ മാര്‍ട്ടിനെസിനെ മറികടന്ന് ന്യൂകാസിലിന് ലീഡ് സമ്മാനിച്ചത്. പിന്നാലെ 11-ാം മിനിട്ടില്‍ മൂസ ഡയബി (Moussa Diaby) ആസ്റ്റണ്‍ വില്ലയ്‌ക്ക് സമനില സമ്മാനിച്ചു.

തുടര്‍ന്നായിരുന്നു എതിര്‍ വലയിലേക്ക് ആതിഥേയരുടെ കടന്നാക്രമണം. 16-ാം മിനിട്ടില്‍ അലക്‌സാണ്ടർ ഇസക്കിലൂടെ (Alexander Isak) ന്യൂകാസില്‍ ലീഡുയര്‍ത്തി. തുടര്‍ന്ന് ആദ്യ പകുതിയില്‍ ഗോളൊന്നും കണ്ടെത്താന്‍ ഇരു ടീമുകള്‍ക്കുമായില്ല.

58-ാം മിനിട്ടില്‍ ഇസാക്കിലൂടെ ന്യൂകാസില്‍ ലീഡുയര്‍ത്തി. 77-ാം മിനിട്ടിലായിരുന്നു അവരുടെ നാലാം ഗോള്‍. കാളം വിൽസണായിരുന്നു (Callum Wilson) ഗോള്‍ സ്‌കോറര്‍. ഇഞ്ചുറി ടൈമില്‍ ഹാർവി ബാൺസാണ് (Harvey Barnes) ന്യൂകാസില്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്.

മറ്റ് മത്സരങ്ങളില്‍ ഫുള്‍ഹാം എവര്‍ട്ടണെയും ക്രിസ്റ്റല്‍ പാലസ് ഷെഫീല്‍ഡ് യുണൈറ്റഡിനെയും ബ്രൈറ്റണ്‍ ലൂട്ടണ്‍ ടൗണിനെയും പരാജയപ്പെടുത്തി. ബോൺമൗത്ത് വെസ്റ്റ് ഹാം മത്സരം സമനിലയിലാണ് കലാശിച്ചത്. അതേസമയം, സീസണിലെ ആദ്യ മത്സരത്തിനിറങ്ങുന്ന ചെല്‍സിയും ലിവര്‍പൂളും ഇന്ന് പരസ്‌പരം ഏറ്റുമുട്ടും.

ചെല്‍സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജില്‍ ഇന്ത്യന്‍ സമയം രാത്രി 9 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ ടോട്ടന്‍ഹാം ബ്രെന്‍റ്‌ഫോര്‍ഡിനെ നേരിടും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.