ETV Bharat / sports

ബൗണ്ടറി ലൈനില്‍ 'സൂപ്പര്‍മാനായി' വിരാട് കോലി ; കളിയുടെ 'വിധി' മാറ്റിയ ഫീല്‍ഡിങ് പ്രകടനം

author img

By ETV Bharat Kerala Team

Published : Jan 18, 2024, 8:40 AM IST

Virat Kohli Fielding  Virat Kohli Boundary Line Save  India vs Afghanistan 3rd T20I  വിരാട് കോലി ഫീല്‍ഡിങ്
Virat Kohli Fielding

Virat Kohli Fielding : 17ാം ഓവറില്‍ അഫ്‌ഗാനിസ്ഥാന്‍ താരം കരീം ജന്നത്ത് അടിച്ചുയര്‍ത്തിയ പന്താണ് വിരാട് കോലി ബൗണ്ടറി ലൈനില്‍ നിന്നും രക്ഷപ്പെടുത്തിയത്.

ബെംഗളൂരു : സിനിമകളെ പോലും വെല്ലുന്ന തരത്തിലൊരു ത്രില്ലര്‍ പോരാട്ടത്തിനൊടുവിലാണ് അഫ്‌ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യ ജയം സ്വന്തമാക്കിയത്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത് ഇന്ത്യ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 212 റണ്‍സ് നേടിയപ്പോള്‍ അഫ്‌ഗാനിസ്ഥാന്‍ ആറ് വിക്കറ്റ് നഷ്‌ടത്തിലാണ് സമനില പിടിച്ചത്. മറുപടി ബാറ്റിങ്ങില്‍ അഫ്‌ഗാനിസ്ഥാനും ഇന്ത്യയും 16 റണ്‍സ് നേടി പിന്നെയും സമനിലയില്‍ പിരിഞ്ഞു. ഇതോടെ, രണ്ടാം സമനിലയിലേക്ക് നീങ്ങിയ മത്സരത്തില്‍ 10 റണ്‍സിന്‍റെ ജയമാണ് ഇന്ത്യ നേടിയെടുത്തത് (India vs Afghanistan 3rd T20I).

212 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്‌ഗാനിസ്ഥാന് മത്സരത്തിന്‍റെ പല ഘട്ടങ്ങളിലും ഇന്ത്യയെ വിറപ്പിക്കാന്‍ സാധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യ കൈവിടുമെന്ന് തോന്നിപ്പിച്ച ഈ മത്സരം സമനിലയിലാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത് വിരാട് കോലിയുടെ തകര്‍പ്പന്‍ ഒരു ബൗണ്ടറി ലൈന്‍ സേവ് ആയിരുന്നു. അഫ്‌ഗാനിസ്ഥാന്‍ സിക്‌സറെന്ന് ഉറപ്പിച്ച പന്തായിരുന്നു വിരാട് കോലി മത്സരത്തില്‍ രക്ഷപ്പെടുത്തിയത് (Virat Kohli Boundary Line Save).

മത്സരത്തിന്‍റെ 17-ാം ഓവറിലായിരുന്നു കോലിയുടെ തകര്‍പ്പന്‍ ഫീല്‍ഡിങ് ശ്രമത്തിന് ചിന്നസ്വാമി സ്റ്റേഡിയം വേദിയായത്. സ്‌പിന്നര്‍ വാഷിങ്ടണ്‍ സുന്ദറായിരുന്നു ഈ ഓവറില്‍ പന്തെറിഞ്ഞത്. ഓവറിലെ അഞ്ചാം പന്ത് അതിര്‍ത്തി കടത്താനായി ക്രീസിലുണ്ടായിരുന്ന കരീം ജന്നത്ത് ലോങ് ഓണിലേക്ക് വമ്പനൊരു ഷോട്ടാണ് പായിച്ചത്.

ജന്നത്തിന്‍റെ ഷോട്ട് ബൗണ്ടറി ലൈന്‍ കടന്ന് സിക്‌സറാകും എന്നായിരുന്നു ഏവരുടെയും പ്രതീക്ഷ. എന്നാല്‍, വിരാട് കോലി ആ പ്രതീക്ഷകളെല്ലാം തെറ്റിക്കുകയായിരുന്നു. ബൗണ്ടറി ലൈനില്‍ നിന്നും ചാടി ഉയര്‍ന്ന് ഒരു കയ്യില്‍ പന്ത് പിടിച്ചെടുത്ത കോലി അത് ഗ്രൗണ്ടിനകത്തേക്ക് ഇടുകയും പിന്നീട് ആ പന്ത് എടുത്ത് ത്രോ ചെയ്യുകയുമായിരുന്നു.

ഇതിലൂടെ, അഞ്ച് റണ്‍സായിരുന്നു കോലി ടീം ഇന്ത്യയ്‌ക്കായി രക്ഷപ്പെടുത്തിയത്. അതേസമയം, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ ബൗളിങ് ആക്ഷന് സമാനമായിരുന്നു വായുവില്‍ ചാടി ഉയര്‍ന്ന് പന്ത് കൈക്കലാക്കുന്ന സമയത്ത് താരത്തിന് ഉണ്ടായിരുന്നതെന്നാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകരുടെ കണ്ടെത്തല്‍. തുടര്‍ന്നും ഫീല്‍ഡില്‍ മികവ് ആവര്‍ത്തിക്കാന്‍ കോലിക്കായിരുന്നു.

Also Read : ഒരേയൊരു 'ഹിറ്റ്‌മാന്‍', ടി20യിലെ സെഞ്ച്വറി വേട്ട ; നേട്ടത്തിലെത്തുന്ന ആദ്യ താരമായി രോഹിത് ശര്‍മ

മത്സരത്തിന്‍റെ 19-ാം ഓവറില്‍ നജീബുള്ള സദ്രാന്‍ ഉയര്‍ത്തിയടിച്ച പന്തും കോലി കൈപ്പിടിയിലൊതുക്കിയിരുന്നു. കൂടാതെ, ആദ്യ സൂപ്പര്‍ ഓവറില്‍ ഗുല്‍ബദിന്‍ നൈബിനെ റണ്‍ഔട്ട് ആക്കിയതും വിരാട് കോലിയുടെ ത്രോയില്‍ നിന്നായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.