ETV Bharat / sports

IPL 2023 | പ്ലേഓഫ് ഉറപ്പിക്കാന്‍ ജീവന്‍ മരണപ്പോരാട്ടം ; മൂന്ന് സ്ഥാനത്തിനായ് ഏഴ് ടീമുകള്‍, ശേഷിക്കുന്നത് എട്ട് മത്സരം

author img

By

Published : May 16, 2023, 2:28 PM IST

IPL 2023  IPL  IPL Playoff  ipl playoff qualification scenario  ഐപിഎല്‍  പ്ലേഓഫ്  ഐപിഎല്‍ പ്ലേഓഫ്  ചെന്നൈ സൂപ്പര്‍ കിങ്‌സ്  മുംബൈ ഇന്ത്യന്‍സ്  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍  രാജസ്ഥാന്‍ റോയല്‍സ്
IPL

ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ച ഗുജറാത്ത് ടൈറ്റന്‍സ് മാത്രമാണ് നിലവില്‍ ഐപിഎല്‍ പതിനാറാം പതിപ്പില്‍ പ്ലേഓഫ് ഉറപ്പിച്ചിരിക്കുന്നത്

ഐപിഎല്‍ പതിനാറാം പതിപ്പിലെ ലീഗ് ഘട്ട മത്സരങ്ങള്‍ അവസാനത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ടൂര്‍ണമെന്‍റില്‍ 62 മത്സരം പിന്നിട്ടപ്പോള്‍ ആകെ ഒരു ടീമാണ് പ്ലേഓഫില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 34 റണ്‍സിന് പരാജയപ്പെടുത്തിയ നിലവിലെ ചാമ്പ്യന്മാരാണ് ഇക്കുറി ആദ്യമായി പ്ലേഓഫില്‍ സ്ഥാനം പിടിച്ചത്.

ഇനി ലീഗ് സ്റ്റേജില്‍ എട്ട് മത്സരം മാത്രം ശേഷിക്കെ ഏഴ് ടീമുകളാണ് പ്ലേഓഫിലെ മൂന്ന് സ്ഥാനങ്ങള്‍ക്ക് വേണ്ടി പോരടിക്കുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സും 2016ലെ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമാണ് നിലവില്‍ പുറത്തായ രണ്ട് ടീമുകള്‍. 18 പോയിന്‍റുകളോടെ ഗുജറാത്ത് ഐപിഎല്‍ പതിനാറാം പതിപ്പില്‍ പ്ലേഓഫ് ഉറപ്പിച്ച സാഹചര്യത്തില്‍ മറ്റ് ടീമുകളുടെ സാധ്യതകള്‍ ഇങ്ങനെ.

ചെന്നൈ സൂപ്പര്‍ കിങ്‌സ് : 15 പോയിന്‍റുകളോടെ നിലവിലെ രണ്ടാം സ്ഥാനക്കാരാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ധോണിക്കും സംഘത്തിനും പ്ലേഓഫിലേക്ക് മുന്നേറാന്‍ മെയ്‌ 20ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ജയം ആവശ്യമാണ്. കൂടാതെ നെറ്റ് റണ്‍റേറ്റും ടീമിന് മെച്ചപ്പെടുത്തേണ്ടതുണ്ട്.

നിലവിലെ സാഹചര്യത്തില്‍ മുംബൈ ഇന്ത്യന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, പഞ്ചാബ് കിങ്‌സ് എന്നീ ടീമുകള്‍ ശേഷിക്കുന്ന മത്സരങ്ങളെല്ലാം ജയിച്ചാല്‍ ചെന്നൈയ്‌ക്ക് കാര്യങ്ങള്‍ കടുപ്പമാകും. അടുത്ത മത്സരത്തില്‍ ഡല്‍ഹിയെ വീഴ്‌ത്തിയാല്‍ അനായാസം ചെന്നൈക്ക് മുന്നേറാം. മുംബൈ ഇന്ത്യന്‍സ് ഒരു മത്സരം പരാജയപ്പെടുകയും ചെന്നെ പ്ലേഓഫില്‍ കടക്കുകയും ചെയ്‌താല്‍ ചെന്നൈയ്‌ക്ക് ആദ്യ രണ്ടില്‍ ഒരു സ്ഥാനം സ്വന്തമാക്കാം.

മുംബൈ ഇന്ത്യന്‍സ് : പോയിന്‍റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരാണ് മുംബൈ ഇന്ത്യന്‍സ്. 12 കളികളില്‍ നിന്ന് 14 പോയിന്‍റുകളാണ് നിലവില്‍ രോഹിത്തിനും സംഘത്തിനും. ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിക്കാനായാല്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഒന്ന് സ്വന്തമാക്കി മുംബൈക്കും പ്ലേഓഫില്‍ കടക്കാം. ഒരു തോല്‍വി പോലും ടീമിന്‍റെ മുന്നേറ്റത്തെ ബാധിക്കാന്‍ ഇടയുണ്ട്.

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് : 13 പോയിന്‍റുകളുമായി പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിച്ചാല്‍ ലഖ്‌നൗവിന് അനായാസം പ്ലേഓഫില്‍ ഒരു സ്ഥാനം ഉറപ്പിക്കാം. ഒരു തോല്‍വി വഴങ്ങിയാല്‍ പരമാവധി 15 പോയിന്‍റ് സ്വന്തമാക്കാനേ ലഖ്‌നൗവിന് സാധിക്കൂ. ഇങ്ങനെ വന്നാല്‍ മറ്റ് മത്സരങ്ങളുടെ ഫലത്തെ ആശ്രയിച്ചായിരിക്കും ടീമിനൊരു മുന്നേറ്റം സാധ്യമാകുക.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ : രണ്ട് മത്സരം ശേഷിക്കെ 12 പോയിന്‍റുമായി അഞ്ചാം സ്ഥാനത്തുള്ള ടീമാണ് ആര്‍സിബി. അവസാനത്തെ രണ്ട് കളികളിലും ജയിച്ചാല്‍ അവര്‍ക്കും പ്ലേഓഫ് പ്രതീക്ഷിക്കാം. നിലവില്‍ ചെന്നൈ, മുംബൈ/ലഖ്‌നൗ ടീമുകള്‍ക്ക് ആര്‍സിബിക്ക് നേടാന്‍ കഴിയുന്ന പരമാവധി 16 പോയിന്‍റുകള്‍ മറികടക്കാന്‍ കഴിയും. ഒന്നില്‍ കൂടുതല്‍ ടീമുകള്‍ 16 പോയിന്‍റിലേക്ക് എത്തിയാല്‍ നെറ്റ്‌റണ്‍റേറ്റിനെ ആശ്രയിച്ചായിരിക്കും മുന്നേറ്റം സാധ്യമാകുന്നത്.

രാജസ്ഥാന്‍ റോയല്‍സ് : ശേഷിക്കുന്ന ഒരു മത്സരം ജയിച്ചാല്‍ രാജസ്ഥാന്‍ റോയല്‍സിന് 14 പോയിന്‍റാണ് ആവുക. പ്ലേഓഫിലേക്കുള്ള മുന്നേറ്റം കഠിനമാണെങ്കിലും കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകള്‍ക്ക് മറ്റ് ടീമുകളുടെ തോല്‍വി സംഭവിച്ചാല്‍ പ്രതീക്ഷയ്‌ക്ക് വകയുണ്ട്. മുംബൈ അല്ലെങ്കില്‍ ലഖ്‌നൗ, ആര്‍സിബി എന്നീ ടീമുകള്‍ ശേഷിക്കുന്ന രണ്ട് കളിയും തോല്‍ക്കണം. ഇങ്ങനെ വന്നാല്‍ പഞ്ചാബിനെതിരെ അവസാന മത്സരത്തില്‍ തകര്‍പ്പന്‍ ജയം പിടിച്ച് നെറ്റ്റണ്‍റേറ്റിന്‍റെ സഹായത്തോടെ സഞ്‌ജുവിനും സംഘത്തിനും പ്ലേഓഫിലേക്കെത്താം.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് : 12 പോയിന്‍റുകളുമായി ലീഗ് ടേബിളില്‍ 7-ാം സ്ഥാനത്ത് നില്‍ക്കുന്ന ടീമാണ് കൊല്‍ക്കത്ത. ശേഷിക്കുന്ന ഒരു മത്സരം ജയിച്ചാലും മറ്റ് മത്സരങ്ങളുടെ ജയപരാജയങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും കൊല്‍ക്കത്തയുടെ സാധ്യത. കൂടാതെ നെറ്റ്‌റണ്‍റേറ്റും ടീമിന് മെച്ചപ്പെടുത്തേണ്ടതുണ്ട്.

പഞ്ചാബ് കിങ്‌സ് : 12 കളികളില്‍ നിന്നും 12 പോയിന്‍റോടെ എട്ടാം സ്ഥാനത്താണ് പഞ്ചാബ്. നെഗറ്റീവ് നെറ്റ്റണ്‍റേറ്റുള്ള ടീമിന് പ്ലേഓഫില്‍ സ്ഥാനം പിടിക്കാന്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും വമ്പന്‍ ജയം നേടേണ്ടതുണ്ട്. കൂടാതെ മറ്റ് മത്സരങ്ങളുടെ ഫലത്തിനായും ശിഖര്‍ ധവാനും സംഘത്തിനും കാത്തിരിക്കണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.