ETV Bharat / sports

ഐസിസി പ്ലെയർ ഓഫ് ദി മന്ത്: ഹര്‍മന്‍പ്രീത് കൗറിന് ചരിത്ര നേട്ടം

author img

By

Published : Oct 10, 2022, 4:07 PM IST

ICC Player of the Month  Harmanpreet Kaur  Harmanpreet Kaur wins ICC Player of the Month  mohammad rizwan wins ICC Player of the Month  ഐസിസി പ്ലെയർ ഓഫ് ദി മന്ത്  ഹര്‍മന്‍പ്രീത് കൗര്‍  മുഹമ്മദ് റിസ്‌വാന്‍  സ്‌മൃതി മന്ദാന  Smriti Mandana
ഐസിസി പ്ലെയർ ഓഫ് ദി മന്ത്: ഹര്‍മന്‍പ്രീത് കൗറിന് ചരിത്ര നേട്ടം

ഐസിസി പ്ലെയർ ഓഫ് ദി മന്ത് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന റെക്കോഡ് സ്വന്തമാക്കി ഹര്‍മന്‍പ്രീത് കൗര്‍.

ദുബായ്‌: സെപ്‌റ്റംബറിലെ ഐസിസി പ്ലെയർ ഓഫ് ദി മന്ത് വനിതാ വിഭാഗം പുരസ്‌കാരം സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗര്‍. സഹ താരം സ്‌മൃതി മന്ദാന, ബംഗ്ലാദേശ് ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താന എന്നിവരെ പിന്നിലാക്കിയാണ് ഹര്‍മന്‍പ്രീതിന്‍റെ പുരസ്‌കാര നേട്ടം. ഇതോടെ ഐസിസി പ്ലെയർ ഓഫ് ദി മന്ത് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന റെക്കോഡും 33കാരിയായ ഹര്‍മന്‍പ്രീത് സ്വന്തമാക്കി.

സെപ്‌റ്റംബറില്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മിന്നും പ്രകടനമാണ് ഹര്‍മന്‍പ്രീതിന് തുണയായത്. മൂന്ന് മത്സരങ്ങളില്‍ നിന്നും 103.47 ശരാശരിയില്‍ 221 റണ്‍സ് അടിച്ചെടുക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു. മൂന്ന് മത്സരങ്ങളില്‍ ഒരിക്കല്‍ മാത്രമാണ് താരം പുറത്തായത്.

ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയുമുള്‍പ്പെടെയാണ് താരത്തിന്‍റെ പ്രകടനം. ഇതോടെ പരമ്പരയുടെ താരമായും ഹര്‍മന്‍പ്രീത് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പരമ്പര ഇന്ത്യ 3-0ത്തിന് തൂത്തുവാരുകയും ചെയ്‌തു. പുരസ്‌കാര നേട്ടത്തില്‍ സന്തോഷമുണ്ടെന്ന് ഹര്‍മന്‍പ്രീത് പ്രതികരിച്ചു.

"അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടത് വളരെ സന്തോഷകരമാണ്, അത് നേടാനായത് അതിശയകരമായ ഒരു വികാരമാണ്. എന്‍റെ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിലും ചരിത്ര നേട്ടം കൈവരിക്കുന്നതിലും എപ്പോഴും ഞാൻ അഭിമാനിക്കുന്നു. ഇംഗ്ലണ്ടിലെ ഏകദിന പരമ്പര വിജയം എന്‍റെ കരിയറിലെ ഒരു സുപ്രധാന നിമിഷമായി തുടരും.

ക്രിക്കറ്റില്‍ ധാരാളം മികച്ച താരങ്ങളുണ്ട്. അവരിൽ നിന്ന് ഐസിസി വനിത താരമായി തെരഞ്ഞെടുക്കപ്പെട്ടത് ഒരു വ്യക്തിയെന്ന നിലയിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റനെന്ന നിലയിലും ലഭിച്ച പ്രത്യേക അംഗീകാരമാണ്", ഹര്‍മന്‍പ്രീത് കൗര്‍ പറഞ്ഞു.

പാക് ഓപ്പണ്‍ മുഹമ്മദ് റിസ്‌വാനാണ് പുരുഷ വിഭാഗം ജേതാവായത്. ഓസീസിന്‍റെ കാമറൂണ്‍ ഗ്രീന്‍, ഇന്ത്യയുടെ അക്‌സര്‍ പട്ടേല്‍ എന്നിവരെ മറികടന്നാണ് റിസ്‌വാന്‍റെ പുരസ്‌കാര നേട്ടം.

ഏഷ്യ കപ്പിലും തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെയും പ്രകടനമാണ് റിസ്‌വാനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. സെപ്‌റ്റംബറില്‍ കളിച്ച 10 ടി20 മത്സരങ്ങളില്‍ നിന്നും 69.12 ശരാശരിയില്‍ 553 റണ്‍സാണ് റിസ്‌വാന്‍ നേടിയത്.

also read: വനിത ഏഷ്യ കപ്പ്: തായ്‌ലന്‍ഡ് നേടിയത് 37 റണ്‍സ്; ആറോവറില്‍ കളി തീര്‍ത്ത് ഇന്ത്യ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.