ETV Bharat / sports

ര‍ഞ്‌ജി ട്രോഫി: ജാര്‍ഖണ്ഡിനെ എറിഞ്ഞിട്ടു; കേരളത്തിന് നാടകീയ ജയം

author img

By

Published : Dec 16, 2022, 6:00 PM IST

അഞ്ച് വിക്കറ്റ് വീഴ്‌ത്തി വൈശാഖ് ചന്ദ്രനും നാല് വിക്കറ്റ് വീഴ്‌ത്തിയ ജലജ്‌ സക്‌സേനയും ചേര്‍ന്നാണ് രണ്ടാം ഇന്നിങ്‌സില്‍ ജാര്‍ഖണ്ഡിനെ തകര്‍ത്തത്. ബേസില്‍ തമ്പി ഒരു വിക്കറ്റ് വീഴ്‌ത്തി.

ranji trophy  kerala vs jharkhand  kerala beat jharkhand in ranji trophy  ര‍ഞ്‌ജി ട്രോഫി  കേരളം vs ജാര്‍ഖണ്ഡ്  സഞ്‌ജു സാംസണ്‍  sanju samson  വൈശാഖ് ചന്ദ്രന് അഞ്ച് വിക്കറ്റ്  Jalaj Saxena  Vaisakh Chandran  Akshay Chandran  അക്ഷയ്‌ ചന്ദ്രന്‍  ജലജ് സക്‌സേന
ര‍ഞ്‌ജി ട്രോഫി: ജാര്‍ഖണ്ഡിനെ എറിഞ്ഞിട്ടു; കേരളത്തിന് നാടകീയ ജയം

റാഞ്ചി: ര‍ഞ്‌ജി ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം. സീസണിലെ ആദ്യ മത്സരത്തില്‍ ജാര്‍ഖണ്ഡിനെ 85 റണ്‍സിനാണ് കേരളം കീഴടക്കിയത്. സമനിലയിലേക്കെന്ന് തോന്നിച്ച മത്സരത്തെ കേരള ക്യാപ്റ്റന്‍ സഞ്‌ജു സാസംണിന്‍റെ ധീരമായ ഡിക്ലറേഷന്‍ തീരുമാനമാണ് ആവേശമാക്കിയത്. സ്‌കോര്‍: കേരളം 475, 187/7 (ഡി), ജാര്‍ഖണ്ഡ് 340, 237.

കേരളം ഉയര്‍ത്തിയ 323 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ജാര്‍ഖണ്ഡ് 237 റണ്‍സില്‍ പുറത്താവുകയായിരുന്നു. കേരളത്തിന്‍റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 475 റണ്‍സിന് മറുപടിക്കിറങ്ങിയ ജാര്‍ഖണ്ഡ് 340 റണ്‍സിന് പുറത്തായിരുന്നു. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സിനിറങ്ങിയ കേരളം അതിവേഗം ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 187 റണ്‍സടിച്ച് കൂട്ടി ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

അഞ്ച് വിക്കറ്റ് വീഴ്‌ത്തി വൈശാഖ് ചന്ദ്രനും നാല് വിക്കറ്റ് വീഴ്‌ത്തിയ ജലജ്‌ സക്‌സേനയും ചേര്‍ന്നാണ് രണ്ടാം ഇന്നിങ്‌സില്‍ ജാര്‍ഖണ്ഡിനെ തകര്‍ത്തത്. ബേസില്‍ തമ്പി ഒരു വിക്കറ്റ് വീഴ്‌ത്തി. 116 പന്തില്‍ 92 റണ്‍സ് നേടിയ കുമാർ കുശാഗ്രയാണ് ജാര്‍ഖണ്ഡിന്‍റെ ടോപ് സ്‌കോറര്‍.

സൗരഭ് തിവാരി (37), ക്യാപ്റ്റന്‍ വിരാട് സിങ്‌ (32), ഇഷാന്‍ കിഷന്‍ (22), മുഹമ്മദ് നാസിം (17), മനുഷി (23) എന്നിങ്ങനെയാണ് അക്കൗണ്ട് തുറന്ന മറ്റ് താരങ്ങളുടെ സംഭാവന. 30-ാം ഓവറില്‍ ഏഴ്‌ വിക്കറ്റിന് 112 റണ്‍സെന്ന നിലയിലേക്ക് വീണ അതിഥേയര്‍ക്കായി കുമാർ കുശാഗ്രയും മനുഷിയും ചേര്‍ന്ന് നടത്തിയ ചെറുത്ത് നില്‍പ്പാണ് കേരളത്തിന്‍റെ വിജയം വൈകിപ്പിച്ചത്.

എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 119 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി. മാനുഷിയെ വീഴ്‌ത്തി ബേസില്‍ തമ്പിയാണ് കേരളത്തെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്. ഒമ്പതാമനായി കുശാഗ്രയും തിരികെ കയറിയതോടെ ജാര്‍ഖണ്ഡിന്‍റെ പതനം പൂര്‍ത്തിയാവുകയായിരുന്നു. ജാര്‍ഖണ്ഡ് നിരയില്‍ നാല് പേര്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ രാഹുല്‍ ശുക്ല (6 പന്തില്‍ 0) പുറത്താവാതെ നിന്നു.

നേരത്തെ രോഹന്‍ പ്രേമിന്‍റെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് രണ്ടാം ഇന്നിങ്‌സില്‍ കേരളത്തിന് തുണയായത്. 86 പന്തില്‍ 74 റണ്‍സാണ് താരം നേടിയത്. സഞ്ജു സാംസണ്‍ (15), സച്ചിന്‍ ബേബി(13), അക്ഷയ് ചന്ദ്രന്‍(15), ജലജ് സക്സേന(23), ഷോണ്‍ റോജര്‍(28), രോഹന്‍ കുന്നുമ്മല്‍ (6) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന.

സിജോമോന്‍ ജോസഫ്(9) പുറത്താകാതെ നിന്നു. അഞ്ച് വിക്കറ്റുമായി ഷഹ്‌ബാസ് നദീമാണ് തിളങ്ങിയത്. ഒന്നാം ഇന്നിങ്‌സില്‍ കേരളത്തിനായി അജയ്‌ ചന്ദ്രനും(150), ജാര്‍ഖണ്ഡിനായി ഇഷാന്‍ കിഷനും ( 132) സെഞ്ച്വറി നേടിയിരുന്നു. കേരളത്തിനായി ജലജ്‌ സക്‌സേന അഞ്ച് വിക്കറ്റ് പ്രകടനവും നടത്തി.

also read: 'അവന് അമിത ഭാരം, ഫിറ്റ്‌നസ് മോശമാണ്' ; പന്തിനെതിരെ പാക് മുന്‍ നായകന്‍ സല്‍മാന്‍ ബട്ട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.