ETV Bharat / sports

ഇന്ത്യയ്‌ക്ക് കണ്ണീര്‍ ; ഓസ്‌ട്രേലിയ ലോക ചാമ്പ്യന്മാര്‍, ട്രാവിസ് ഹെഡിന് സെഞ്ചുറി

author img

By ETV Bharat Kerala Team

Published : Nov 19, 2023, 9:30 PM IST

Updated : Nov 19, 2023, 10:57 PM IST

India vs Australia Cricket World Cup 2023 Final Highlights : ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ ആറ് വിക്കറ്റിന് തകര്‍ത്ത് ഓസ്‌ട്രേലിയ

Cricket World Cup 2023 Final Highlights  India vs Australia  India vs Australia Highlights  Travis Head  Travis Head hit Century in World Cup 2023 Final  ഏകദിന ലോകകപ്പ് 2023  ഇന്ത്യ vs ഓസ്‌ട്രേലി ലോകകപ്പ് ഫൈനല്‍ 2023  ട്രാവിസ് ഹെഡിന് സെഞ്ചുറി  ട്രാവിസ് ഹെഡ്
India vs Australia Cricket World Cup 2023 Final Highlights

അഹമ്മദാബാദ്: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യയ്‌ക്ക് കണ്ണീര്‍. ടീമിന്‍റെ അപരാജിത കുതിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്ക് മുന്നില്‍ അവസാനിച്ചു (India vs Australia Cricket World Cup 2023 Final Highlights). അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ആറ് വിക്കറ്റുകള്‍ക്കാണ് ഓസീസ് വിജയം പിടിച്ചത്. ഏകദിന ലോകകപ്പില്‍ കങ്കാരുക്കളുടെ ആറാം കിരീടമാണിത്.

ഇന്ത്യ നേടിയ 240 റണ്‍സിന് മറുപടിക്ക് ഇറങ്ങിയ ഓസ്‌ട്രേലിയ 43 ഓവറില്‍ വെറും നാല് വിക്കറ്റ് നഷ്‌ടത്തിലാണ് ലക്ഷ്യം മറി കടന്നത്. സെഞ്ചുറി നേടിയ ട്രാവിസ് ഹെഡാണ് (120 പന്തില്‍ 137) ഓസീസിന്‍റെ വിജയ ശില്‍പി. അര്‍ധ സെഞ്ചുറി നേടിയ മാര്‍നസ് ലബുഷെയ്‌ന്‍റെ (110 പന്തില്‍ 58*) പിന്തുണയും നിര്‍ണായകമായി.

ലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ ഓസ്‌ട്രേലിയയ്‌ക്കായി ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ട്രാവിസ് ഹെഡും ചേര്‍ന്ന് ജസ്‌പ്രീത് ബുംറ എറിഞ്ഞ ആദ്യ ഓവറില്‍ 15 റണ്‍സ് നേടി. എന്നാല്‍ രണ്ടാം ഓവറിന്‍റെ ആദ്യ പന്തില്‍ ഡേവിഡ് വാര്‍ണറെ (3 പന്തില്‍ 7) വിരാട് കോലിയുടെ കയ്യിലെത്തിച്ച് മുഹമ്മദ് ഷമി ഇന്ത്യയ്‌ക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ തന്നെ മിച്ചല്‍ മാര്‍ഷിനേയും (15 പന്തില്‍ 15), സ്‌റ്റീവ് സ്‌മിത്തിനേയും (9 പന്തില്‍ 4) വീഴ്‌ത്താനായതോടെ ഇന്ത്യയ്‌ക്ക് പ്രതീക്ഷയായി.

വമ്പന്‍ തിരിച്ചുവരവ് നടത്തിയ ജസ്‌പ്രീത് ബുംറയായിരുന്നു ഇരുവരേയും മടക്കിയത്. പക്ഷെ തുടര്‍ന്ന് ഒന്നിച്ച ട്രാവിസ് ഹെഡും മാര്‍നസ് ലബുഷെയ്‌നും ചേര്‍ന്ന് ഓസീസിനെ മത്സരത്തിലേക്ക് തിരികെ എത്തിച്ചു. ഇന്ത്യന്‍ ബോളര്‍മാര്‍ക്കെതിരെ ഏറെ ശ്രദ്ധയോടെയായിരുന്നു ഇരുവരും തുടക്കത്തില്‍ കളിച്ചത്.

60 പന്തുകളില്‍ നിന്നും അര്‍ധ സെഞ്ചുറിയിലെത്തിയ ഹെഡ്‌ പിന്നീട് ആക്രമണം കടുപ്പിച്ചപ്പോള്‍ ലബുഷെയ്‌ന്‍ പിന്തുണ നല്‍കി. പിന്നീട് 95 പന്തുകളില്‍ നിന്നും ഹെഡ്‌ സെഞ്ചുറിയിലേക്ക് എത്തി. വൈകാതെ 99 പന്തുകളില്‍ നിന്നും ലബുഷെയ്‌നും അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി.

ഒടുവില്‍ സിറാജ് എറിഞ്ഞ 43-ാം ഓവറിന്‍റെ അഞ്ചാം പന്തില്‍ ഹെഡ് മടങ്ങുമ്പോള്‍ വിജയത്തിന് വെറും രണ്ട് റണ്‍സ് മാത്രം അകലെയായിരുന്നു ഓസീസ്. നാലാം വിക്കറ്റില്‍ 192 റണ്‍സാണ് ലബുഷെയ്‌ന്‍-ഹെഡ്‌ സഖ്യം ചേര്‍ത്തത്. തുടര്‍ന്നെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ ആദ്യ പന്തില്‍ തന്നെ ഡബിള്‍ കണ്ടെത്തിയതോടെ അന്തിമ ചിരി ഓസീസിന്‍റേതായി.

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ 50 ഓവറില്‍ 10 വിക്കറ്റ് നഷ്‌ടത്തിലാണ് 240 റണ്‍സ് നേടിയത്. 107 പന്തില്‍ 66 റണ്‍സെടുത്ത കെഎല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. 63 പന്തുകളില്‍ 54 റണ്‍സെടുത്ത വിരാട് കോലിയും, 31 പന്തില്‍ 47 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണ് തിളങ്ങിയ മറ്റ് താരങ്ങള്‍.

ALSO READ: ലോകകപ്പ് ചരിത്രത്തിലാദ്യം ; അപൂര്‍വ റെക്കോഡ് സ്വന്തമാക്കി വിരാട് കോലി

Last Updated : Nov 19, 2023, 10:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.