ETV Bharat / sports

IPL 2023 | റിഷഭ് പന്ത് വന്നു, ഡല്‍ഹിയുടെ മത്സരം കാണാൻ: ആർപ്പ് വിളിച്ച് ഡല്‍ഹി സ്റ്റേഡിയം

author img

By

Published : Apr 4, 2023, 9:28 PM IST

കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ കാര്‍ അപകടത്തില്‍ പെട്ടതിന് ശേഷം ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ്‌ പന്ത്.

IPL 2023  Rishabh Pant  Delhi Capitals  Delhi Capitals vs gujarat titans  Pant first public appearance since accident  IPL  റിഷഭ്‌ പന്ത്  ഡല്‍ഹി ക്യാപിറ്റല്‍സ്  ഗുജറാത്ത് ടൈറ്റന്‍സ്  Rishabh Pant injury  ഐപിഎല്‍ കാണാന്‍ റിഷഭ്‌ പന്ത്
കാര്‍ അപകടത്തിന് ശേഷം റിഷഭ്‌ പന്ത് ആദ്യമായി പൊതുവേദിയില്‍

ന്യൂഡല്‍ഹി: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) ക്രിക്കറ്റിന്‍റെ 16ാം സീസണില്‍ തങ്ങളുടെ ആദ്യ ഹോം മത്സരത്തിന് ഗുജറാത്ത് ടൈറ്റൻസിനെതിരെ ഇറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ മത്സരം കാണാനെത്തി റിഷഭ്‌ പന്ത്. കഴിഞ്ഞ വര്‍ഷം അവസാനം കാര്‍ അപകടത്തില്‍ പെട്ടതിനെ തുടര്‍ന്നാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ നായകനായ റിഷഭ്‌ പന്തിന് സീസണ്‍ നഷ്‌ടമായത്. അപകടത്തിന് ശേഷം ആദ്യമായാണ് പന്ത് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്.

ടീ ഷര്‍ട്ടും ഷോര്‍ട്ട്സും ധരിച്ചാണ് താരം മത്സരം കാണാന്‍ എത്തിയത്. താരത്തെ ഡല്‍ഹി അരുണ്‍ ജയറ്റ്‌ലി സ്റ്റേഡിയത്തിലെ സ്ക്രീനില്‍ കാണിച്ചപ്പോള്‍ ആര്‍പ്പുവിളികളോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. പരിക്കില്‍ നിന്നും സുഖം പ്രാപിച്ച് വരുന്ന പന്ത് വാക്കിങ് സ്റ്റിക്കിന്‍റെ സഹായത്തോടെയാണ് നടക്കുന്നത്.

ഡല്‍ഹിയുടെ ആദ്യ ഹോം മത്സരത്തിന് 25കാരനായ പന്ത് എത്തുമെന്ന് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. കളിക്കാനായില്ലെങ്കിലും പന്ത് തങ്ങളുടെ ടീമിന്‍റെ അഭിവാജ്യ ഘടകമാണെന്ന് ഡല്‍ഹിയുടെ മുഖ്യപരിശീലകന്‍ റിക്കി പോണ്ടിങും പ്രതികരിച്ചിരുന്നു. താരത്തോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നതിന് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ ഡല്‍ഹിയുടെ ആദ്യ മത്സരത്തില്‍ ഡല്‍ഹി ടീമിന്‍റെ ഡഗ് ഔട്ടില്‍ റിഷഭ് പന്തിന്‍റെ പേരെഴുതിയ 17-ാം നമ്പര്‍ ജഴ്‌സി പ്രദര്‍ശിപ്പിച്ചിരുന്നു.

ഇതിന്‍റെ ചിത്രങ്ങള്‍ പന്ത് എപ്പോഴും തങ്ങളുടെ ടീമിനൊപ്പം ഉണ്ടായിരിക്കും എന്ന കുറിപ്പോടെ ഡല്‍ഹി ക്യാപിറ്റല്‍സ് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവയ്‌ക്കുകയും ചെയ്‌തു. എന്നാല്‍, ഡല്‍ഹിയുടെ ഈ പ്രവൃത്തിയില്‍ ബിസിസിഐ അതൃപ്‌തി പ്രകടിപ്പിച്ചുവെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.

ഏതെങ്കിലും താരം വിരമിച്ചാലോ, അല്ലെങ്കില്‍ എന്തെങ്കിലും ദുരന്തങ്ങള്‍ സംഭവിച്ചാലോ മാത്രമേ ഇത്തരം ആദരവ് കാര്യങ്ങള്‍ കായിക രംഗത്ത് പതിവുള്ളൂ. പന്തിന്‍റെ കാര്യം തീര്‍ത്തും വ്യത്യസ്‌തമാണെന്നും വാഹനാപകടത്തില്‍ പരിക്കേറ്റ താരം തിരിച്ചുവരവിന്‍റെ പാതയിലാണ്. ഇക്കാരണത്താല്‍ തന്നെ ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ബിസിസിഐ ഫ്രാഞ്ചൈസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

2022 ഡിസംബര്‍ 30ന് പുലര്‍ച്ചെ ഡല്‍ഹി-ഡെറാഡൂണ്‍ ഹൈവേയില്‍ വച്ചാണ് പന്തിന്‍റെ കാര്‍ അപകടത്തില്‍പ്പെട്ടത്. താരം ഓടിച്ചിരുന്ന ആഢംബര കാര്‍ ഡിവൈഡറില്‍ ഇടിച്ച് കയറുകയറി തീ പിടിക്കുകയായിരുന്നു. തീ പിടിച്ച കാര്‍ പൂര്‍ണമായും കത്തി നശിക്കുകയും ചെയ്‌തു.

വളരെ അത്‌ഭുതകരമായാണ് പന്ത് രക്ഷപ്പെട്ടത്. ആദ്യം ഡെറാഡൂണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തെ തുടര്‍ന്ന് വിദഗ്‌ധ ചികില്‍സയ്ക്കായി മുംബൈയിലെ കോകിലാ ബെന്‍ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. ഇവിടെ വച്ച് പരിക്കേറ്റ കാല്‍മുട്ടിലെ ലിഗമെന്‍റിനുള്ള ശസ്‌ത്രക്രിയ രണ്ട് ഘട്ടമായി പൂര്‍ത്തിയാക്കിയിരുന്നു.

വീട്ടില്‍ ഫിസിയോതെറാപ്പി അടക്കമുള്ള തുടര്‍ ചികില്‍സകള്‍ക്ക് വിധേയനാവുകയാണ് നിലവില്‍ റിഷഭ് പന്ത്. തന്‍റെ വിശേഷങ്ങള്‍ചില ചിത്രങ്ങള്‍ ഉള്‍പ്പെടെ താരം ആരാധകരുമായി സോഷ്യല്‍ മീഡിയില്‍ പങ്കുവയ്‌ക്കാറുണ്ട്. അതേസമയം പന്തിന്‍റെ പകരക്കാരനായി ടീമിലെത്തിയ അഭിഷേക് പോറലിന് ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്ന് അരങ്ങേറ്റത്തിന് അവസരം നല്‍കിയിരുന്നു.

ALSO READ: IPL 2023 | അത് സഞ്ജുവിന്‍റെ രാജസ്ഥാനും കോലിയുടെ ബാംഗ്ലൂരും: ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് സ്ഥാനക്കാരെ പ്രവചിച്ച് മഞ്ജരേക്കർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.