വിജയം 'കാൽക്കീഴില്‍' എത്തും വരെ കഠിനാധ്വാനം ചെയ്യുക; മാര്‍ഷിന്‍റെ 'വിവാദ ഫോട്ടോ' പങ്കുവച്ച് ട്രാവിസ് ഹെഡ്

വിജയം 'കാൽക്കീഴില്‍' എത്തും വരെ കഠിനാധ്വാനം ചെയ്യുക; മാര്‍ഷിന്‍റെ 'വിവാദ ഫോട്ടോ' പങ്കുവച്ച് ട്രാവിസ് ഹെഡ്
Travis Head posts Mitchell Marsh resting legs over World Cup trophy photo: ഏകദിന ലോകകപ്പ് ട്രോഫിയ്‌ക്ക് മേല്‍ കാല്‍ കയറ്റിവച്ച മിച്ചല്‍ മാര്‍ഷിന്‍റെ ഫോട്ടോ തന്‍റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവച്ച് ട്രാവിസ് ഹെഡ്.
ഹൈദരാബാദ്: ഏകദിന ലോകകപ്പ് 2023-ന്‍റെ (Cricket World Cup 2023) ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷിനെതിരെ (Mitchell Marsh) സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ലോകകപ്പ് ട്രോഫിയ്‌ക്ക് മുകളില്‍ രണ്ട് കാലുകളും കയറ്റിവച്ച മാര്‍ഷിന്‍റെ പ്രവര്‍ത്തിയാണ് ഒരു വിഭാഗം നെറ്റിസണ്‍സിന്‍റെ വിമര്‍ശനത്തിന് ഇടവരുത്തിയത്. മത്സരത്തിന് ശേഷം ഡ്രസിങ് റൂമിലെ വിജയാഘോഷങ്ങളുടെ ചിത്രങ്ങള്‍ ഓസീസ് നായകന്‍പാറ്റ് കമിന്‍സ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരുന്നു.
ഇക്കൂട്ടത്തിലാണ് കയ്യില്‍ ഒരു ബിയറും പിടിച്ച് സോഫയില്‍ ഇരിക്കുന്നതിനിടെ ലോകകപ്പ് ട്രോഫിയില്‍ കാല്‍ കയറ്റിവച്ച മിച്ചല്‍ മാര്‍ഷിന്‍റെ ചിത്രവും ഉള്‍പ്പെട്ടത്. ഓസീസ് താരത്തിന്‍റെ പ്രവര്‍ത്തി ഏറെ അതിരുകടന്നതാണെന്നും ഇതു ലോകകപ്പ് ട്രോഫിയോടുള്ള അനാദരവാണെന്നുമാണ് വിമര്‍ശകര്‍ വാദിച്ചിരുന്നത് (Pat Cummins Instagram story of Mitchell Marsh resting feet on World Cup trophy draws Criticism). എന്നാല്‍ ഓസ്ട്രേലിയന്‍ സംസ്കാരം അനുസരിച്ച് 32-കാരനായ താരത്തിന്‍റെ പ്രവര്‍ത്തി തെറ്റാവില്ലെന്ന് ന്യായീകരിച്ച് മറ്റൊരു ഒരു വിഭാഗം നെറ്റിസണ്‍സും രംഗത്ത് എത്തി.
ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെ മാര്‍ഷിന്‍റെ 'വിവാദ ഫോട്ടോ' സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവച്ചിരിക്കുകയാണ് സഹതാരമായ ട്രാവിസ് ഹെഡ് (Travis Head posts Mitchell Marsh resting legs over World Cup trophy photo). 'വിജയം കാൽക്കീഴിൽ എത്തുന്നതുവരെ കഠിനാധ്വാനം ചെയ്യുക' എന്ന വാചകത്തോടൊപ്പം ലോകകപ്പിന്‍റെ ഇമോജിയും ട്രാവിസ് ഹെഡ് ചിത്രത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്.
അഹമ്മദാബാദില്‍ നടന്ന ഏകദിന ലോകകപ്പ് ഫൈനലില്‍ ആറ് വിക്കറ്റുകള്‍ക്കാണ് ഓസ്‌ട്രേലിയ ഇന്ത്യയെ തോല്‍പ്പിച്ചത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ 50 ഓവറില്‍ 10 വിക്കറ്റ് നഷ്‌ടത്തില്‍ 240 റണ്‍സായിരുന്നു കണ്ടെത്തിയത്.
കെഎല്‍ രാഹുല്‍ (107 പന്തില്‍ 66 റണ്‍സ്) ടീമിന്‍റെ ടോപ് സ്‌കോററായി. 63 പന്തുകളില്‍ 54 റണ്‍സ് നേടിയ വിരാട് കോലിയും 31 പന്തില്‍ 47 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണ് ടീം ടോട്ടലിലേക്ക് പ്രധാന സംഭാവന നല്‍കിയ മറ്റ് താരങ്ങള്‍. മറുപടി ഇറങ്ങിയ ഓസ്‌ട്രേലിയ 43 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യം അടിച്ചെടുക്കുകയായിരുന്നു.
സെഞ്ചുറിയുമായി ട്രാവിസ് ഹെഡാണ് (120 പന്തില്‍ 137) ഓസീസിന്‍റെ അനായാസ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. മാര്‍നസ് ലബുഷെയ്‌ന്‍റെ (110 പന്തില്‍ 58*) പിന്തുണയും ടീമിന് നിര്‍ണായകമായി. ഏകദിന ലോകകപ്പിന്‍റെ ഫൈനലില്‍ ഓസ്‌ട്രേലിയയുടെ ആറാം കിരീടമാണിത്.
