ETV Bharat / sports

IPL 2023 | ഗുജറാത്തിന് വന്‍ തിരിച്ചടി ; പരിക്കേറ്റ കെയ്‌ന്‍ വില്യംസണ്‍ പുറത്തായതായി റിപ്പോര്‍ട്ട്

author img

By

Published : Apr 1, 2023, 4:59 PM IST

ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരായ മത്സരത്തിനിടെ പരിക്കേറ്റ ഗുജറാത്ത് ടൈറ്റന്‍സ് താരം കെയ്‌ന്‍ വില്യംസണ്‍ ഐപിഎല്ലില്‍ നിന്ന് പുറത്തായതായി റിപ്പോര്‍ട്ട്

Kane Williamson  Kane Williamson injury  IPL 2023  Kane Williamson news  gujarat titans  chennai super kings  കെയ്‌ന്‍ വില്യംസണ്‍  കെയ്‌ന്‍ വില്യംസണ്‍ പരിക്ക്  Kane Williamson ruled out of IPL 2023  ഗുജറാത്ത് ടൈറ്റന്‍സ്  ഐപിഎല്‍  ഐപിഎല്‍ 2023  ചെന്നൈ സൂപ്പര്‍ കിങ്‌സ്
പരിക്കേറ്റ കെയ്‌ന്‍ വില്യംസണ്‍ പുറത്തായതായി റിപ്പോര്‍ട്ട്

മുംബൈ : ഐപിഎല്‍ 2023 സീസണിലെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിച്ച് മിന്നും തുടക്കമിടാന്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിന് കഴിഞ്ഞിരുന്നു. അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്‍റെ വിജയമായിരുന്നു നിലവിലെ ചാമ്പ്യന്മാര്‍ സ്വന്തമാക്കിയത്. ഈ വിജയത്തിന്‍റെ ആഘോഷം തീരും മുമ്പ് ഗുജറാത്തിന് അല്‍പ്പം നിരാശ പകരുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

സ്റ്റാര്‍ ബാറ്റര്‍ കെയ്‌ന്‍ വില്യംസണിന്‍റെ പരിക്കാണ് ടീമിനെ ആശങ്കയിലാക്കുന്നത്. വലത് കാൽമുട്ടിന് പരിക്കേറ്റ താരത്തിന് ഐപിഎല്ലിലെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ കളിക്കാന്‍ കഴിയുമോയെന്ന കാര്യം സംശയത്തിലാണ്. വില്യംസണിന്‍റെ പരിക്കിന്‍റെ വ്യാപ്തി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

എന്നാല്‍ താരത്തിന് തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഇനി കളിക്കുവാന്‍ കഴിയുമോയെന്ന് ഉറപ്പില്ലെന്ന് ഐപിഎല്‍ ഭരണസമിതിയോട് അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു. വില്യംസണിന് അനിശ്ചിതകാലത്തേക്ക് മത്സര ക്രിക്കറ്റിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുമെന്നാണ് വിവരം. ചെന്നൈ ഇന്നിങ്‌സിന്‍റെ 13ാം ഓവറില്‍ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യവേയാണ് 32കാരനായ വില്യംസണിന് പരിക്കേല്‍ക്കുന്നത്.

റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ സിക്‌സര്‍ ശ്രമം തടയുന്നതിനിടെ നിലതെറ്റി വീണ വില്യംസണിന്‍റെ കാല്‍മുട്ട് നിലത്ത് ഇടിക്കുകയായിരുന്നു. വേദനകൊണ്ട് പുളഞ്ഞ താരം വലതുകാൽമുട്ടില്‍ ഇരുകൈകള്‍ കൊണ്ടും മുറുകെ പിടിക്കുന്നത് കാണാമായിരുന്നു. സപ്പോര്‍ട്ടിങ് സ്റ്റാഫിന്‍റെ സഹായത്തോടെയാണ് ന്യൂസിലന്‍ഡിന്‍റെ മുന്‍ നായകന്‍ കളം വിട്ടത്. പിന്നീട് സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറായി ബി സായി സുദർശനെ ഗുജറാത്ത് ഇറക്കിയിരുന്നു.

അതേസമയം വില്യംസണിന്‍റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് അറിയില്ലെന്നായിരുന്നു മത്സരശേഷം നടന്ന വാർത്താസമ്മേളനത്തിൽ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പറഞ്ഞത്. "അദ്ദേഹത്തിന്‍റെ കാല്‍മുട്ടിനാണ് പരിക്കേറ്റത്. പക്ഷേ എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് കൂടുതല്‍ വ്യക്തതയില്ല.

പരിക്ക് എത്രത്തോളം ഗുരുതരമാണെന്നും, അതുമാറാന്‍ എത്ര സമയമെടുക്കുമെന്നും എനിക്കറിയില്ല" - ഹാര്‍ദിക് പറഞ്ഞു. വില്യംസണ്‍ സ്‌കാനിങ്ങിന് വിധേയനാവുന്നതായും ഹാര്‍ദിക് വ്യക്തമാക്കിയിരുന്നു. "പരിക്കിന്‍റെ തീവ്രത ഈ ഘട്ടത്തിൽ ഞങ്ങൾക്ക് അറിയില്ല. അടുത്ത 24-48 മണിക്കൂര്‍ ഇതുസംബന്ധിച്ച വിലയിരുത്തലുകള്‍ നടക്കും. അതിനുശേഷം കൂടുതൽ കാര്യങ്ങൾ അറിയാന്‍ കഴിയും" - ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ താരലേലത്തില്‍ രണ്ട് കോടി രൂപയ്‌ക്കാണ് ഗുജറാത്ത് ടൈറ്റന്‍സ് കെയ്‌ന്‍ വില്യംസണിനെ സ്വന്തമാക്കിയത്. ഫ്രാഞ്ചൈസിക്കായി താരത്തിന്‍റെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ നിന്നാണ് വില്യംസണ്‍ ഗുജറാത്തിലെത്തുന്നത്. 2015ൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലൂടെ ഐപിഎല്ലില്‍ അരങ്ങേറ്റം നടത്തിയ താരം എട്ട് വര്‍ഷം ഫ്രാഞ്ചൈസിക്കായി കളിച്ചിരുന്നു.

ALSO READ: IPL 2023 | തലയുടെ തകർപ്പൻ സിക്‌സർ റെക്കോഡ് ബുക്കിലും: ഇത് ശരിക്കും വിന്‍റേജ് ധോണി

അതേസമയം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ നിശ്ചിത 20 ഓവറില്‍ ഏഴ്‌ വിക്കറ്റ് നഷ്‌ടത്തില്‍ 178 റണ്‍സാണ് നേടിയത്. ഓപ്പണര്‍ റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയാണ് ടീമിനെ മികച്ച സ്‌കോറില്‍ എത്തിച്ചത്. 50 പന്തില്‍ നാല് ഫോറുകളും ഒമ്പത് സിക്‌സും സഹിതം 92 റണ്‍സായിരുന്നു താരം അടിച്ച് കൂട്ടിയത്.

മറുപടിക്കിറങ്ങിയ ഗുജറാത്ത് 19.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 182 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. അര്‍ധ സെഞ്ചുറിയുമായി തിളങ്ങിയ ശുഭ്‌മാന്‍ ഗില്ലിന്‍റെ പ്രകടനമാണ് സംഘത്തിന് തുണയായത്. 36 പന്തില്‍ ആറ് ഫോറുകളും മൂന്ന് സിക്‌സും സഹിതം 63 റണ്‍സായിരുന്നു ഗില്ലിന്‍റെ സമ്പാദ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.