ETV Bharat / sports

IPL 2023 | അത് സഞ്ജുവിന്‍റെ രാജസ്ഥാനും കോലിയുടെ ബാംഗ്ലൂരും: ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് സ്ഥാനക്കാരെ പ്രവചിച്ച് മഞ്ജരേക്കർ

author img

By

Published : Apr 4, 2023, 8:41 PM IST

ഐപിഎല്‍ 2023 സീസണില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഫിനിഷ് ചെയ്യുമെന്ന് സഞ്ജയ് മഞ്ജരേക്കർ.

IPL 2023
IPL 2023

മുംബൈ: ഐ‌പി‌എൽ 2023 സീസണിന് ആവേശ്വജ്ജലമായ തുടക്കമായിരിക്കുകയാണ്. ടൂർണമെന്‍റെ പ്രാരംഭ ഘട്ടം പൂര്‍ത്തിയായപ്പോള്‍ ഓരോ ടീമുകളും തങ്ങളുടെ ശക്തി ആരാധകര്‍ക്ക് മുന്നില്‍ തെളിയിച്ച് കഴിഞ്ഞു. ചില ടീമുകളുടെ ബലഹീനതയും വെളിപ്പെട്ടു.

ആദ്യ മത്സരങ്ങളില്‍ വിജയിച്ച ടീമുകളില്‍ സഞ്‌ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സും ഫാഫ്‌ ഡുപ്ലെസിസ് നയിക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ആധികാരികത പുലര്‍ത്തിയെന്നത് ഏറെ ശ്രദ്ധേയമാണ്. ഇപ്പോഴിതാ ടൂര്‍ണമെന്‍റിന്‍റെ ലീഗ് ഘട്ടത്തില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകളെ പ്രവചിച്ചിരിക്കയാണ് ഇന്ത്യയുടെ മുന്‍ താരങ്ങള്‍.

എസ്‌ ശ്രീശാന്ത്, ദീപ് ദാസ് ഗുപ്‌ത, സഞ്ജയ് മഞ്ജരേക്കർ, മിതാലി രാജ്, ഇര്‍ഫാന്‍ പഠാന്‍, മുഹമ്മദ് കൈഫ് എന്നിവരാണ് ലീഗ്‌ ഘട്ടത്തിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകളെ പ്രവചിച്ചിരിക്കുന്നത്. സഞ്‌ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്, ഫാഫ് ഡുപ്ലെസിസ് നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, കെഎല്‍ രാഹുല്‍ നയിക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ്, ഹാര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനായ ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരെ പിന്തുണച്ച താരങ്ങള്‍ മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവയ്‌ക്ക് സാധ്യത കല്‍പ്പിച്ചില്ലെന്നത് ശ്രദ്ധേയമാണ്.

ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങിക്കൊണ്ടായിരുന്നു രോഹിത് ശര്‍മ നയിക്കുന്ന മുംബൈയും എംഎസ്‌ ധോണി നയിക്കുന്ന ചെന്നൈയും തുടങ്ങിയത്. എന്നാല്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ശക്തമായ തിരിച്ച് വരവാണ് ചെന്നൈ നടത്തിയത്. ശനിയാഴ്‌ചയാണ് മുംബൈ തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങുന്നത്.

ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുകയെന്നാണ് ഇന്ത്യയുടെ മുന്‍ പേസറായ ശ്രീശാന്ത് പറയുന്നത്. ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പർ-ബാറ്റർ ദീപ് ദാസ് ഗുപ്‌ത സാധ്യത നല്‍കുന്നത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനും ഗുജറാത്ത് ടൈറ്റന്‍സിനുമാണ്.

രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുമെന്നാണ് സഞ്ജയ് മഞ്ജരേക്കർ പറയുന്നത്. "സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയൽസും ഫാഫ് ഡു പ്ലെസിസിന്‍റെ റോയൽ ചലഞ്ചേഴ്‌സും മികച്ച ടീമാണെന്ന് തോന്നുന്നു. ലീഗില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ അവര്‍ക്ക് ഫിനിഷ് ചെയ്യാം." മഞ്ജരേക്കർ പറഞ്ഞു.

ഇന്ത്യൻ വനിത ടീമിന്‍റെ മുന്‍ നായികയായിരുന്ന മിതാലി രാജിന്‍റെ അഭിപ്രായത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും രാജസ്ഥാന്‍ റോയല്‍സുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകള്‍. ലഖ്‌നൗവും രാജസ്ഥാനും മികച്ച ടീമുകളാണെന്ന് മിതാലി പറഞ്ഞു.

മഞ്ജരേക്കറുടെ അഭിപ്രായത്തെ പിന്തുണച്ചാണ് ഇന്ത്യയുടെ മുന്‍ പേസ് ഓള്‍ റൗണ്ടറായ ഇര്‍ഫാന്‍ തന്‍റെ പ്രവചനം നടത്തിയത്. രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുമെന്ന് താരം പറഞ്ഞു.

എന്നാല്‍ ശ്രീശാന്തിന്‍റെ അഭിപ്രായത്തെയാണ് മുഹമ്മദ് കൈഫ് പിന്തുണച്ചത്. ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ആദ്യ രണ്ട് സ്ഥാനത്ത് ഫിനിഷ് ചെയ്യുമെന്ന് കരുതുന്നതായി കൈഫ് പറഞ്ഞു.

ALSO READ: IPL 2023 | ബാംഗ്ലൂരിന് പരിക്കിന്‍റെ ലോക്ക്; വിജയത്തുടക്കത്തിന് പിന്നാലെ സ്റ്റാര്‍ ബാറ്റര്‍ പരിക്കേറ്റ് പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.