ETV Bharat / sports

Suryakumar Yadav| സൂര്യ ഏകദിനം പഠിക്കുകയാണ്, കഴിയുന്നത്ര അവസരങ്ങൾ നല്‍കും; അകമഴിഞ്ഞ പിന്തുണ അറിയിച്ച് രാഹുല്‍ ദ്രാവിഡ്

author img

By

Published : Jul 30, 2023, 8:35 PM IST

സൂര്യകുമാര്‍ യാദവ് മികച്ച പ്രതിഭയാണെന്നും ഏകദിനത്തില്‍ കഴിയുന്നത്ര അവസരങ്ങള്‍ നല്‍കുമെന്നും ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്.

Rahul Dravid on Suryakumar Yadav  Rahul Dravid  Suryakumar Yadav  WI vs IND  west indies vs india  സൂര്യകുമാര്‍ യാദവ്  രാഹുല്‍ ദ്രാവിഡ്  ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്  sanju samson  സഞ്‌ജു സാംസണ്‍
സൂര്യകുമാര്‍ യാദവ്

ബാര്‍ബഡോസ്: ടി20 ഫോര്‍മാറ്റില്‍ ലോക ഒന്നാം നമ്പര്‍ താരമാണെങ്കിലും ഏകദിനത്തില്‍ തന്‍റെ മികവ് പുലര്‍ത്താന്‍ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിന് കഴിഞ്ഞിട്ടില്ല. ഫോര്‍മാറ്റില്‍ നിരന്തരം മോശം പ്രകടനം നടത്തുന്ന സൂര്യയ്‌ക്കെതിരെ കനത്ത വിമര്‍ശനം ഉയരുന്നുണ്ടെങ്കിലും വെസ്റ്റ് ഇന്‍സീനെതിരായ കഴിഞ്ഞ രണ്ട് ഏകദിനങ്ങളിലും താരത്തെ കളിപ്പിച്ചിരുന്നു. എന്നാല്‍ തന്‍റെ പതിവ് വീണ്ടും ആവര്‍ത്തിക്കുക മാത്രമാണ് താരം ചെയ്‌തത്.

ആദ്യ ഏകദിനത്തില്‍ 19 റണ്‍സ് മാത്രം നേടാന്‍ കഴിഞ്ഞ സൂര്യകുമാര്‍ യാദവ്, രണ്ടാം ഏകദിനത്തില്‍ 24 റണ്‍സുമായാണ് തിരിച്ച് കയറിയത്. ഇപ്പോഴിതാ സൂര്യകുമാറിനുള്ള അകമഴിഞ്ഞ പിന്തുണ തുടരുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. സൂര്യകുമാര്‍ യാദവ് ഏകദിന ഫോര്‍മാറ്റ് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനാല്‍ തന്നെ ഇനിയും അവസരം ലഭിക്കേണ്ടതുണ്ടെന്നുമാണ് രാഹുല്‍ ദ്രാവിഡ് പറയുന്നത്.

"സൂര്യകുമാര്‍ യാദവ് മികച്ച താരമാണ്. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. പ്രത്യേകിച്ച് ടി20 ക്രിക്കറ്റിലും ആഭ്യന്തര ക്രിക്കറ്റിലും അവന്‍റെ പ്രകടനങ്ങൾ അത് തെളിയിച്ചിട്ടുണ്ട്. നിർഭാഗ്യവശാൽ, ടി20യിൽ തന്‍റെ പ്രകടനം ഏകദിനത്തിലേക്ക് പകര്‍ത്താന്‍ സൂര്യയ്‌ക്ക് കഴിഞ്ഞിട്ടില്ല.

അവന്‍ ഏകദിന ക്രിക്കറ്റിനെക്കുറിച്ച് പഠിക്കുകയാണ്, അതിനാല്‍ തന്നെ ഇനിയും അവസരങ്ങള്‍ നല്‍കണം. അവൻ ഒരു പ്രതിഭയാണ്, അവന് കഴിയുന്നത്ര അവസരങ്ങൾ നൽകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. എന്നാല്‍ ആ അവസരങ്ങൾ ഉപയോഗപ്പെടുത്തേണ്ടത് അവന്‍റെ ഉത്തരവാദിത്തമാണ്", രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി.

സൂര്യകുമാറിന് പകരം ഏകദിനത്തില്‍ മികച്ച റെക്കോഡുള്ള സഞ്‌ജു സാംസണ് ഇന്ത്യയുടെ മധ്യനിരയില്‍ അവസരം നല്‍കണമെന്ന് വിവിധ കോണുകളില്‍ നിന്നും ആവശ്യമുയരുന്നുണ്ടെങ്കിലും ടീം മാനേജ്‌മെന്‍റ് അതിന് തയ്യാറായിട്ടില്ല. നിരന്തരമായ തഴയലുകള്‍ക്ക് ശേഷം രണ്ടാം ഏകദിനത്തില്‍ സഞ്‌ജുവിന് ടീം മാനേജ്‌മെന്‍റ് അവസരം നല്‍കിയിരുന്നു. എന്നാല്‍ മൂന്നാം നമ്പറില്‍ കളിക്കാനിറങ്ങിയ താരത്തിന് മിന്നാന്‍ കഴിഞ്ഞിരുന്നില്ല. 19 പന്തുകളില്‍ ഒമ്പത് റണ്‍സെടുത്തായിരുന്നു താരം മടങ്ങിയത്.

ഇതിന് പിന്നാലെ സഞ്‌ജുവിനെ മൂന്നാം നമ്പറില്‍ ഇറക്കിയതിന്‍റെ യുക്തി ചോദ്യം ചെയ്‌ത് ഇന്ത്യയുടെ മുന്‍ സെലക്‌ടര്‍ സാബ കരീം രംഗത്ത് എത്തിയിരുന്നു. തുടര്‍ച്ചയായി റണ്‍സ് നേടാന്‍ പരാജയപ്പെടുന്ന ഒരു സ്ഥാനത്ത് സഞ്‌ജുവിനെ വീണ്ടും ഇറക്കിയത് എന്തിനാണെന്നാണ് അദ്ദേഹം ചോദിക്കുന്നത്.

"വിമുഖതയുള്ള ഒരു വിക്കറ്റ് കീപ്പറാണ് സഞ്ജു സാംസൺ, പരുഷമായ വിമര്‍ശനമല്ല ഇതുവഴി ഞാന്‍ ഉദ്ദേശിക്കുന്നത്. വിക്കറ്റ് കീപ്പർ-ബാറ്റർ എന്നതിനേക്കാൾ അവന് ഒരു ബാറ്റർ എന്ന നിലയിലാണ് കൂടുതല്‍ കാര്യക്ഷമത എന്നാണ് എനിക്ക് തോന്നുന്നത്. സഞ്‌ജുവിന്, ഒരു പ്രത്യേക സ്ഥാനത്ത് കളിക്കാന്‍ ഇറങ്ങുമ്പോള്‍ സ്ഥിരതയോടെ റണ്‍സ് നേടാന്‍ കഴിഞ്ഞിട്ടില്ലെന്ന് നമുക്ക് അറിയാം. അവനെ മധ്യനിരയില്‍ നാലോ, അഞ്ചോ നമ്പറിലാണ് കളിപ്പിക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ അവിടെയാണ് കളിപ്പിക്കേണ്ടത്."- സാബ കരീം പറഞ്ഞു.

ALSO READ: WI vs IND | 'രോഹിത്തിനേയും വിരാടിനേയും വീണ്ടും കളിപ്പിക്കുന്നതില്‍ അര്‍ഥമെന്ത്' ; വിമര്‍ശകര്‍ക്ക് മറുപടിയുമായി രാഹുല്‍ ദ്രാവിഡ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.