ETV Bharat / sports

IPL 2023| 'ബൗളര്‍മാര്‍ക്ക് മേല്‍ നേടുന്ന ആധിപത്യം, അതാണ് അവന്‍റെ ശക്തി'; സൂര്യകുമാര്‍ യാദവിന്‍റെ പ്രകടനത്തില്‍ റോബിന്‍ ഉത്തപ്പ

author img

By

Published : May 4, 2023, 10:25 AM IST

പഞ്ചാബ് കിങ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സ് 6 വിക്കറ്റ് ജയം സ്വന്തമാക്കിയ മത്സരത്തില്‍ ബാറ്റ് കൊണ്ട് നിര്‍ണായക സംഭാവന നല്‍കാന്‍ സൂര്യകുമാര്‍ യാദവിന് സാധിച്ചിരുന്നു. മത്സരത്തില്‍ 31 പന്തില്‍ നിന്നും 66 റണ്‍സാണ് താരം നേടിയത്.

Suryakumar Yadav  Robin Uthappa  PBKS vs MI  IPL 2023  IPL  Robin Uthappa Suryakumar Yadav  Uthappa about Suryakumar Yadav  സൂര്യകുമാര്‍ യാദവ്  സൂര്യകുമാര്‍  റോബിന്‍ ഉത്തപ്പ  ഐപിഎല്‍  ഐപിഎല്‍ 2023  മുംബൈ ഇന്ത്യന്‍സ്  പഞ്ചാബ് കിങ്‌സ്
SKY

മൊഹാലി: ടി20 ലോകറാങ്കിങ്ങിലെ ഒന്നാം റാങ്കുകാരന്‍ സൂര്യകുമാര്‍ യാദവിന് ഐപിഎല്‍ പതിനാറാം പതിപ്പിന്‍റെ തുടക്കം അത്ര ഗംഭീരമായിരുന്നില്ല. ആദ്യത്തെ അഞ്ച് മത്സരങ്ങളില്‍ ഒരു അര്‍ധസെഞ്ച്വറി പോലും നേടാന്‍ സൂര്യകുമാറിന് സാധിച്ചിരുന്നില്ല. മത്സരങ്ങള്‍ രണ്ടാം പകുതിയിലേക്ക് കടന്നതോടെ സൂര്യയും ബാറ്റിങ്ങില്‍ താളം കണ്ടെത്തി.

അവസാന നാല് ഇന്നിങ്‌സില്‍ മൂന്ന് അര്‍ധസെഞ്ച്വറികളാണ് സൂര്യകുമാര്‍ യാദവിന്‍റെ ബാറ്റില്‍ നിന്നും പിറന്നത്. രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിങ്‌സ് ടീമുകള്‍ക്കെതിരെ മുംബൈ 200ന് മുകളില്‍ റണ്‍സ് പിന്തുടര്‍ന്ന് ജയം പിടിച്ചപ്പോള്‍ നിര്‍ണായക പ്രകടനം കാഴ്‌ചവെച്ചത് സൂര്യയാണ്. രാജസ്ഥാനെതിരെ 55 റണ്‍സ് നേടിയ താരം അവസാന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെയും ബാറ്റിങ്ങില്‍ തിളങ്ങി.

പഞ്ചാബിനെതിരായ മത്സരത്തില്‍ നാലാമനായി ക്രീസിലേക്കെത്തിയ സൂര്യ 212 സ്‌ട്രൈക്ക് റേറ്റില്‍ 31 പന്ത് നേരിട്ട് 66 റണ്‍സ് നേടിയാണ് മടങ്ങിയത്. മത്സരം ഏറെക്കുറെ മുംബൈ ഇന്ത്യന്‍സിന്‍റെ കയ്യിലേക്ക് എത്തിച്ച സൂര്യയെ പതിനാറാം ഓവറില്‍ നാഥന്‍ എല്ലിസാണ് വീഴ്‌ത്തിയത്. സൂര്യയുടെ പുറത്താകലിന് പിന്നാലെ ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ടിം ഡേവിഡ് എന്നിവര്‍ ചേര്‍ന്ന് മുംബൈ ഇന്ത്യന്‍സിനെ ജയത്തിലേക്ക് നയിക്കുകയായിരുന്നു.

മത്സരത്തിലെ തകര്‍പ്പന്‍ അര്‍ധസെഞ്ച്വറിക്ക് പിന്നാലെ മുംബൈയുടെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിന് പ്രശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. തന്‍റെ ആത്മവിശ്വാസം സൂര്യ വീണ്ടെടുത്തിട്ടുണ്ടെന്നും തന്‍റെ പഴയ ശൈലിയില്‍ തന്നെ മുംബൈ ബാറ്റര്‍ക്ക് ഇപ്പോള്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുന്നുണ്ടെന്നും ഉത്തപ്പ പറഞ്ഞു. പഞ്ചാബ് മുംബൈ മത്സരത്തിന് ശേഷം ജിയോ സിനിമയിലൂടെയായിരുന്നു ഉത്തപ്പയുടെ പ്രതികരണം.

' തന്‍റെ ആത്മവിശ്വാസം കൊണ്ടാണ് സൂര്യ ബാറ്റ് ചെയ്‌തിരുന്നത്. ഇന്ന് അവന് നഷ്‌ടപ്പെട്ട ആത്മവിശ്വാസമെല്ലാം തിരികെ വന്നതായി കാണാന്‍ കഴിഞ്ഞു. അവന്‍ മുന്‍പും ഇങ്ങനെ ആയിരുന്നു. ബോളര്‍മാര്‍ക്ക് മേല്‍ ആധിപത്യം പുലര്‍ത്തിയായിരുന്നു സൂര്യകുമാര്‍ റണ്‍സ് അടിച്ചുകൂട്ടിയിരുന്നത്.

അങ്ങനെയുള്ള അവനെ ആയിരുന്നു നമുക്കും പരിചയം. അത്തരത്തിലുള്ള ഇന്നിങ്‌സുകള്‍ അവന്‍ കളിക്കണമെന്നായിരുന്നു ഞങ്ങളുടെയും ആഗ്രഹം. അവന് ഏറ്റവും മികച്ച പ്രകടനം നടത്താന്‍ വേണ്ട കാര്യം ബോളര്‍മാര്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിക്കുക എന്നതാണ്. അത് ഇന്ന് കാണാന്‍ കഴിഞ്ഞു' ഉത്തപ്പ പറഞ്ഞു.

പഞ്ചാബിനെതിരെ മുംബൈ ഇന്ത്യന്‍സ് 215 റണ്‍സ് പിന്തുടര്‍ന്ന മത്സരത്തില്‍ ക്രിസ് ഗ്രീനിന്‍റെ വിക്കറ്റിന് പിന്നാലെയാണ് സൂര്യകുമാര്‍ യാദവ് ക്രീസിലേക്കെത്തിയത്. ഈ സമയം 6 ഓവറില്‍ രണ്ട് വിക്കറ്റിന് 54 എന്ന നിലയിലായിരുന്നു മുംബൈ. പിന്നീട് സൂര്യ-ഇഷാന്‍ സഖ്യം ചേര്‍ന്നാണ് മുംബൈ സ്‌കോര്‍ ഉയര്‍ത്തിയത്.

ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 116 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പതിനാറാം ഓവറില്‍ സ്‌കോര്‍ 170ല്‍ നില്‍ക്കെയായിരുന്നു സൂര്യകുമാര്‍ യാദവിന്‍റെ പുറത്താകല്‍. തൊട്ടടുത്ത ഓവറില്‍ മുംബൈ ടോപ്‌ സ്‌കോററായ ഇഷാന്‍ കിഷനും (75) മടങ്ങി. പിന്നാലെ ക്രീസിലൊരുമിച്ച തിലക് വര്‍മ, ടിം ഡേവിഡ് സഖ്യം 7 പന്ത് ശേഷിക്കെ മുംബൈ ഇന്ത്യന്‍സിനെ ജയത്തിലേക്ക് എത്തിക്കുകയായിരുന്നു.

Also Read : IPL 2023| 'ഹിറ്റ്' ആകാതെ 'ഹിറ്റ്‌മാന്‍', പഞ്ചാബിനെതിരെ സംപൂജ്യനായി മടക്കം; നാണക്കേടിന്‍റെ റെക്കോഡ് പട്ടികയിലും സ്ഥാനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.