ETV Bharat / sports

IND VS AUS: അശ്വിന് 6 വിക്കറ്റ്; ഓസീസിനെ 480 റണ്‍സില്‍ പിടിച്ചുകെട്ടി ഇന്ത്യ

author img

By

Published : Mar 10, 2023, 4:12 PM IST

Updated : Mar 10, 2023, 4:49 PM IST

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ അഹമ്മദാബാദ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്‌സില്‍ 480 റണ്‍സെടുത്ത് ഓസ്‌ട്രേലിയ. ഇന്ത്യക്കായി ആര്‍ അശ്വിന്‍ ആറ് വിക്കറ്റുകള്‍ നേടി.

border gavaskar trophy  ind vs aus 4th test score updates  ind vs aus  india vs australia  ഇന്ത്യ vs ഓസ്‌ട്രേലിയ  usman khawaja  cameron green  കാമറൂണ്‍ ഗ്രീന്‍  അഹമ്മദാബാദ് ടെസ്റ്റ്  ആര്‍ അശ്വിന്‍  r ashwin
IND VS AUS: അശ്വിന് ആറ് വിക്കറ്റ്; ഓസീസിനെ 480 റണ്‍സില്‍ പിടിച്ചുകെട്ടി ഇന്ത്യ

അഹമ്മദാബാദ്: ഇന്ത്യയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ നാലാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്‌സില്‍ വമ്പന്‍ സ്‌കോര്‍ ഉയര്‍ത്തി ഓസീസ്. ടോസ് നേടി ബാറ്റു ചെയ്യാനിറങ്ങിയ സന്ദര്‍ശകര്‍ 167.2 ഓവറില്‍ 480 റണ്‍സെടുത്താണ് പുറത്തായത്. സെഞ്ച്വറി നേടിയ ഉസ്‌മാന്‍ ഖവാജ, കാമറൂണ്‍ ഗ്രീന്‍ എന്നിവരുടെ പ്രകടനമാണ് ഓസീസിന് തുണയായത്.

422 പന്തില്‍ 180 റണ്‍സെടുത്ത ഖവാജയാണ് ഓസീസിന്‍റെ ടോപ് സ്‌കോറര്‍. കാമറൂണ്‍ ഗ്രീന്‍ 170 പന്തില്‍ 144 റണ്‍സെടുത്തു. ഇന്ത്യയ്‌ക്കായി ആര്‍ അശ്വിന്‍ ആറ് വിക്കറ്റുകള്‍ വീഴ്‌ത്തി. ബാറ്റര്‍മാരെ പിന്തുണയ്‌ക്കുന്ന പിച്ചില്‍ സ്‌പിന്നര്‍മാര്‍ക്ക് കാര്യമായ ടേണും ബൗണ്‍സും, പേസര്‍മാര്‍ക്ക് സ്വിങ്ങോ ലഭിക്കാത്തതാണ് ഇന്ത്യയ്‌ക്ക് തിരിച്ചടിയായത്.

മത്സരത്തിന്‍റെ രണ്ടാം ദിനമായ ഇന്ന് നാല് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സ് എന്ന നിലയിലാണ് ഓസീസ് ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് പുനരാരംഭിച്ചത്. തലേദിവസം പുറത്താവാതെ നിന്നിരുന്ന ഉസ്‌മാന്‍ ഖവാജയും കാമറൂണ്‍ ഗ്രീനും ഉറച്ച് നിന്നതോടെ തുടക്കം തന്നെ വിക്കറ്റുകള്‍ വീഴ്‌ത്തി സന്ദര്‍ശകരെ സമ്മര്‍ദത്തിലാക്കാമെന്ന ഇന്ത്യന്‍ തന്ത്രം പാളി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബോളര്‍മാരെ മാറിമാറി പരീക്ഷിച്ചിട്ടും ഈ കൂട്ടുകെട്ട് തകര്‍ക്കാന്‍ ഇന്ത്യ പ്രയാസപ്പെട്ടു.

ഖവാജ പ്രതിരോധത്തിലൂന്നിയപ്പോള്‍ കാമറൂണ്‍ ഗ്രീന്‍ ഏകദിന ശൈലിയിലായിരുന്നു ബാറ്റ്‌ വീശിയത്. ലഞ്ചിന് ശേഷം ഗ്രീനിനെ വീഴ്‌ത്തി അശ്വിനാണ് ഇന്ത്യയ്‌ക്ക് കാത്തിരൂന്ന ബ്രേക്ക് ത്രൂ നല്‍കിയത്. 170 പന്തുകളില്‍ 114 റണ്‍സെടുത്താണ് ഗ്രീന്‍ മടങ്ങിയത്. താരത്തിന്‍റെ കരിയറിലെ ആദ്യ ടെസ്റ്റ് സെഞ്ച്വറിയാണിത്.

അഞ്ചാം വിക്കറ്റില്‍ ഖവാജയും ഗ്രീനും ചേര്‍ന്ന് 208 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഈ സമയം 130.2 ഓവറില്‍ അഞ്ച് വിക്കറ്റിന് 378 റണ്‍സാണ് ഓസീസ് ടോട്ടലിലുണ്ടായിരുന്നത്. തുടര്‍ന്നെത്തിയ അലക്‌സ് ക്യാരിയേയും ഇതേ ഓവറിന്‍റെ അവസാന പന്തില്‍ അശ്വിന്‍ തിരികെ കയറ്റി. കൂറ്റനടിക്ക് ശ്രമിച്ച താരത്തെ അക്‌സര്‍ പട്ടേല്‍ പിടികൂടുകയായിരുന്നു.

മൂന്ന് പന്തുകള്‍ നേരിട്ട ക്യാരിക്ക് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. എട്ടാം നമ്പറിലെത്തിയ മിച്ചല്‍ സ്റ്റാര്‍ക്കിന് ആറ് റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. അശ്വിന്‍റെ പന്തില്‍ ശ്രേയസ് അയ്യര്‍ പിടികൂടിയായിരുന്നു സ്റ്റാര്‍ക്ക് തിരികെ കയറിയത്. പിന്നാലെ ഖവാജയും വീണു.

അക്‌സറിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് ഓസീസ് ഓപ്പണര്‍ തിരികെ കയറിയത്. 21 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ഖവാജയുടെ മാരത്തണ്‍ ഇന്നിങ്‌സ്. ഈ സമയം 146.1 ഓവറില്‍ 409 റണ്‍സാണ് ഓസീസ് ടോട്ടലിലുണ്ടായിരുന്നത്. ഒമ്പതാം വിക്കറ്റില്‍ ഒന്നിച്ച നഥാന്‍ ലിയോണും ടോഡ് മര്‍ഫിയും ചേര്‍ന്ന് നിര്‍ണായകമായ 70 റണ്‍സാണ് കണ്ടെത്തിയത്.

61 പന്തില്‍ 41 റണ്‍സ് നേടിയ മര്‍ഫിയെ വിക്കറ്റിന് മുന്നില്‍ കുടുക്കി അശ്വിനാണ് വീണ്ടും ഇന്ത്യയുടെ രക്ഷയ്‌ക്കെത്തിയത്. പിന്നാലെ ലിയോണിനെ കോലിയുടെ കയ്യിലെത്തിച്ച അശ്വിന്‍ ആറ് വിക്കറ്റ് തികയ്‌ക്കുകയും ഓസീസ് ഇന്നിങ്‌സ് അവസാനിപ്പിക്കുകയും ചെയ്‌തു. 96 പന്തില്‍ 34 റണ്‍സായിരുന്നു ലിയോണിന്‍റെ സമ്പാദ്യം. മാത്യൂ കുഹ്‌നെമാന്‍ (7 പന്തില്‍ 0*) പുറത്താവാതെ നിന്നു.

ഇന്ത്യയ്‌ക്കായി അശ്വിനെ കൂടാതെ മുഹമ്മദ് ഷമി രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും നേടി.

ALSO READ: 21-ാം നൂറ്റാണ്ടില്‍ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം ഓസീസ് ഓപ്പണറായി ഉസ്‌മാന്‍ ഖവാജ

Last Updated : Mar 10, 2023, 4:49 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.