ETV Bharat / sports

Watch: പരിക്ക് പറക്കുന്നു; സഹായമില്ലാതെ പടികൾ കയറി റിഷഭ്‌ പന്ത്

author img

By

Published : Jun 14, 2023, 6:44 PM IST

ആരുടെയും സഹായമില്ലാതെ ഏണിപ്പടികള്‍ കയറുന്ന വീഡിയോ ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ്‌ പന്ത്.

Rishabh Pant climbs stairs unassisted  Rishabh Pant  Rishabh Pant injury updates  Rishabh Pant video  റിഷഭ്‌ പന്ത് പടികൾ കയറുന്ന വീഡിയോ കാണാം  റിഷഭ്‌ പന്ത്  റിഷഭ്‌ പന്ത് ഇന്‍സ്റ്റഗ്രാം വീഡിയോ
സഹായമില്ലാതെ പടികൾ കയറി റിഷഭ്‌ പന്ത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ്‌ പന്തിന്‍റെ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കഴിഞ്ഞ വര്‍ഷം അവസാനത്തിലുണ്ടായ കാര്‍ അപകടത്തില്‍ ഗുരുതര പരിക്കേറ്റ താരം നിലവില്‍ സുഖം പ്രാപിച്ച് വരികയാണ്. കാലിന്‍റെ ലിഗമെന്‍റിനുള്‍പ്പെടെയായി വലിയ മൂന്ന് ശസ്ത്രക്രിയകൾക്ക് 25-കാരനായ പന്തിന് വിധേയനാവേണ്ടി വന്നിരുന്നു.

നിലവില്‍ വീട്ടില്‍ ഫിസിയോതെറാപ്പി അടക്കമുള്ള തുടര്‍ ചികിത്സകള്‍ക്ക് വിധേയനാവുകയാണ് താരം. തന്‍റെ ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ആരാധകര്‍ക്കായി റിഷഭ് പന്ത് ഇടയ്‌ക്കിടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കാറുണ്ട്. താരം ഇപ്പോള്‍ പങ്കുവച്ചിരിക്കുന്ന വീഡിയോ ആരാധകര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ്.

ആരുടെയും, ഒന്നിന്‍റെയും സഹായമില്ലാതെ അനായാസം ഏണിപ്പടികള്‍ കയറുന്ന വീഡിയോയാണ് പന്ത് തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. നേരത്തെ ഏറെ പ്രയാസപ്പെട്ട് ഇതേ ഏണിപ്പടികള്‍ കയറുന്ന വീഡിയോയും ഇതിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്. 'ലളിതമായ കാര്യങ്ങൾ ചിലപ്പോൾ ഏറെ ബുദ്ധിമുട്ടാകും' എന്നാണ് വിഡിയോയ്‌ക്ക് പന്ത് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ആദ്യ ഹോം മത്സരം കാണാനായിരുന്നു അപകടത്തിന് ശേഷം ആദ്യമായി റിഷഭ്‌ പന്ത് ഒരു പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. അന്ന് വാക്കിങ് സ്റ്റിക്കിന്‍റെ സഹായത്തോടെയായിരുന്നു 25-കാരന്‍ ഡല്‍ഹി അരുണ്‍ ജയറ്റ്‌ലി സ്റ്റേഡിയത്തില്‍ എത്തിയത്. ഇപ്പോള്‍ ആരുടെയും സഹായമില്ലാതെ പന്തിന് നടക്കാന്‍ കഴിയുന്നുണ്ടെന്നാണ് പുതിയ വീഡിയോയില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30ന് പുലര്‍ച്ചെ ഡല്‍ഹി-ഡെറാഡൂണ്‍ ഹൈവേയില്‍ വച്ചായിരുന്നു പന്തിന് അപകടം സംഭവിച്ചത്. താരത്തിന്‍റെ ആഢംബര കാര്‍ ഡിവൈഡറില്‍ ഇടിച്ച് കയറുകയും തീ പിടിക്കുകയുമായിരുന്നു. കാര്‍ പൂര്‍ണമായും കത്തി നശിച്ചപ്പോള്‍ വളരെ അത്‌ഭുതകരമായാണ് പന്ത് രക്ഷപ്പെട്ടത്.

അപകടത്തെ തുടര്‍ന്ന് ആദ്യം ഡെറാഡൂണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പന്തിനെ പിന്നീട് വിദഗ്‌ധ ചികിത്സയ്‌ക്കായി മുംബൈയിലെ കോകിലാ ബെന്‍ ആശുപത്രിയിലേക്ക് മാറ്റി. കോകിലാ ബെന്‍ ആശുപത്രിയില്‍ വച്ചാണ് താരത്തിന്‍റെ കാല്‍മുട്ടിലെ ലിഗമെന്‍റിനുള്ള ശസ്‌ത്രക്രിയ രണ്ട് ഘട്ടങ്ങളായി പൂര്‍ത്തിയാക്കിയത്.

പന്തിന്‍റെ അഭാവം ഇന്ത്യന്‍ ടീമിനും ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനും കനത്ത തിരിച്ചടിയായിരുന്നു. ഐപിഎല്ലില്‍ പന്തിന്‍റെ അഭാവത്തില്‍ ഡേവിഡ് വാര്‍ണര്‍ക്ക് കീഴിലിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് ഒമ്പതാം സ്ഥാനത്താണ് ഫിനിഷ്‌ ചെയ്യാന്‍ കഴിഞ്ഞത്. ഇന്ത്യയാവട്ടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉള്‍പ്പെടെ പല നിര്‍ണായക മത്സരങ്ങളില്‍ തോല്‍വി വഴങ്ങുകയും ചെയ്‌തു.

ഇന്ത്യയെ രണ്ടാം തവണയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുള്ള താരമായിരുന്നു റിഷഭ്‌ പന്ത്. ചാമ്പ്യന്‍ഷിപ്പിന്‍റെ കഴിഞ്ഞ പതിപ്പില്‍ ഇന്ത്യയ്‌ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താന്‍ പന്തിന് കഴിഞ്ഞിരുന്നു. 12 മത്സരങ്ങളില്‍ നിന്നും 868 റണ്‍സാണ് താരം അടിച്ചെടുത്തിരുന്നത്. 17 മത്സരങ്ങളില്‍ നിന്നും 932 റണ്‍സ് നേടിയ വിരാട് കോലിയും 928 റണ്‍സ് നേടിയ ചേതേശ്വര്‍ പുജാരയുമായിരുന്നു പട്ടികയില്‍ പന്തിന് മുന്നിലുള്ളത്.

ALSO READ: WTC Final| ഇംഗ്ലണ്ടില്‍ റണ്‍സ് അടിച്ച് കൂട്ടിയ അയാള്‍ ഇന്ത്യയ്‌ക്കായി എന്താണ് ചെയ്‌തത്?; പുജാരയെ പൊരിച്ച് ഡാനിഷ്‌ കനേരിയ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.