ETV Bharat / sports

3 മത്സരം കളിച്ചാലും ഇന്ത്യന്‍ താരങ്ങളുടെ ഫ്ലൈറ്റ് മിസ്സാകില്ലായിരുന്നു; മാര്‍ഗമിതെന്ന് പീറ്റേഴ്‌സണ്‍

author img

By ETV Bharat Kerala Team

Published : Jan 5, 2024, 4:44 PM IST

Updated : Jan 5, 2024, 5:36 PM IST

Kevin Pietersen  India vs South Africa  ഇന്ത്യ vs ദക്ഷിണാഫ്രിക്ക  കെവിന്‍ പീറ്റേഴ്‌സണ്‍
Former England Captain Kevin Pietersen on India vs South Africa cape Town Test

Kevin Pietersen on India vs South Africa Test : ഒന്നര ദിവസത്തില്‍ അവസാനിച്ച കേപ്‌ടൗണ്‍ ടെസ്റ്റിനെ ട്രോളി ഇംഗ്ലണ്ട് മുന്‍ നായകന്‍ കെവിന്‍ പീറ്റേഴ്‌സണ്‍.

കേപ്‌ടൗണ്‍ : സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് കേപ്‌ടൗണില്‍ കനത്ത മറുപടി നല്‍കിയതോടെ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ രണ്ട് മത്സര പരമ്പര സമനിലയിലാക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. സെഞ്ചൂറിയനില്‍ ഇന്നിങ്‌സിനും 32 റണ്‍സിനും തോല്‍വി വഴങ്ങിയ സന്ദര്‍ശകര്‍ കേപ്‌ടൗണില്‍ ഏഴ്‌ വിക്കറ്റുകള്‍ക്കാണ് കളി പിടിച്ചത്. പേസര്‍മാരുടെ അഴിഞ്ഞാട്ടം കണ്ട മത്സരം വെറും ഒന്നര ദിവസത്തിലാണ് അവസാനിച്ചത്.

ടെസ്റ്റ് ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ ഇത്രയും ദൈര്‍ഘ്യം കുറഞ്ഞ മറ്റൊരു മത്സരം ഉണ്ടായിട്ടില്ല. ഇപ്പോഴിതാ ഇതിനെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്‍റെ മുന്‍ നായകന്‍ കെവിന്‍ പീറ്റേഴ്‌സണ്‍. പരമ്പരയില്‍ ഒരു ടെസ്റ്റ് കൂടി കളിക്കാനുള്ള സമയം ഉണ്ടായിരുന്നുവെന്നാണ് കെവിന്‍ പീറ്റേഴ്‌സണ്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചിരിക്കുന്നത്.

  • There’s enough time to play the 3rd and deciding Test match to start tomorrow in Cape Town.
    There’ll absolutely be a result in the series and the players won’t miss their scheduled flights home. 🥳

    — Kevin Pietersen🦏 (@KP24) January 4, 2024 " class="align-text-top noRightClick twitterSection" data=" ">

"പരമ്പര വിജയികളെ നിര്‍ണയിക്കുന്നതിനായി മൂന്നാമതൊരു ടെസ്റ്റ്, നാളെത്തന്നെ കേപ്‌ടൗണില്‍ തുടങ്ങുകയായിരുന്നെങ്കില്‍ ആവശ്യത്തിന് സമയമുണ്ടാകുമായിരുന്നു. മത്സരത്തിന് ഫലമുണ്ടാകുമെന്ന കാര്യത്തില്‍ യാതൊരു സംശവുമില്ല. അതുപോലെ നേരത്തെ ബുക്ക് ചെയ്‌തിട്ടുള്ള ഫ്ലൈറ്റുകള്‍ കളിക്കാര്‍ക്ക് മിസ്സാകുകയുമില്ല" - കെവിന്‍ പീറ്റേഴ്‌സണ്‍ എക്‌സില്‍ എഴുതി.

ആകെ 107 ഓവറുകള്‍ക്ക് ഉള്ളിലാണ് കേപ്‌ടൗണ്‍ ടെസ്റ്റ് അവസാനിച്ചത്. മത്സരത്തിന്‍റെ ആദ്യ ദിനത്തില്‍ തന്നെ 23 വിക്കറ്റുകളായിരുന്നു വീണത്. രണ്ടാം ദിനത്തില്‍ രണ്ട് സെഷനില്‍ 10 വിക്കറ്റുകളും നിലംപൊത്തി. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്ക് 55 റണ്‍സ് മാത്രമായിരുന്നു നേടാന്‍ കഴിഞ്ഞത്.

ആറ് വിക്കറ്റുകളുമായി മുഹമ്മദ് സിറാജ് കളം നിറഞ്ഞാടിയപ്പോള്‍ 30 പന്തില്‍ 15 റണ്‍സ് നേടിയ കെയ്‌ല്‍ വെരെയ്‌ന, 17 പന്തില്‍ 12 റണ്‍സെടുത്ത ഡേവിഡ് ബെഡിങ്ഹാം എന്നിവര്‍ മാത്രമാണ് രണ്ടക്കം തൊട്ടത്. മറുപടിക്ക് ഇറങ്ങിയ ഇന്ത്യയെ പ്രോട്ടീസ് 153 റണ്‍സില്‍ പിടിച്ചുകെട്ടി. 59 പന്തില്‍ 46 റണ്‍സെടുത്ത വിരാട് കോലി 50 പന്തില്‍ 39 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരായിരുന്നു നിര്‍ണായകമായത്.

ALSO READ: കോലി പറഞ്ഞു, സിറാജ് ചെയ്‌തു; ജാന്‍സന് മടക്ക ടിക്കറ്റ് - വീഡിയോ കാണാം...

അവസാന ആറ് വിക്കറ്റുകളില്‍ ഒരൊറ്റ റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നില്ല. 98 റണ്‍സിന്‍റെ കടവുമായി രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ പ്രോട്ടീസ് എയ്‌ഡന്‍ മാര്‍ക്രത്തിന്‍റെ സെഞ്ചുറിയുടെ ബലത്തില്‍ 176 റണ്‍സായിരുന്നു നേടിയിരുന്നത്. ആറ് വിക്കറ്റുമായി ബുംറയായിരുന്നു പ്രോട്ടീസിനെ എറിഞ്ഞിട്ടത്.

ALSO READ: വോണ്‍ ഇനി പിന്നില്‍ ; എലൈറ്റ് ലിസ്റ്റില്‍ ഓസീസ് ഇതിഹാസത്തെ മറികടന്ന് ബുംറ

വിജയ ലക്ഷ്യമായ 79 റണ്‍സ് മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ ഇന്ത്യ നേടിയെടുക്കുകയായിരുന്നു. മത്സരത്തിലെ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനത്തേക്ക് തിരികെ എത്താനും ഇന്ത്യയ്‌ക്ക് കഴിഞ്ഞു. നാല് മത്സരങ്ങളില്‍ രണ്ട് വിജയവും ഒരു സമനിലയും ഓരോ തോല്‍വിയുമായി 26 പോയിന്‍റും 54.16 പോയിന്‍റ് ശതമാനവുമാണ് ഇന്ത്യയ്‌ക്കുള്ളത്.

Last Updated :Jan 5, 2024, 5:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.