ETV Bharat / sports

IPL 2023 | 'ധോണി ഇത്തരം തെറ്റുകൾ വരുത്തുമെന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നില്ല' ; ആഞ്ഞടിച്ച് വിരേന്ദര്‍ സെവാഗ്

author img

By

Published : Apr 1, 2023, 7:09 PM IST

ഐപിഎല്ലില്‍ ഗുജറാത്തിനെതിരായ മത്സരത്തില്‍ മൊയീന്‍ അലിക്ക് പന്തുണ നല്‍കാതിരുന്ന എംഎസ്‌ ധോണിയുടെ നടപടിയില്‍ അതൃപ്‌തി പ്രകടിപ്പിച്ച് വിരേന്ദര്‍ സെവാഗ്

IPL 2023  Virender Sehwag  Virender Sehwag on MS Dhoni s captaincy  MS Dhoni  Chennai Super Kings vs Gujarat Titans  Tushar Deshpande  വിരേന്ദര്‍ സെവാഗ്  എംഎസ്‌ ധോണി  ഐപിഎല്‍  ഐപിഎല്‍ 2023  ധോണിയുടെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് സെവാഗ്  ചെന്നൈ സൂപ്പര്‍ കിങ്‌സ്  ഗുജറാത്ത് ടൈറ്റന്‍സ്
'ധോണി ഇത്തരം തെറ്റുകൾ വരുത്തുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നില്ല'

മുംബൈ : ഐപിഎല്ലിന്‍റെ പുതിയ സീസണില്‍ തോല്‍വിത്തുടക്കമാണ് മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ലഭിച്ചത്. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് അഞ്ച് വിക്കറ്റിനാണ് ചെന്നൈയെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ റിതുരാജ് ഗെയ്‌ഗ്‌വാദിന്‍റെ വെടിക്കെട്ട് അര്‍ധ സെഞ്ചുറിയുടെ മികവില്‍ നിശ്ചിത ഓവറില്‍ ഏഴ്‌ വിക്കറ്റിന് 178 റണ്‍സാണ് നേടിയത്.

മറുപടിക്കിറങ്ങിയ ഗുജറാത്ത് ശുഭ്‌മാന്‍ ഗില്ലിന്‍റെ അര്‍ധ സെഞ്ചുറി പ്രകടനത്തോടെ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 182 റണ്‍സെടുത്താണ് മറുപടി നല്‍കിയത്. മത്സരത്തിലെ ചെന്നൈയുടെ തോല്‍വിക്ക് പിന്നാലെ നായകന്‍ എംഎസ്‌ ധോണിയുടെ ക്യാപ്റ്റന്‍സിയെ ചോദ്യം ചെയ്‌ത് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ്. മധ്യ ഓവറുകളിൽ മൊയീൻ അലിയെ ഉപയോഗിക്കാതെ ഇംപാക്‌ട് പ്ലെയറായെത്തിയ തുഷാർ ദേശ്‌പാണ്ഡെയെ പന്തെറിയിപ്പിച്ച ധോണിയുടെ തീരുമാനത്തിലാണ് സെവാഗ് അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നത്.

"മധ്യ ഓവറുകളില്‍ എവിടെയെങ്കിലും മൊയീൻ അലിയെ പന്തേല്‍പ്പിച്ചിരുന്നുവെങ്കില്‍ തുഷാർ ദേശ്‌പാണ്ഡെയെ കൂടുതല്‍ ഉപയോഗിക്കേണ്ടി വരില്ലായിരുന്നു. തുഷാർ കൂടുതല്‍ റണ്‍സ് വഴങ്ങിയിരുന്നു. എം‌എസ് ധോണി ഇത്തരം തെറ്റുകൾ വരുത്തുമെന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നില്ല.

ഒരു വലങ്കയ്യന്‍ ബാറ്റര്‍ ക്രീസിലുണ്ടാവുമ്പോള്‍ ഒരു ഓഫ് സ്പിന്നറെ ഉപയോഗിക്കുന്ന റിസ്ക്-ആൻഡ് റിവാർഡ് സമീപനം പ്രയോഗിക്കാവുന്നതായിരുന്നു" - സെവാഗ് പറഞ്ഞു. ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തിലെ ചര്‍ച്ചയ്‌ക്കിടെയായിരുന്നു സെവാഗിന്‍റെ പ്രതികരണം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ മുന്‍ ബാറ്റര്‍ മഞ്ചോ തിവാരിയും ഈ ചര്‍ച്ചയുടെ ഭാഗമായിരുന്നു.

തുഷാര്‍ ദേശ്‌പാണ്ഡെയ്ക്ക് ധോണി ന്യൂ ബോള്‍ നല്‍കിയത് കണ്ട് താന്‍ അത്ഭുതപ്പെട്ടുവെന്നാണ് തിവാരി പ്രതികരിച്ചത്. "ഇംപാക്റ്റ് പ്ലെയറായെത്തിയ തുഷാർ ദേശ്‌പാണ്ഡെക്ക് അവർ ന്യൂബോള്‍ നല്‍കിയപ്പോള്‍ ഞാൻ അത്ഭുതപ്പെട്ടു. ആഭ്യന്തര ക്രിക്കറ്റിൽ, മത്സരത്തിന്‍റെ അവസാന ഘട്ടങ്ങളിലാണ് അവന്‍ പലപ്പോഴും പന്തെറിഞ്ഞിരുന്നത്. ചെന്നൈ രാജ്‌വർധൻ ഹംഗാർഗേക്കറിന് ന്യൂബോള്‍ നൽകുമെന്നാണ് ഞാൻ കരുതിയത്" - തിവാരി പറഞ്ഞു.

ഐപിഎല്‍ ചരിത്രത്തിലെ ആദ്യ ഇംപാക്‌ട് പ്ലെയറാവാന്‍ കഴിഞ്ഞെങ്കിലും മോശം പ്രകടനമായിരുന്നു തുഷാർ ദേശ്‌പാണ്ഡെ നടത്തിയത്. 3.2 ഓവറില്‍ 51 റണ്‍സ് വഴങ്ങിയ താരത്തിന് ഒരു വിക്കറ്റ് മാത്രമായിരുന്നു നേടാന്‍ കഴിഞ്ഞത്. തന്‍റെ സ്‌പെല്ലില്‍ രണ്ട് നോ ബോളുകളും തുഷാര്‍ എറിഞ്ഞിരുന്നു.

തുഷാർ ദേശ്‌പാണ്ഡെയെ കൂടാതെ സുബ്രാൻഷു സേനാപതി, ഷെയ്‌ഖ് റഷീദ്, അജിങ്ക്യ രഹാനെ, നിശാന്ത് സിന്ധു എന്നിവരായിരുന്നു ചെന്നൈയുടെ പകരക്കാരുടെ പട്ടികയില്‍ ഉണ്ടായിരുന്നത്. ബാറ്റര്‍ അമ്പാട്ടി റായിഡുവിനെ പിന്‍വലിച്ചായിരുന്നു ടീം തുഷാർ ദേശ്‌പാണ്ഡെയെ ഇറക്കിയത്. സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയില്‍ പരീക്ഷിച്ചതിന് ശേഷമാണ് ബിസിസിഐ ഐപിഎല്ലില്‍ ഇംപാക്റ്റ് പ്ലെയര്‍ നിയമം കൊണ്ടുവന്നത്.

ഡൽഹി താരം ഹൃത്വിക് ഷോകീനാണ് ഇന്ത്യൻ ടി20 ചരിത്രത്തിലെ ആദ്യ ഇംപാക്‌ട് പ്ലെയര്‍. സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയില്‍ നിന്നും ഐപിഎല്ലിലേക്ക് എത്തിയപ്പോള്‍ ഇംപാക്റ്റ് പ്ലെയര്‍ നിയമത്തില്‍ ചില മാറ്റങ്ങളും ബിസിസിഐ നടത്തിയിരുന്നു. മുഷ്‌താഖ് അലി ട്രോഫി ഇന്നിങ്‌സിന്‍റെ 14ാം ഓവര്‍ പൂര്‍ത്തിയാകും വരെയായിരുന്നു പകരക്കാരന്‍ താരത്തെ അനുവദിച്ചിരുന്നത്.

ALSO READ: IPL 2023 | ഗുജറാത്തിന് വന്‍ തിരിച്ചടി ; പരിക്കേറ്റ കെയ്‌ന്‍ വില്യംസണ്‍ പുറത്തായതായി റിപ്പോര്‍ട്ട്

എന്നാല്‍ ഐപിഎല്ലില്‍ ഏത് സമയത്തും ഇംപാക്റ്റ് പ്ലെയറെ ടീമുകള്‍ക്ക് കളത്തിലെത്തിക്കാം. ഓസ്‌ട്രേലിയിലെ ടി20 ലീഗായ ബിഗ്‌ ബാഷില്‍ 'എക്‌സ് ഫാക്‌ടര്‍ പ്ലെയര്‍' എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.