ETV Bharat / sports

കേരളം പഴയ കേരളമല്ല, വിജയ് ഹസാരെയില്‍ റെക്കോഡ് സ്‌കോര്‍; രോഹനും കൃഷ്‌ണ പ്രസാദിനും സെഞ്ചുറി

author img

By ETV Bharat Kerala Team

Published : Dec 9, 2023, 1:30 PM IST

Vijay Hazare Trophy 2023  Kerala vs Maharashtra Score Updates  Rohan Kunnummal century in Vijay Hazare Trophy  Krishna Prasad century in Vijay Hazare Trophy  Sanju Samson  വിജയ് ഹസാരെ ട്രോഫി 2023  കേരളം vs മഹാരാഷ്‌ട്ര  കേരളം vs മഹാരാഷ്‌ട്ര സ്‌കോര്‍ അപ്‌ഡേറ്റ്‌സ്  രോഹന്‍ കുന്നുമ്മല്‍  കൃഷ്‌ണ പ്രസാദ് വിജയ് ഹസാരെ ട്രോഫി സെഞ്ചുറി
Kerala vs Maharashtra

Kerala vs Maharashtra Score Updates: വിജയ് ഹസാരെ ട്രോഫി 2023 (Vijay Hazare Trophy 2023) ഏകദിന ടൂര്‍ണമെന്‍റിന്‍റെ പ്രീ-ക്വാര്‍ട്ടറില്‍ കേരളത്തിനെതിരെ മഹാരാഷ്‌ട്രയ്‌ക്ക് 384 റണ്‍സിന്‍റെ വിജയ ലക്ഷ്യം.

രാജ്‌കോട്ട്: വിജയ് ഹസാരെ ട്രോഫി 2023 (Vijay Hazare Trophy 2023) ഏകദിന ടൂര്‍ണമെന്‍റിന്‍റെ പ്രീ-ക്വാര്‍ട്ടറില്‍ മഹാരാഷ്‌ട്രയ്‌ക്കെതിരെ ഹിമാലയന്‍ സ്‌കോറുയര്‍ത്തി കേരളം. സൗരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ കേരളം നിശ്ചിത 50 ഓവറില്‍ 4 വിക്കറ്റ് നഷ്‌ടത്തില്‍ 383 റണ്‍സാണ് അടിച്ച് കൂട്ടിയത് (Kerala vs Maharashtra Score Updates). ടൂര്‍ണമെന്‍റ് ചരിത്രത്തില്‍ കേരളത്തിന്‍റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മല്‍ ( Rohan Kunnummal ) , കൃഷ്‌ണ പ്രസാദ് (Krishna Prasad) എന്നിവരുടെ സെഞ്ചുറി മികവാണ് കേരളത്തിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 144 പന്തില്‍ 144 റണ്‍സടിച്ച കൃഷ്‌ണ പ്രസാദ് ടോപ്‌ സ്‌കോററായപ്പോള്‍ 95 പന്തുകളില്‍ 120 റണ്‍സായിരുന്നു രോഹന്‍റെ സമ്പാദ്യം.

ടോസ് നഷ്‌ടപ്പെട്ട കേരളത്തെ മഹാരാഷ്‌ട്ര നായകന്‍ കേദാര്‍ ജാദവ് ആദ്യം ബാറ്റുചെയ്യാന്‍ അയയ്‌ക്കുകയായിരുന്നു. പുല്ലുള്ള പിച്ചില്‍ തുടക്കം തൊട്ട് മഹാരാഷ്‌ട്ര പേസര്‍മാര്‍ മികച്ച മൂവ്‌മെന്‍റ് കണ്ടെത്തിയതോടെ ഏറെ ശ്രദ്ധയോടെയാണ് കൃഷ്‌ണ പ്രസാദും രോഹന്‍ കുന്നുമ്മലും ആരംഭിച്ചത്. എന്നാല്‍ പതിയെ കൃഷ്‌ണ പ്രസാദ് ഗിയര്‍ മാറ്റിയതിന് പിന്നാലെ രോഹന്‍ ആക്രമണം കടുപ്പിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. ഇതിന് ശേഷം മഹാരാഷ്‌ട്ര ബോളര്‍മാരെ ഇരുവരും ചേര്‍ന്ന് പതിഞ്ഞും തെളിഞ്ഞും നേരിട്ടു.

രോഹന്‍ 53 പന്തുകളിലും കൃഷ്‌ണ പ്രസാദ് 63 പന്തുകളിലും അര്‍ധ സെഞ്ചുറിയിലേക്ക് എത്തി. അന്‍പത് കടന്നതിന് ശേഷം കൂടുതല്‍ ആക്രണമണകാരിയായ രോഹന്‍ 83 പന്തുകളില്‍ സെഞ്ചുറിയിലേക്ക് എത്തി. ഒടുവില്‍ 35-ാം ഓവറിന്‍റെ ആദ്യ പന്തില്‍ രോഹനെ വീഴ്‌ത്തിയ പ്രദീപ് ദാദ്ധേയാണ് മഹാരാഷ്‌ട്രയ്‌ക്ക് ആശ്വാസം നല്‍കിയത്.

18 ബൗണ്ടറികളും ഒരു സിക്‌സും നേടിയായിരുന്നു രോഹന്‍ മടങ്ങിയത്. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ സഞ്‌ജു സാംസണൊപ്പം (Sanju Samson) ചേര്‍ന്ന് കൃഷ്‌ണപ്രസാദ് കേരളത്തെ മുന്നോട്ട് നയിച്ചു. സഞ്‌ജു ഒരറ്റത്ത് സ്‌കോറിന് വേഗം കൂട്ടിയപ്പോള്‍ 114 പന്തുകളില്‍ നിന്നും കൃഷ്‌ണ പ്രസാദ് സെഞ്ചുറിയിലേക്ക് എത്തി. താരത്തിന്‍റെ ആദ്യ ലിസ്റ്റ് എ സെഞ്ചുറിയാണിത്. മൂന്നക്കം കടന്നതിന് പിന്നാലെ കൃഷ്‌ണ പ്രസാദും അടി തുടങ്ങിയതോടെ മഹാരാഷ്‌ട്ര ബോളര്‍മാര്‍ക്ക് നിലയുറപ്പിക്കാന്‍ കഴിഞ്ഞില്ല.

എന്നാല്‍ രാമകൃഷ്‌ണ ഘോഷിനെ ആക്രമിക്കാനുള്ള സഞ്‌ജുവിന്‍റെ (25 പന്തില്‍ 29) ശ്രമം പാളി. സഞ്‌ജു മടങ്ങുമ്പോള്‍ 42.1 ഓവറില്‍ 292 റണ്‍സായിരുന്നു കേരള ടോട്ടലിലുണ്ടായിരുന്നത്. തൊട്ടടുത്ത ഓവറില്‍ 300 പിന്നിട്ടെങ്കിലും കൃഷ്‌ണ പ്രസാദും മടങ്ങി. 13 ഫോറും 4 സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്.

തുടര്‍ന്ന് ഒന്നിച്ച വിഷ്‌ണു വിനോദും (23 പന്തില്‍ 43) അബ്‌ദുള്‍ ബാസിത്തും തകര്‍ത്തടിച്ചാണ് കേരളത്തിന് കൂറ്റന്‍ സ്‌കോര്‍ ഉറപ്പാക്കിയത്. 49-ാം ഓവറില്‍ വിഷ്‌ണു വിനോദ് വീണെങ്കിലും സച്ചിന്‍ ബേബിയ്‌ക്കൊപ്പം (2 പന്തില്‍ 1*) അബ്‌ദുള്‍ ബാസിത്തും (18 പന്തില്‍ 35*) പുറത്താവാതെ നിന്നു.

ALSO READ: ക്രിക്കറ്റ് ലോകത്തെ സമ്പന്നന്‍; ബിസിസിഐക്ക് ഒന്നാം സ്ഥാനം, 18700 കേടിയുടെ ആസ്‌തി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.