ETV Bharat / sports

'സഹതാരങ്ങളെപ്പോലും ബഹുമാനിക്കില്ല, പിന്നെ എങ്ങനെ ഇയാള്‍ ജനങ്ങളെ സേവിക്കും...?' ഗൗതം ഗംഭീറിനെതിരെ എസ് ശ്രീശാന്ത്

author img

By ETV Bharat Kerala Team

Published : Dec 7, 2023, 10:45 AM IST

S Sreesanth On Gautam Gambhir: ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗ് എലിമിനേറ്റര്‍ മത്സരത്തിനിടെ ഗൗതം ഗംഭീറും ശ്രീശാന്തും തമ്മില്‍ വാക്കേറ്റം. മത്സരശേഷം ഗംഭീറിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് ശ്രീശാന്ത്.

Legends Cricket League  S Sreesanth Slammed Gautam Gambhir  S Sreesanth On Gautam Gambhir  S Sreesanth Gautam Gambhir Fight  S Sreesanth And Gautam Gambhir Altercation  India Capitals vs Gujarat Giants  ഗൗതം ഗംഭീറും ശ്രീശാന്തും തമ്മില്‍ വാക്കേറ്റം  ഗൗതം ഗംഭീറിനെതിരെ എസ് ശ്രീശാന്ത്  എസ് ശ്രീശാന്ത് ഗൗതം ഗംഭീര്‍  ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗ്  എസ് ശ്രീശാന്ത് ഗൗതം ഗംഭീര്‍ വാക്കേറ്റം
S Sreesanth On Gautam Gambhir

സൂറത്ത്: ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗ് (Legends Cricket League) എലിമിനേറ്ററിന് പിന്നാലെ ഇന്ത്യ കാപിറ്റല്‍സ് നായകനും മുന്‍ താരവുമായ ഗൗതം ഗംഭീറിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ് ശ്രീശാന്ത് (S Sreesanth Against Gautam Gambhir). സഹതാരങ്ങളെയും സീനിയര്‍ താരങ്ങളെയും ബഹുമാനിക്കാത്ത ക്രിക്കറ്ററാണ് ഗംഭീറെന്ന് ശ്രീശാന്ത് പറഞ്ഞു. ഇന്നലെ (ഡിസംബര്‍ 6) സൂറത്തില്‍ നടന്ന ഇന്ത്യ കാപിറ്റല്‍സ് (India Capitals) ഗുജറാത്ത് ജയന്‍റ്‌സ് (Gujarat Giants) മത്സരത്തിലെ ചില നാടകീയ സംഭവങ്ങള്‍ക്ക് പിന്നാലെയായിരുന്നു ശ്രീശാന്തിന്‍റെ പ്രതികരണം.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌തത് ഗൗതം ഗംഭീറിന്‍റെ ഇന്ത്യ കാപിറ്റല്‍സ് ആയിരുന്നു. മത്സരത്തിനിടെ ഗുജറാത്ത് ജയന്‍റ്‌സ് താരമായ ശ്രീശാന്തും ഗൗതം ഗംഭീറും തമ്മില്‍ വാക്കേറ്റമുണ്ടായി. അമ്പയര്‍മാരും മറ്റ് കളിക്കാരും ചേര്‍ന്നായിരുന്നു പിന്നീട് രംഗം ശാന്തമാക്കിയത്.

ഇതിനെ കുറിച്ചാണ് ശ്രീശാന്ത് മത്സരശേഷം സംസാരിച്ചത്. ഗംഭീര്‍ അനാവശ്യമായാണ് മത്സരത്തില്‍ തന്നെ പ്രകോപിപ്പിച്ചതെന്ന് ശ്രീശാന്ത് പറഞ്ഞു. കൂടാതെ, മത്സരത്തിന് ശേഷം ബ്രോഡ്‌കാസ്റ്റര്‍മാരോട് സംസാരിച്ചപ്പോള്‍ ഗംഭീര്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെ വേദനിപ്പിച്ചെന്നും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌ത വീഡിയോയില്‍ ശ്രീശാന്ത് വ്യക്തമാക്കുന്നുണ്ട്.

'പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ സഹതാരങ്ങളോട് പോലും മോശമായി പെരുമാറുന്ന മിസ്റ്റര്‍ ഫൈറ്ററുമായി എന്താണ് സംഭവിച്ചതെന്ന കാര്യങ്ങളില്‍ അല്‍പം വ്യക്തത വരുത്തേണ്ടതുണ്ട്. വീരു ഭായി ഉള്‍പ്പടെയുള്ള പല സീനിയര്‍ താരങ്ങളെയും അദ്ദേഹം ബഹുമാനിക്കുന്നില്ല. അത് തന്നെയാണ് ഇന്നും സംഭവിച്ചത്.

യാതൊരു തരത്തിലുള്ള പ്രകോപനങ്ങളുമില്ലാതെ അദ്ദേഹം എന്നെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അദ്ദേഹത്തെ പോലൊരു താരം പറയാന്‍ പാടില്ലാത്ത കാര്യങ്ങളായിരുന്നു അതെല്ലാം. ഞാന്‍ ഇവിടെ തെറ്റൊന്നും ചെയ്‌തിട്ടില്ല.

ഗ്രൗണ്ടിലെ സാഹചര്യങ്ങള്‍ ശാന്തമാക്കാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അദ്ദേഹം എന്താണ് എന്നോട് ചെയ്‌തതെന്നും പറഞ്ഞതെന്നുമായ കാര്യങ്ങളെല്ലാവര്‍ക്കും വൈകാതെ തന്നെ മനസിലാകും. ഗൗതം ഗംഭീര്‍ ഗ്രൗണ്ടില്‍ ഉപയോഗിച്ച വാക്കുകളും പറഞ്ഞ കാര്യങ്ങളും ഒട്ടും സ്വീകാര്യമല്ല.

പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഗംഭീര്‍ പറഞ്ഞുകൊണ്ടേയിരുന്നത്. അതെല്ലാം ഞാന്‍ നിങ്ങളെ അറിയിക്കും. സ്വന്തം സഹതാരങ്ങളെ പോലും ബഹുമാനിക്കാത്ത ഒരാള്‍ എങ്ങനെയാണ് ജനങ്ങളെ സേവിക്കുന്നത്..?

മത്സരശേഷം ബ്രോഡകാസ്റ്റര്‍മാര്‍ ലൈവില്‍ വിരാട് കോലിയെ കുറിച്ച് പോലും അദ്ദേഹത്തോട് ചോദിച്ചു. എന്നാല്‍, അതിനെകുറിച്ചൊന്നും സംസാരിക്കാന്‍ ഗംഭീര്‍ തയ്യാറായത് പോലുമില്ല. ഇതിനെ പറ്റി കൂടുതല്‍ ഒന്നും ഞാന്‍ പറയുന്നില്ല. ഗംഭീറിന്‍റെ പ്രവര്‍ത്തികളെല്ലാം എന്നെ ശരിക്കും വേദനിപ്പിച്ചു. ഞാന്‍ ഒരിക്കലും അദ്ദേഹത്തോട് മോശമായി പെരുമാറിയിട്ടില്ല'- ശ്രീശാന്ത് പറഞ്ഞു.

അതേസമയം, എല്‍എല്‍സി (LLCT20) ക്രിക്കറ്റ് എലിമിനേറ്ററില്‍ ഗുജറാത്ത് ജയന്‍റ്‌സിനെതിരെ 12 റണ്‍സിന്‍റെ ജയമാണ് ഇന്ത്യ കാപിറ്റല്‍സ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത കാപിറ്റല്‍സ് ഗൗതം ഗംഭീറിന്‍റെ അര്‍ധസെഞ്ച്വറിയുടെ കരുത്തില്‍ (30 പന്തില്‍ 51) ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 223 റണ്‍സാണ് നേടിയത്. ഗുജറാത്തിനായി മൂന്ന് ഓവര്‍ പന്തെറിഞ്ഞ ശ്രീശാന്ത് 35 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കിയിരുന്നു.

Also Read : 'അവനെ കൊണ്ടൊന്നും പറ്റൂല സാറെ...'; സച്ചിന്‍റെ 100 സെഞ്ച്വറി റെക്കോഡ് വിരാട് കോലിക്ക് മറികടക്കാനാകില്ലെന്ന് ലാറ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.