ETV Bharat / sports

ISL| ആക്രമണം പാളി, നിര്‍ണായക മത്സരത്തില്‍ ചെന്നൈയിന് മുന്നില്‍ വീണ് എഫ്‌സി ഗോവ

author img

By

Published : Feb 17, 2023, 7:29 AM IST

indian super league  fc goa  chennaiyin fc  fc goa vs chennaiyin fc  ISL  ISL point table  ISL play off  എഫ്‌സി ഗോവ  എഫ്‌സി ഗോവ ചെന്നൈയിന്‍  ക്വാമ കരിക്കാരി  ഇന്ത്യന്‍ സൂപ്പര്‍ ലീഗ്  ഗോവ പ്ലേ ഓഫ്  കേരള ബ്ലാസ്‌റ്റേഴ്‌സ്  ചെന്നൈയിന്‍ എഫ്‌സി  മറീന മച്ചാന്‍സ്
ISL

ക്വാമ കരിക്കാരിയുടെ ഇരട്ട ഗോളുകള്‍ക്ക് മറുപടിയായി ഒരെണ്ണം മാത്രമേ മറീന മച്ചാന്‍സിന്‍റെ വലയിലെത്തിക്കാന്‍ ഗോവയ്‌ക്ക് സാധിച്ചുള്ളു. ഈ തോല്‍വി, നിലവില്‍ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനക്കാരായ എഫ്‌സി ഗോവയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്കും കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.

പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്‌സി ഗോവയുടെ പ്ലേ ഓഫ്‌ സ്വപ്‌നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ച് ചെന്നൈയിന്‍ എഫ്‌സി. പ്ലേ ഓഫ് പ്രതീക്ഷകളുമായി ഹോം ഗ്രൗണ്ടിലിറങ്ങിയ ഗോവയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് മറീന മച്ചാന്‍സ് തകര്‍ത്തത്. ഇരട്ടഗോളടിച്ച ക്വാമ കരിക്കാരിയുടെ മികവിലായിരുന്നു ചെന്നൈയിന്‍ ജയം പിടിച്ചത്.

ജയം മാത്രം ലക്ഷ്യമിട്ടായിരുന്നു ഗോവ തങ്ങളുടെ ഹോം ഗ്രൗണ്ടായ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ പന്തുതട്ടാന്‍ ഇറങ്ങിയത്. അതുകൊണ്ട് തന്നെ സ്ഥിരം ആക്രമണ ശൈലിക്ക് അല്‍പം കൂടി മൂര്‍ച്ച കൂട്ടിയാണ് കളിയാരംഭിച്ചത്. എന്നാല്‍ ആക്രമണം നടത്തിയത് ഗോവ ആയിരുന്നെങ്കിലും ആദ്യ ഗോള്‍ നേടിയത് ചെന്നൈയിന്‍ എഫ്‌സിയാണ്.

മത്സരത്തിന്‍റെ പത്താം മിനിട്ടിലാണ് സന്ദര്‍ശകര്‍ ആതിഥേയരെ ഞെട്ടിച്ചത്. വിന്‍സി ബറാറ്റോയുടെ പാസില്‍ നിന്നായിരുന്നു ക്വാമ ഗോളടിച്ചത്. ആദ്യ ഗോള്‍ വഴങ്ങിയതിന് പിന്നലെ തിരിച്ചടിക്കാനായി ഗോവ കിണഞ്ഞ് പരിശ്രമിച്ചു. പക്ഷെ ഫിനിഷിങ്ങിലെ പോരായ്‌മ ടീമിന് തിരിച്ചടിയായി. പത്താം മിനിട്ടില്‍ നേടിയ ഗോളിന്‍റെ ലീഡില്‍ ചെന്നൈക്കൊപ്പമായിരുന്നു മത്സരത്തിന്‍റെ ആദ്യ പകുതി. രണ്ടാം പകുതി തുടങ്ങി അഞ്ച് മിനിട്ടിനുള്ളില്‍ തന്നെ സമനില പിടിക്കാന്‍ ഗോവയ്‌ക്കായി. 49-ാം മിനിട്ടില്‍ നോവ സദോയിയുടെ വകയായിരുന്നു ഗോള്‍.

ഗോവയുടെ വിശ്വസ്തനായ മധ്യനിര താരം എഡു ബേഡിയ ആയിരുന്നു ഗോളിന് വഴിയൊരുക്കിയത്. എന്നാല്‍ 72-ാം മിനിട്ടില്‍ ചെന്നൈ വീണ്ടും ലീഡെഡുത്തു. ഇത്തവണ തങ്ങള്‍ക്ക് അനുകൂലമായി കിട്ടിയ പെനാല്‍റ്റി ക്വാമ കൃത്യമായി ലക്ഷ്യത്തിലെത്തിക്കുകായിരുന്നു. എഡു ബേഡിയ നല്‍കിയ മൈനസ് പാസ് ചെന്നൈയിന്‍ താരം അനിരുദ്ധ് ഥാപ്പയിലേക്ക് എത്താതിരിക്കാന്‍ ഗോള്‍ കീപ്പര്‍ ധീരജ് സിങ് നടത്തിയ ശ്രമമാണ് ഫൗളായത്. ഇതേതുടര്‍ന്നായിരുന്നു ചെന്നൈയിന് പെനാല്‍റ്റി ലഭിച്ചത്. അവസാന മിനിട്ടുകളില്‍ ചെന്നൈയിന്‍ പ്രതിരോധം കടുപ്പിച്ചതോടെ സമനില ഗോളടിക്കാനും സാധിക്കാതെ ഗോവയ്‌ക്ക് കളിയവസാനിപ്പിക്കേണ്ടി വന്നു.

നിലവില്‍ 19 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 27 പോയിന്‍റുമായി ആറാം സ്ഥാനത്താണ് എഫ്‌സി ഗോവ. ബെംഗളൂരുവിനെതിരെ ശ്രീകണ്‌ഠീരവയില്‍ ഫെബ്രുവരി 23-നാണ് ഗോവയുടെ അവസാന മത്സരം. ഈ മത്സരത്തില്‍ ജയം പിടിച്ചാല്‍ മാത്രമേ ടീമിന് ലീഗിന്‍റെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറാന്‍ സാധിക്കു. നിലവില്‍ 24 പോയിന്‍റുള്ള ചെന്നൈയിന്‍ എഫ്‌സിയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ നേരത്തെ തന്നെ അവസാനിച്ചതാണ്.

ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫില്‍: ചെന്നൈയിനോട് ഗോവ തോല്‍വി വഴങ്ങിയതിന് പിന്നാലെ കേരള ബ്ലാസ്‌റ്റേഴ്‌സ്, ബെംഗളൂരു എഫ്‌സി ടീമുകള്‍ക്ക് പ്ലേ ഓഫിലെത്താന്‍ സാധിച്ചിട്ടുണ്ട്. 18 മത്സരം കളിച്ച ബ്ലാസ്റ്റേഴ്‌സ് 31 പോയിന്‍റുമായി ലീഗ് ടേബിളില്‍ മൂന്നാം സ്ഥാനത്താണ്. ബ്ലാസ്റ്റേഴ്‌സിനേക്കാള്‍ ഒരു മത്സരം കൂടുതല്‍ കളിച്ച്‌ 31 പോയിന്‍റുള്ള ബെംഗളൂരുവാണ് നാലാം സ്ഥാനത്ത്. മുംബൈ സിറ്റി എഫ്‌സിയും നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാസ് എഫ്‌സിയും നേരത്തെ തന്നെ പ്ലേ ഓഫ് യോഗ്യത നേടിയരുന്നു. ഈ ടീമുകളാണ് പോയിന്‍റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.