ETV Bharat / sports

WTC Final | ആക്രമിച്ച് ഹെഡ്, പിന്തുണ നല്‍കി സ്‌മിത്ത്; ഇന്ത്യയ്‌ക്കെതിരെ ഓസീസ് മികച്ച നിലയിലേക്ക്

author img

By

Published : Jun 7, 2023, 11:04 PM IST

ഇന്ത്യയ്‌ക്ക് എതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്‍റെ ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 327 റണ്‍സ് ശക്തമായ നിലയില്‍

WTC Final  ind vs aus  ind vs aus score updates  Steven Smith  Travis Head  rohit sharma  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്  ഇന്ത്യ vs ഓസ്‌ട്രേലിയ  സ്റ്റീവ് സ്‌മിത്ത്  ട്രാവിസ് ഹെഡ്  Australia vs India first day highlights
ആക്രമിച്ച് ഹെഡ്, പിന്തുണ നല്‍കി സ്‌മിത്ത്

ഓവല്‍: ലോക ടെസ്റ്റ്‌ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഓസ്‌ട്രേലിയ ശക്തമായ നിലയിലേക്ക്. ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ 85 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 327 റണ്‍സ് എന്ന നിലയിയാണ് ഓസീസ്. സെഞ്ചുറി പിന്നിട്ട ട്രാവിസ് ഹെഡും (156 പന്തില്‍ 146*), സ്റ്റീവ്‌ സ്‌മിത്തുമാണ് (227 പന്തില്‍ 95*) പുറത്താവാതെ നില്‍ക്കുന്നത്.

ഇന്ത്യന്‍ പേസര്‍മാരായ മുഹമ്മദ് ഷമിയ്‌ക്കും മുഹമ്മദ് സിറാജിനും സ്വിങ്‌ ലഭിച്ചതോടെ ഓസീസ് ഓപ്പണര്‍മാരായ ഡേവിഡ് വാർണറും ഉസ്മാൻ ഖവാജയും പതിഞ്ഞാണ് തുടങ്ങിയത്. ഇതിന്‍റെ ഫലമായി നാലാം ഓവറിന്‍റെ നാലാം പന്തില്‍ ഇന്ത്യയ്‌ക്ക് ആദ്യ ബ്രേക്ക് ത്രൂ ലഭിച്ചു. ഉസ്മാൻ ഖവാജയെ അക്കൗണ്ട് തുറക്കാന്‍ അനുവദിക്കാതെ മുഹമ്മദ് സിറാജാണ് തിരിച്ച് കയറ്റിയത്.

10 പന്തുകള്‍ നേരിട്ട ഖവാജയെ വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരത് പിടികൂടുകയായിരുന്നു. ഷമിയുടെയും സിറാജിന്‍റെയും ആദ്യ സ്പെല്‍ കഴിഞ്ഞതോടെയാണ് ഓസീസ് പതിയെ സ്‌കോറിങ് തുടങ്ങിയത്. ശാര്‍ദുല്‍ താക്കൂറിനെ പ്രതിരോധിച്ച് കളിച്ച ഓസീസ് താരങ്ങള്‍ ഉമേഷ് യാദവിനെ കടന്നാക്രമിച്ചു. ഉമേഷിന്‍റെ ഒരോവറില്‍ നാല് ബൗണ്ടറികളാണ് വാര്‍ണര്‍ കണ്ടെത്തിയത്.

മൂന്നാം നമ്പറിലെത്തിയ മാർനസ് ലബുഷെയ്‌നൊപ്പം ടീമിനെ മുന്നോട്ട് നയിക്കവെ 22-ാം ഓവറിന്‍റെ നാലാം പന്തിലാണ് ഡേവിഡ് വാര്‍ണര്‍ വീണത്. 60 പന്തില്‍ 43 റണ്‍സെടുത്ത വാര്‍ണറെ ശാര്‍ദുര്‍ താക്കൂറിന്‍റെ പന്തില്‍ മികച്ച ഒരു ക്യാച്ചിലൂടെ ശ്രീകര്‍ ഭരത് കയ്യില്‍ ഒതുക്കുകയായിരുന്നു. പിന്നീട് ഒന്നിച്ച ലബുഷെയ്‌നും സ്റ്റീവ് സ്മിത്തും ചേര്‍ന്ന് ലഞ്ചിന് പിരിയുമ്പോള്‍ കൂടുതല്‍ വിക്കറ്റ് നഷ്‌ടമില്ലാതെ ഓസീസിനെ 73 റണ്‍സില്‍ എത്തിച്ചു.

ലഞ്ചിന് ശേഷം ലബുഷെയ്‌നെ സംഘത്തിന് നഷ്‌ടമായി. 62 പന്തില്‍ 26 റണ്‍സെടുത്ത താരത്തെ മുഹമ്മദ് ഷമി ബൗള്‍ഡാക്കുകയായിരുന്നു. തുടര്‍ന്നാണ് ട്രാവിസ് ഹെഡും സ്റ്റീവ്‌ സ്മിത്തും ചേര്‍ന്ന് ഓസീസിനെ മികച്ച നിലയിലേക്ക് നയിച്ചത്. ട്രാവിസ് ഹെഡ് ഏകദിന ശൈലിയില്‍ ബാറ്റ് വീശുകയും സ്‌മിത്ത് പിന്തുണ നല്‍കുകയും ചെയ്‌തതോടെ ഇന്ത്യന്‍ ബോളര്‍മാര്‍ വെള്ളം കുടിക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ ഇരുവരും 257* റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി.

ഇന്ത്യ (പ്ലേയിങ്‌ ഇലവൻ): രോഹിത് ശർമ (ക്യാപ്റ്റന്‍), ശുഭ്മാൻ ഗിൽ, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, ശ്രീകർ ഭരത് (ഡബ്ല്യു), രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

ഓസ്‌ട്രേലിയ (പ്ലേയിങ്‌ ഇലവൻ): ഡേവിഡ് വാർണർ, ഉസ്മാൻ ഖവാജ, മാർനസ് ലബുഷെയ്‌ന്‍, സ്റ്റീവൻ സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറൂൺ ഗ്രീൻ, അലക്‌സ് ക്യാരി (ഡബ്ല്യു), പാറ്റ് കമ്മിൻസ് (ക്യാപ്റ്റന്‍), മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, സ്‌കോട്ട് ബോലാൻഡ്.

ALSO READ: WTC Final| ഓവലില്‍ ഒന്നിച്ച്; നിര്‍ണായക നേട്ടത്തില്‍ രോഹിത്തും കമ്മിന്‍സും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.