ധോണിയല്ലാതെ മറ്റാര്, കളിമികവിന് പിന്നിലെ രഹസ്യം പറഞ്ഞ് ശിവം ദുബെ...

author img

By ETV Bharat Kerala Team

Published : Jan 12, 2024, 2:53 PM IST

Shivam Dube  MS Dhoni  ശിവം ദുബെ  എംഎസ്‌ ധോണി

Shivam Dube on MS Dhoni: ടി20 ഫോര്‍മാറ്റില്‍ തന്‍റെ ബാറ്റിങ് മികവിന് പിന്നില്‍ എംഎസ്‌ ധോണിയെന്ന് ശിവം ദുബെ.

മൊഹാലി: അഫ്‌ഗാനിസ്ഥാനെതിരായ ആദ്യ ടി20യില്‍ ഇന്ത്യയുടെ വിജയത്തില്‍ ഓള്‍റൗണ്ടിങ് മികവുമായി നിര്‍ണായക പങ്കാണ് ശിവം ദുബെ വഹിച്ചത്. ആദ്യം പന്തുകൊണ്ട് മികച്ച പ്രകടനം നടത്തിയ താരം, പിന്നീട് അപരാജിത അര്‍ധ സെഞ്ചുറിയുമായി ഇന്ത്യയ്‌ക്ക് അനായാസ വിജയം ഉറപ്പിക്കുകയും ചെയ്‌തു.

രണ്ട് ഓവറില്‍ ഒമ്പത് റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്‌ത്തിയ ദുബെ, ബാറ്റെടുത്തപ്പോള്‍ 40 പന്തുകളില്‍ നിന്നും അഞ്ച് ബൗണ്ടറികളും രണ്ട് സിക്‌സറും സഹിതം പുറത്താവാതെ 60 റണ്‍സായിരുന്നു അടിച്ച് കൂട്ടിയത്. ഇതോടെ മത്സരത്തിലെ താരമായും ദുബെ തിരഞ്ഞെടുക്കപ്പെട്ടു.

ഇപ്പോഴിതാ തന്‍റെ പ്രകടനത്തിന്‍റെ ക്രെഡിറ്റ് ഇന്ത്യയുടെ മുന്‍ നായകന്‍ എംഎസ്‌ ധോണിയ്‌ക്ക് നല്‍കിയിരിക്കുകയാണ് ദുബെ. (Shivam Dube on MS Dhoni). ഇന്ത്യന്‍ പ്രീമിയില്‍ ധോണി നായകനായ ചെന്നൈ സൂപ്പര്‍ കിങ്‌സിനായാണ് 30-കാരന്‍ കളിക്കുന്നത്. (Shivam Dube credits MS Dhoni for his batting In India vs Afghanistan 1st T20I).

"ബാറ്റു ചെയ്യാനെത്തിയപ്പോള്‍ മത്സരം ഫിനിഷ് ചെയ്യുന്നതിനെക്കുറിച്ച് ധോണി പഠിപ്പിച്ച കാര്യങ്ങള്‍ നടപ്പിലാക്കാനാണ് ഞാന്‍ ശ്രമിച്ചത്. മഹി ഭായിയോട് സംസാരിച്ചുകൊണ്ടേയിരിക്കുകയാണ് ഞാന്‍. വ്യത്യസ്ത സാഹചര്യങ്ങളെ എങ്ങനെ നേരിടാമെന്ന് അദ്ദേഹം എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്.

കൂടാതെ അദ്ദേഹം എനിക്ക് ചില പൊടിക്കൈകളൊക്കെ പറഞ്ഞു തരികയും എന്‍റെ ബാറ്റിങ് വിലയിരുത്തുകയും ചെയ്യാറുണ്ട്. ഇതെന്‍റെ ആത്മവിശ്വാസം വലിയ തോതിലാണ് വര്‍ധിപ്പിച്ചിരിക്കുന്നത്"- ശിവം ദുബെ പറഞ്ഞു.

ധോണിയില്‍ നിന്നെന്ന പോലെ രോഹിത്തില്‍ നിന്നും തനിക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും ശിവം ദുബെ കൂട്ടിച്ചേര്‍ത്തു. "ബാറ്റിങ് ഓര്‍ഡറില്‍ ഉയര്‍ന്ന സ്ഥാനത്ത് തന്നെ ബാറ്റ് ചെയ്യാന്‍ ഇരുവരും എന്നെ അനുവദിച്ചു. ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. അതിനായി അവര്‍ എന്നെ പിന്തുണയ്ക്കുമെന്നും എനിക്കറിയാം. അത് എന്നെ കൂടുതൽ പോസിറ്റീവാക്കി"-ദുബെ പറഞ്ഞു നിര്‍ത്തി.

ALSO READ: 'ഇഷാൻ പിണക്കത്തിലാണ്', ഒരു വിവരവുമില്ലെന്ന് ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍

ഇതിന് മുന്നെ ഏഷ്യന്‍ ഗെയിംസിലായിരുന്നു ദുബെ ഇന്ത്യയ്‌ക്കായി കളിച്ചത്. ഏകദിന ലോകകപ്പിന് പിന്നാലെ ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ടി20 പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ദുബെ ഇടം നേടിയിരുന്നു. എന്നാല്‍ ഒരൊറ്റ മത്സരത്തിലും താരത്തിന് അവസരം ലഭിച്ചിരുന്നില്ല. അതേസമയം അഫ്‌ഗാനിസ്ഥാനെതിരായ ആദ്യ ടി20യില്‍ ഇന്ത്യ ആറ് വിക്കറ്റിന്‍റെ വിജയമായിരുന്നു നേടിയത്.

ALSO READ: റണ്‍ ഔട്ട് ആകുന്നതും 'കഷ്‌ടമാണ്'; അഫ്‌ഗാനെതിരായ പുറത്താകലിനെ കുറിച്ച് രോഹിത് ശര്‍മ

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത അഫ്‌ഗാന്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 158 റണ്‍സായിരുന്നു നേടിയിരുന്നത്. മറുപടിക്ക് ഇറങ്ങിയ ഇന്ത്യ 17.3 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 159 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്.

ALSO READ: 'മരണമാസ് വാർണർ', മൈതാന മധ്യത്ത് ഹെലികോപ്റ്ററില്‍ പറന്നിറങ്ങി താരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.