ETV Bharat / sports

IPL 2023| കുറ്റം ആവര്‍ത്തിച്ചതിന് കൂറ്റന്‍ പിഴ; ചെന്നൈക്കെതിരായ വിജയത്തിന് പിന്നാലെ കൊല്‍ക്കത്തയ്‌ക്ക് കനത്ത തിരിച്ചടി

author img

By

Published : May 15, 2023, 5:54 PM IST

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന് കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് ക്യാപ്റ്റന്‍ നിതീഷ് റാണയ്‌ക്ക് വമ്പന്‍ പിഴ.

IPL 2023  CSK vs KKR  Nitish Rana fined for slow over rate  Nitish Rana  ഐപിഎല്‍  ഐപിഎല്‍ 2023  കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്  നിതീഷ് റാണ  നിതീഷ് റാണയ്‌ക്ക് പിഴ
ചെന്നൈക്കെതിരായ വിജയത്തിന് പിന്നാലെ കൊല്‍ക്കത്തയ്‌ക്ക് കനത്ത തിരിച്ചടി

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ മിന്നും വിജയം നേടാന്‍ കഴിഞ്ഞുവെങ്കിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കനത്ത തിരിച്ചടി. കുറഞ്ഞ ഓവര്‍ നിരക്കിന് കൊല്‍ക്കത്ത ക്യാപ്റ്റന്‍ നിതീഷ് റാണയ്‌ക്ക് വമ്പന്‍ പിഴ. 24 ലക്ഷം രൂപയാണ് നിതീഷ്‌ റാണയ്‌ക്ക് പിഴയായി ഒടുക്കേണ്ടി വരികയെന്ന് ഐപിഎല്‍ പ്രസ്‌താവനയിലൂടെ അറിയിച്ചു.

രണ്ടാം തവണയും കുറ്റം ആവര്‍ത്തിച്ചതിനാലാണ് കൊല്‍ക്കത്ത നായകന്‍റെ പിഴ 24 ലക്ഷത്തിലേക്ക്‌ ഉയര്‍ന്നത്. ക്യാപ്റ്റന് പുറമെ പ്ലേയിങ് ഇലവനിലെ ഇംപാക്‌ട്‌ പ്ലെയര്‍ അടക്കമുള്ള താരങ്ങളും പിഴ ഒടുക്കേണ്ടതുണ്ട്. ഇവര്‍ക്ക് മാച്ച് ഫീയുടെ 25 ശതമാനമോ, ആറ് ലക്ഷം രൂപയോ ഇതില്‍ ഏതാണോ കുറവ് അത്രയും തുകയാണ് പിഴ നല്‍കേണ്ടതെന്നും ഐപിഎല്‍ വ്യക്തമാക്കി.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ തട്ടകമായ ചെപ്പോക്കിലായിരുന്നു കളി നടന്നിരുന്നത്. മത്സരത്തില്‍ ആറ് വിക്കറ്റിന്‍റെ വിജയമാണ് കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് നേടിയിരുന്നത്. ടോസ് നേടിയ നായകന്‍ എംഎസ് ധോണി ബാറ്റിങ്ങ് തെരഞ്ഞെടുത്തതോടെ ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ സൂപ്പര്‍ കിങ്‌സ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 144 റണ്‍സാണ് നേടിയത്.

പേരുകേട്ട ചെന്നൈയുടെ ബാറ്റിങ് നിരയെ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് ബോളര്‍മാര്‍ പിടിച്ചുകെട്ടുകയായിരുന്നു. പുറത്താവാതെ 34 പന്തില്‍ 48 റണ്‍സ് നേടിയ ശിവം ദുബെയാണ് ടീമിന്‍റെ ടോപ് സ്‌കോററായത്. ദുബെയെ കൂടാതെ ഡെവോണ്‍ കോണ്‍വേ (28 പന്തില്‍ 30), രവീന്ദ്ര ജഡേജ (24 പന്തില്‍ 20), റിതുരാജ് ഗെയ്‌ക്‌വാദ് (13 പന്തില്‍ 17), അജിങ്ക്യ രഹാനെ (11 പന്തില്‍ 16) എന്നിവരാണ് ചെന്നൈ നിരയില്‍ രണ്ടക്കം കണ്ട മറ്റ് താരങ്ങള്‍. രണ്ട് വിക്കറ്റുകള്‍ വീതം വീഴ്‌ത്തിയ സുനില്‍ നരെയ്‌ന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവരുടെ പ്രകടനമാണ് കൊല്‍ക്കത്തയ്‌ക്ക് നിര്‍ണായകമായത്.

മറുപടിക്കിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 18.3 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 147 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. ക്യാപ്റ്റന്‍ നിതീഷ്‌ റാണ (44 പന്തില്‍ 57), റിങ്കു സിങ് (43 പന്തില്‍ 54) എന്നിവരുടെ അര്‍ധ സെഞ്ചുറി പ്രകടനമാണ് ടീമിനെ മികച്ച വിജയത്തിലേക്ക് നയിച്ചത്. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരായ റഹ്മാനുള്ള ഗുർബാസ് (4 പന്തില്‍ 1), വെങ്കടേഷ് അയ്യര്‍ (4 പന്തില്‍ 9), ജേസൺ റോയ് (15 പന്തില്‍ 12) എന്നിവരെ നിലയുറപ്പിക്കും മുമ്പ് ദീപക്‌ ചഹാര്‍ മടക്കിയതോടെ കൊല്‍ക്കത്ത കൂട്ടത്തകര്‍ച്ചയിലേക്ക് നീങ്ങുകയായിരുന്നു.

എന്നാല്‍ തുടര്‍ന്ന് ഒന്നിച്ച റിങ്കു സിങ്ങും നിതീഷ് റാണയും ശ്രദ്ധയോടെ കളിച്ച് ടീമിനെ ട്രാക്കിലാക്കി. നാലാം വിക്കറ്റില്‍ 99 റൺസിന്‍റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. ലക്ഷ്യത്തിന് തൊട്ടടുത്ത് റിങ്കു സിങ്‌ റണ്ണൗട്ടായെങ്കിലും പിന്നീടെത്തിയ ആന്ദ്രെ റസ്സലിനൊപ്പം ചേര്‍ന്ന നിതീഷ് റാണ കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

ALSO READ: 'അടുത്ത സീസണിലും ധോണിയുണ്ടാവും', ചെന്നൈ ആരാധകര്‍ക്ക് ആശ്വാസമായി മാനേജ്‌മെന്‍റിന്‍റെ വാക്കുകള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.