ETV Bharat / sports

IPL 2023 | ഇതു പറക്കും സഞ്‌ജു; രാജസ്ഥാന്‍ നായകന്‍റെ ഒറ്റക്കയ്യന്‍ ക്യാച്ച് കാണാം

author img

By

Published : Apr 8, 2023, 6:26 PM IST

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ പൃഥ്വി ഷായെ പുറത്താക്കിയ രാജസ്ഥാന്‍ നായകന്‍ സഞ്‌ജു സാംസണിന്‍റെ തകര്‍പ്പന്‍ ക്യാച്ചിന് കയ്യടിച്ച് സോഷ്യല്‍ മീഡിയ.

IPL  IPL 2023  Sanju Samson  Sanju Samson Diving Catch  Prithvi Shaw  രാജസ്ഥാന്‍ റോയല്‍സ്  സഞ്‌ജു സാംസണ്‍  ഐപിഎല്‍ 2023  പൃഥ്വി ഷാ  ഡല്‍ഹി ക്യാപിറ്റല്‍സ്  trent boult  ട്രെന്‍റ് ബോള്‍ട്ട്
രാജസ്ഥാന്‍ നായകന്‍റെ ഒറ്റക്കയ്യന്‍ ക്യാച്ച് കാണാം

ഗുവാഹത്തി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് മറുപടിക്കിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് ഞെട്ടിക്കുന്ന തുടക്കമാണ് ലഭിച്ചത്. ട്രെന്‍റ് ബോള്‍ട്ട് എറിഞ്ഞ ആദ്യ ഓവറില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയാതിരുന്ന സംഘത്തിന് രണ്ട് വിക്കറ്റുകള്‍ നഷ്‌ടമായിരുന്നു. ഡല്‍ഹി ഓപ്പണര്‍ പൃഥ്വി ഷാ, മനീഷ് പാണ്ഡെ എന്നിവരായിരുന്നു വന്നപാടെ തിരിച്ച് കയറിയത്.

മൂന്ന് പന്തുകള്‍ നേരിട്ട പൃഥ്വി ഷായെ ബോള്‍ട്ട് വിക്കറ്റ് കീപ്പര്‍ സഞ്‌ജു സാംസണിന്‍റെ കയ്യില്‍ എത്തിക്കുകയായിരുന്നു. ഒരു തകര്‍പ്പന്‍ ക്യാച്ചിലൂടെയായിരുന്നു സഞ്‌ജു സാംസണ്‍ പൃഥ്വി ഷായെ കയ്യില്‍ ഒതുക്കിയത്. ബോള്‍ട്ടിന്‍റെ ഓട്ട് സ്വിങ്ങറില്‍ എഡ്‌ജായെത്തിയ പന്ത് ഒരു മുഴുനീള ഡൈവിലൂടെ ഒറ്റക്കയ്യിലാണ് രാജസ്ഥാന്‍ ക്യാപ്റ്റന്‍ പൂര്‍ത്തിയാക്കിയത്.

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കയ്യടിയാണ് സാംസണിന്‍റെ ഈ ക്യാച്ചിന് ലഭിക്കുന്നത്. അതേസമയം മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ ഉയര്‍ത്തിയ 200 റണ്‍സിന്‍റെ വിജയ ലക്ഷ്യമാണ് ഡല്‍ഹി പിന്തുടരുന്നത്. നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തിലാണ് രാജസ്ഥാന്‍ 199 റണ്‍സെടുത്തത്.

അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും ജോസ് ബട്‌ലറുമാണ് രാജസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ജോസ് ബട്‌ലര്‍ 51 പന്തില്‍ 79 റണ്‍സെടുത്തപ്പോള്‍ യശസ്വി 31 പന്തില്‍ 11 ഫോറുകളും ഒരു സിക്‌സും സഹിതം 60 റണ്‍സാണ് അടിച്ച് കൂട്ടിയത്.

രാജസ്ഥാന് ബട്‌ലറും ജയ്‌സ്വാളും വെടിക്കെട്ട് തുടക്കമായിരുന്നു നല്‍കിയത്. കൂടുതല്‍ അപകടകാരി ജയ്‌സ്വാളായിരുന്നു. ഖലീല്‍ അഹമ്മദിന്‍റെ ആദ്യ ഓവറില്‍ അഞ്ച് ഫോറുകളടക്കം 20 റണ്‍സായിരുന്നു ജയ്‌സ്വാള്‍ അടിച്ചെടുത്തത്. ആൻറിച്ച് നോർട്ട്ജെ എറിഞ്ഞ രണ്ടാം ഓവറില്‍ മൂന്ന് ഫോറുകള്‍ കണ്ടെത്തി ബട്‌ലറും താരത്തിനൊപ്പം ചേര്‍ന്നതോടെ ആദ്യ നാലോവറില്‍ തന്നെ 50 റണ്‍സ് നേടാന്‍ രാജസ്ഥാന് കഴിഞ്ഞു. പവര്‍പ്ലേ പിന്നിടുമ്പോള്‍ വിക്കറ്റ് പോകാതെ 68 റണ്‍സായിരുന്നു സംഘം നേടിയത്.

പിന്നാലെ യശസ്വി ജയ്‌സ്വാള്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. 25 പന്തുകളില്‍ നിന്നായിരുന്നു താരത്തിന്‍റെ അര്‍ധ സെഞ്ചുറി നേട്ടം. സീസണില്‍ താരത്തിന്‍റെ രണ്ടാം അര്‍ധ സെഞ്ചുറിയാണിത്. പിന്നാലെ ഒന്‍പതാം ഓവറിലെ മൂന്നാം പന്തില്‍ രാജസ്ഥാന് ജയ്‌സ്വാളിനെ നഷ്‌ടമായി. സ്വന്തം പന്തില്‍ മുകേഷ് കുമാറാണ് താരത്തെ പിടികൂടിയത്.

ഓപ്പണിങ് വിക്കറ്റില്‍ 98 റണ്‍സായിരുന്നു ജയ്‌സ്വാളും ബട്‌ലറും ചേര്‍ന്ന് രാജസ്ഥാന്‍റെ ടോട്ടലില്‍ ചേര്‍ത്തത്. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ സഞ്‌ജു സാംസണ് അധികം ആയുസുണ്ടായില്ല. കളിച്ച രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയ താരം നാല് പന്തുകള്‍ നേരിട്ടെങ്കിലും അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. കുല്‍ദീപ് യാദവിനെ സിക്‌സറിന് പറത്താനുള്ള സഞ്‌ജുവിന്‍റെ ശ്രമം ആന്‍‍റിച്ച് നോര്‍ജെയുടെ കയ്യില്‍ അവസാനിക്കുകയായിരുന്നു.

തുടര്‍ന്നെത്തിയ റിയാന്‍ പരാഗും നിരാശപ്പെടുത്തി. 11 പന്തില്‍ നിന്ന് ഏഴ് റണ്‍സ് മാത്രം നേടിയ പരാഗിനെ റോവ്മാന്‍ പവല്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ബട്‌ലറുടെ വിക്കറ്റാണ് രാജസ്ഥാന് അവസാനം നഷ്‌ടമായത്. സ്വന്തം പന്തില്‍ മുകേഷ് കുമാറാണ് ഇംഗ്ലീഷ് താരത്തെ പിടികൂടിയത്. ഷിമ്രോൺ ഹെറ്റ്‌മെയര്‍ 21 പന്തില്‍ 39 റണ്‍സുമായും ധ്രുവ് ജൂറല്‍ മൂന്ന് പന്തില്‍ ഏട്ട് റണ്‍സുമായും പുറത്താവാതെ നിന്നു.

ALSO READ: IPL 2023 | നാല്‍പ്പതാം വയസിലും കളിക്കളത്തിലെ തിളക്കം; രഹസ്യം വെളിപ്പെടുത്തി അമിത് മിശ്ര

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.