ETV Bharat / sports

IPL 2023: ബാറ്റിങ് ഓകെ, ബൗളിങ് ശരിയാകാനുണ്ട്... കിരീടം മാത്രം ലക്ഷ്യമിട്ട് പുതിയ തുടക്കത്തിന് മുംബൈ ഇന്ത്യന്‍സ്

author img

By

Published : Mar 24, 2023, 3:45 PM IST

രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ടിം ഡേവിഡ്, കാമറൂണ്‍ ഗ്രീന്‍, ഡെവാൾഡ് ബ്രെവിസ് തുടങ്ങിയവര്‍ അണിനിക്കുന്ന ശക്തമായ ബാറ്റിങ്‌ നിരയാണ് മുംബൈ ഇന്ത്യന്‍സിന്‍റെ ശക്തി.

IPL 2023  Rohit Sharma  Mumbai Indians  IPL 2023 Mumbai Indians squad  രോഹിത് ശര്‍മ  മുംബൈ ഇന്ത്യന്‍സ്  ഐപിഎല്‍  ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്  cameron green  കാമറൂണ്‍ ഗ്രീന്‍
പുതിയ തുടക്കത്തിന് മുംബൈ ഇന്ത്യന്‍സ്

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങളുള്ള ടീമാണ് മുംബൈ ഇന്ത്യൻസ്. രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന മുംബൈ ഇന്ത്യന്‍സ് അഞ്ച് ഐപിഎല്‍ കിരീടങ്ങളാണ് നേടിയിട്ടുള്ളത്. 2013, 2015, 2017, 2019, 2020 വര്‍ഷങ്ങളിലാണ് ടീം ഐപിഎല്ലില്‍ ചാമ്പ്യന്മാരായത്.

എന്നിരുന്നാലും കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തതിന്‍റെ നാണക്കേട് മാറ്റാനാണ് രോഹിതും സംഘവും ഇത്തവണയിറങ്ങുന്നത്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ആകെയുള്ള 14 മത്സരങ്ങളിൽ നാല് കളികള്‍ മാത്രമാണ് മുംബൈ ഇന്ത്യന്‍സിന് ജയിക്കാന്‍ കഴിഞ്ഞത്. സ്ക്വാഡിൽ വമ്പന്‍ പേരുകളുണ്ടായിട്ടും സന്തുലിതമായ ടീമിറക്കുന്നതില്‍ പരാജയപ്പെട്ടതാണ് സംഘത്തിന് തിരിച്ചടിയായത്.

ഇതോടെ ഇക്കുറി മികച്ച തിരിച്ച് വരവ് നടത്തി കിരീടത്തോടെ അവസാനിപ്പിക്കാന്‍ തന്നെയാവും രോഹിത്തും സംഘവും കളത്തിലിറങ്ങുകയെന്നുറപ്പ്. മത്സരങ്ങള്‍ ഒറ്റയ്‌ക്ക് ജയിപ്പിക്കാന്‍ കഴിവുള്ള ഒരുപിടി താരങ്ങളാണ് ടീമിന്‍റെ പ്രതീക്ഷ. പുതിയ സീസണില്‍ ടീമിന്‍റെ ശക്തിയും ദൗര്‍ബല്യവും പരിശോധിക്കാം.

ശക്തമായമായ ബാറ്റിങ് നിരയാണ് മുംബൈയുടേത്. രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ടിം ഡേവിഡ്, കാമറൂണ്‍ ഗ്രീന്‍, ഡെവാൾഡ് ബ്രെവിസ് തുടങ്ങിയവരാണ് പ്രധാന പേരുകാര്‍. രോഹിത് ശര്‍മയോടൊപ്പം ഇഷാന്‍ കിഷന്‍ തന്നെയാവും ഓപ്പണറായെത്തുക. തുടര്‍ന്ന് തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ടിം ഡേവിഡ്, കാമറൂണ്‍ ഗ്രീന്‍ എന്നിവരും കളിക്കാനെത്തും.

ബുംറയ്‌ക്ക് പകരം മറ്റൊരു ഇന്ത്യന്‍ താരത്തെ കണ്ടെത്താന്‍ മുംബൈയ്‌ക്ക് കഴിഞ്ഞാല്‍ ഡെവാൾഡ് ബ്രെവിസിനും പ്ലേയിങ്‌ ഇലവനില്‍ ഇടം ലഭിച്ചേക്കും. വമ്പന്‍ ഹിറ്റുകള്‍ക്ക് കഴിയുന്ന ഗ്രീനിനെ പവർപ്ലേ മുതലാക്കാന്‍ ഓപ്പണറായും മുംബൈയ്‌ക്ക് കളിപ്പിക്കാന്‍ കഴിയും. പ്രതീക്ഷയ്‌ക്ക് ഒത്ത് ഉയരാന്‍ കഴിഞ്ഞാല്‍ എത്ര ശക്തമായ ബോളിങ് യൂണിറ്റിനേയും നേരിടാന്‍ മുംബൈയുടെ ബാറ്റിങ്‌ നിരയ്‌ക്ക് അനായാസം കഴിയും.

മറുവശത്ത് താരതമ്യേന ദുർബലമായ ബൗളിങ്‌ ലൈനപ്പാണ് മുംബൈയ്‌ക്കുള്ളത്. പേസ് നിരയില്‍ ജസ്‌പ്രീത് ബുംറയുടെ അഭാവമുണ്ടെങ്കിലും ജോഫ്ര ആർച്ചറുടെ സാന്നിധ്യം ടീമിന് മുതല്‍ക്കൂട്ടാണ്. നടുവേദനയെത്തുടര്‍ന്ന് ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായ ബുംറയ്‌ക്ക് ഐപിഎല്ലില്‍ സീസണ്‍ മുഴുവന്‍ നഷ്‌ടമായേക്കും.

കഴിഞ്ഞ സെപ്‌റ്റംബര്‍ മുതല്‍ താരം ഇന്ത്യന്‍ ടീമിനും പുറത്താണ്. ആർച്ചര്‍ക്കൊപ്പം ജേസൺ ബെഹ്‌റൻഡ്രോഫാകും ടീമിലെ മറ്റൊരു പേസര്‍. ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിന്‍റെ ബോളിങ് മികവിലും സംഘത്തിന് പ്രതീക്ഷ എറെയാണ്. എന്നാല്‍ കഴിവു തെളിയിച്ചതും പരിചയ സമ്പന്നരുമായ സ്‌പിന്നര്‍മാരുടെ അഭാവം ടീമിന് തിരിച്ചടിയാണ്. ഷംസ് മുലാനി, പിയൂഷ് ചൗള, കുമാർ കാർത്തികേയ എന്നിവരായിരിക്കും സ്‌പിന്‍ യൂണിറ്റ് കൈകാര്യം ചെയ്യുക.

മലയാളി താരം വിഷ്‌ണു വിനോദിന് ടീം അവസരം നല്‍കുമോയെന്നാണ് കേരളക്കര ഉറ്റുനോക്കുന്നത്. 2017ല്‍ ഹൈദരാബാദിനായി അരങ്ങേറ്റം നടത്തിയ താരം ഇതേവരെ മൂന്ന് മത്സരങ്ങള്‍ മാത്രമാണ് കളിച്ചിട്ടുള്ളത്. ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും പ്രകടനം കാഴ്‌ചവച്ച മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററെ അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് കഴിഞ്ഞ ലേലത്തില്‍ മുംബൈ ടീമിലെടുത്തത്.

മുംബൈ ഇന്ത്യന്‍സ്‌ സ്‌ക്വാഡ്: കാമറൂൺ ഗ്രീൻ, രോഹിത് ശർമ്മ, ഇഷാൻ കിഷൻ, ജസ്പ്രീത് ബുംറ, ടിം ഡേവിഡ്, സൂര്യകുമാർ യാദവ്, ജോഫ്ര ആർച്ചർ, ഡെവാൾഡ് ബ്രെവിസ്, തിലക് വർമ്മ, ജേ റിച്ചാർഡ്‌സൺ, ജേസൺ ബെഹ്‌റൻഡോർഫ്, പിയൂഷ് ചൗള, അർജുൻ ടെണ്ടുൽക്കർ, രമൺദീപ് സിസങ്‌ , ഷംസ് മുലാനി, നേഹൽ വാധേര, കുമാർ കാർത്തികേയ, ഹൃത്വിക് ഷോക്കീൻ, ആകാശ് മധ്വാൾ, അർഷാദ് ഖാൻ, രാഘവ് ഗോയൽ, ഡുവാൻ ജാൻസെൻ, ട്രിസ്റ്റൻ സ്റ്റബ്സ്, വിഷ്ണു വിനോദ്.

മുംബൈ ഇന്ത്യന്‍സ് മത്സരക്രമം

ഏപ്രിൽ 2, 2023 - മുംബൈ ഇന്ത്യൻസ് vs റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ബെംഗളൂരു

ഏപ്രിൽ 8, 2023 - മുംബൈ ഇന്ത്യൻസ് vs ചെന്നൈ സൂപ്പർ കിംഗ്സ്, മുംബൈ

ഏപ്രിൽ 11, 2023 - മുംബൈ ഇന്ത്യൻസ് vs ഡൽഹി ക്യാപിറ്റൽസ്, ഡൽഹി

ഏപ്രിൽ 16, 2023 - മുംബൈ ഇന്ത്യൻസ് vs കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, മുംബൈ

ഏപ്രിൽ 18, 2023 - മുംബൈ ഇന്ത്യൻസ് vs സൺറൈസേഴ്സ് ഹൈദരാബാദ്, ഹൈദരാബാദ്

ഏപ്രിൽ 22, 2023 - മുംബൈ ഇന്ത്യൻസ് vs പഞ്ചാബ് കിങ്‌സ്, മുംബൈ

ഏപ്രിൽ 25, 2023 - മുംബൈ ഇന്ത്യൻസ് vs ഗുജറാത്ത് ടൈറ്റൻസ്, അഹമ്മദാബാദ്

ഏപ്രിൽ 30, 2023 - മുംബൈ ഇന്ത്യൻസ് vs രാജസ്ഥാൻ റോയൽസ്, മുംബൈ

മെയ് 3, 2023 - മുംബൈ ഇന്ത്യൻസ് vs പഞ്ചാബ് കിങ്‌സ്, മൊഹാലി

മെയ് 6, 2023 - മുംബൈ ഇന്ത്യൻസ് vs ചെന്നൈ സൂപ്പർ കിങ്‌സ്, ചെന്നൈ

മെയ് 9, 2023 - മുംബൈ ഇന്ത്യൻസ് vs റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, മുംബൈ

മെയ് 12, 2023 - മുംബൈ ഇന്ത്യൻസ് vs ഗുജറാത്ത് ടൈറ്റൻസ്, മുംബൈ

മെയ് 16, 2023 - മുംബൈ ഇന്ത്യൻസ് vs ലക്‌നൗ സൂപ്പർ ജയന്റ്‌സ്, ലക്‌നൗ

മെയ് 21, 2023 - മുംബൈ ഇന്ത്യൻസ് vs സൺറൈസേഴ്സ് ഹൈദരാബാദ്, മുംബൈ

ALSO READ: 'സൂര്യകുമാര്‍ യാദവ്, ചില താരങ്ങള്‍ എങ്ങനെ സംരക്ഷിക്കപ്പെടുന്നു എന്നതിന്‍റെ ഉത്തമ ഉദാഹരണം'

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.