ETV Bharat / sports

Cricket World Cup 2023 Bangladesh Team കരുതിയിരിക്കണം ബംഗ്ലാ കടുവകളെ; ഇന്ത്യന്‍ മണ്ണില്‍ പുത്തന്‍ പ്രതീക്ഷയുമായി ഷാക്കിബും സംഘവും

author img

By ETV Bharat Kerala Team

Published : Sep 30, 2023, 4:56 PM IST

Bangladesh Cricket Team in ODI World Cup 2023 : 1992-ല്‍ ലോകകപ്പ് അരങ്ങേറ്റം നടത്തിയ ബംഗ്ലാദേശ് തുടര്‍ന്ന് അരങ്ങേറിയ മുഴുവന്‍ പതിപ്പുകളുടേയും ഭാഗമായിട്ടുണ്ട്.

Bangladesh Cricket Team in ODI World Cup 2023  Bangladesh Cricket Team  ODI World Cup 2023  Cricket World Cup 2023  Shakib Al Hasan  ബംഗ്ലാദേശ് ക്രിക്കറ്റ് ടീം  ഏകദിന ലോകപ്പ്  ഏകദിന ലോകപ്പ് 2023  ഷാക്കിബ് അൽ ഹസന്‍
Cricket World Cup 2023 Bangladesh Team

ഇന്ത്യന്‍ മണ്ണില്‍ അരങ്ങേറുന്ന ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) താരതമ്യേന കുഞ്ഞന്മാരെങ്കിലും ഒരിക്കലും എഴുതി തള്ളാനാവാത്ത ടീമാണ് ബംഗ്ലാദേശ് (Bangladesh team). എതൊരു വമ്പനേയും നേര്‍ക്കുനേര്‍ വെല്ലുവിളിക്കാനുള്ള കരുത്ത് തങ്ങള്‍ക്കുണ്ടെന്ന് അവര്‍ പലകുറി തെളിയിച്ചിട്ടുണ്ട്.

1999-ലാണ് ലോകകപ്പില്‍ ബംഗ്ലാദേശ്‌ ടീം അരങ്ങേറ്റം നടത്തുന്നത്. അന്ന് പാകിസ്ഥാനെ അട്ടിമറിച്ചും സ്‌കോട്‌ലന്‍ഡിനെ തോല്‍പ്പിച്ചുമായിരുന്നു ടീം വരവറിയിച്ചത്. ലോകകപ്പിന്‍റെ തുടര്‍ന്നുള്ള ആറ് പതിപ്പുകളിലും ബംഗ്ലാ കടവുകള്‍ പോരിനിറങ്ങിയിട്ടുണ്ട്. 2003-ല്‍ ഒറ്റ വിജയം പോലും നേടാന്‍ കഴിയാതിരുന്ന ടീം 2007-ലെ തൊട്ടടുത്ത പതിപ്പില്‍ ഞെട്ടിച്ചു.

ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ അട്ടിമറിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീട് ബെര്‍മുഡയേയും കീഴടക്കിയ സംഘം സൂപ്പര്‍ എട്ടിലേക്ക് എത്തിയിരുന്നു. എന്നാല്‍ റൗണ്ട് റോബിന്‍ ഫോര്‍മാറ്റില്‍ നടന്ന സൂപ്പര്‍ എട്ടില്‍ ഒരു വിജയം മാത്രമാണ് ടീമിന് നേടാന്‍ കഴിഞ്ഞത്. എന്നാല്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ ആയിരുന്നു ബംഗ്ലാ കടുവകള്‍ കുടഞ്ഞെറിഞ്ഞത്.

2011-ലെ പതിപ്പിലും വമ്പന്മാരെ വീഴ്‌ത്തുന്ന പ്രകടനം ബംഗ്ലാദേശ് ആവര്‍ത്തിച്ചു. ഇംഗ്ലണ്ടായിരുന്നു ഇത്തവണ ബംഗ്ലാ കടുവകളുടെ ഇരയായത്. അന്ന് ഇംഗ്ലണ്ടിനെ കൂടാതെ അയര്‍ലാന്‍ഡിനെയും നെതര്‍ലന്‍ഡ്‌സിനെയും കീഴടക്കിയ ടീം ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് വിജയങ്ങള്‍ നേടിയിരുന്നു. എന്നാല്‍ നെറ്റ്‌ റണ്‍റേറ്റ് വില്ലനായതോടെ മുന്നേറ്റമുറപ്പിക്കാന്‍ കഴിഞ്ഞില്ല.

2015-ലെ പതിപ്പിലും ബംഗ്ലാദേശ് ടീം മികവ് തുടര്‍ന്നു. ഇംഗ്ലണ്ടിന് ഇത്തവണയും സംഘത്തിന് മുന്നില്‍ അടിപതറി. ഗ്രൂപ്പില്‍ അഫ്‌ഗാനേയും സ്‌കോട്‌ലന്‍ഡിനേയും തോല്‍പ്പിച്ച് ക്വാര്‍ട്ടറിന് ടിക്കറ്റെടുക്കാനും ടീമിന് കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യയോടേറ്റ തോല്‍വി സംഘത്തിന് പുറത്തേക്കുള്ള വാതില്‍ തുറന്നു. 2019-ലെ പതിപ്പില്‍ എട്ടാം സ്ഥാനത്തായിരുന്നു ബംഗ്ലാദേശ് ഫിനിഷ്‌ ചെയ്‌തത്.

ഇത്തവണ ഷാക്കിബ് അൽ ഹസന്‍റെ (Shakib Al Hasan) നേതൃത്വത്തില്‍ പുത്തന്‍ പ്രതീക്ഷകളുമായാണ് ബംഗ്ലാദേശ് എത്തുന്നത്. സ്‌പിന്‍ നിരയാണ് ബംഗ്ലാ ടീമിന്‍റെ കരുത്ത്. ഫോര്‍മാറ്റില്‍ ഒന്നാം നമ്പര്‍ ഓള്‍ റൗണ്ടറായ ക്യാപ്റ്റന്‍ ഷാക്കിബ് അൽ ഹസനൊപ്പം മെഹിദി ഹസൻ മിറാസ്, ഷോരിഫുല്‍ ഇസ്‌ലാം തുടങ്ങിയവരെ കരുതിയിരിക്കേണ്ടതുണ്ട്. ബാറ്റിങ്ങിലേക്ക് എത്തുമ്പോള്‍ ലിറ്റൺ ദാസ്, തൻസീദ് ഹസൻ തമീം, നജ്മുൽ ഹൊസൈൻ ഷാന്‍റോ തുടങ്ങിയവരുടെ പ്രകടനം നിര്‍ണായകമാവും. തസ്‌കിന്‍ അഹ്‌മദ്, മുസ്‌തഫിസുര്‍ റഹ്‌മാന്‍, ഹസന്‍ മഹ്‌മൂദ് എന്നിവരാണ് പ്രധാന പേസര്‍മാര്‍.

ലോകകപ്പ് ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരസ്യമായ വിഴുപ്പലക്കലിന് വഴിയൊരുക്കിയിരുന്നു. വെറ്ററന്‍ തമീം ഇഖ്ബാലിന്‍റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ബംഗ്ലാദേശ് ടീമിലെ തമ്മിലടിയാണ് പരസ്യമായത്. ഏകദിനത്തില്‍ ടീമിന്‍റെ മുൻനിര റൺ വേട്ടക്കാരനായ തമീം ഇഖ്ബാല്‍ നേരത്തെ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

ALSO READ: Cricket World Cup 2023 Afghanistan Team: ലക്ഷ്യം ലോക കിരീടം തന്നെ, സ്വപ്‌നക്കുതിപ്പ് നടത്താൻ അഫ്‌ഗാനിസ്ഥാൻ

എന്നാല്‍ ലോകകപ്പിനായി തന്‍റെ തീരുമാനം പിന്‍വലിച്ച താരം ഇന്ത്യയില്‍ വീണ്ടും ബാറ്റെടുക്കാന്‍ തയ്യാറായിരുന്നു. പക്ഷെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാല്‍ തമീമിന് ബംഗ്ലാദേശിന്‍റെ ലോകകപ്പ് സ്‌ക്വാഡില്‍ ഇടം ലഭിച്ചില്ല. താരത്തെ ടീമിലെടുത്താല്‍ നായക സ്ഥാനത്ത് നിന്ന് താന്‍ രാജിവയ്‌ക്കുമെന്ന് ഷാക്കിബ് അൽ ഹസന്‍ ഭീഷണി മുഴക്കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരികയും ചെയ്‌തു.

എകദിന ലോകകപ്പ് ബംഗ്ലാദേശ് സ്‌ക്വാഡ് (ODI World Cup 2023 Bangladesh Squad): ഷാക്കിബ് അൽ ഹസൻ (ക്യാപ്‌റ്റന്‍), ലിറ്റൺ കുമർ ദാസ്, തൻസീദ് ഹസൻ തമീം, നജ്മുൽ ഹൊസൈൻ ഷാന്റോ (വൈസ് ക്യാപ്‌റ്റന്‍), തൗഹിദ് ഹൃദോയ്, മുഷ്ഫിഖുർ റഹീം, മഹ്‌മുദുള്ള റിയാദ്, മെഹിദി ഹസൻ മിറാസ്, നാസും അഹമ്മദ്, ഷാക് മഹിദി ഹസൻ, തസ്‌കിന്‍ അഹ്‌മദ്, മുസ്‌തഫിസുര്‍ റഹ്‌മാന്‍, ഹസന്‍ മഹ്‌മൂദ്, ഷോരിഫുല്‍ ഇസ്‌ലാം, തന്‍സിം ഹസന്‍ സാകിബ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.