ETV Bharat / sports

ഓരൊറ്റ ഓസീസ് താരവുമില്ല, ഇന്ത്യന്‍ നിരയില്‍ നിന്നും 6 പേര്‍; ഈ വര്‍ഷത്തെ ഏകദിന ടീം തെരഞ്ഞെടുത്ത് ആകാശ് ചോപ്ര

author img

By ETV Bharat Kerala Team

Published : Dec 30, 2023, 1:27 PM IST

Aakash Chopra picks ODI Team of the Year 2023: ആകാശ് ചോപ്ര തെരഞ്ഞെടുത്ത ഈ വര്‍ഷത്തെ ഏകദിന ടീമിന്‍റെ ക്യാപ്റ്റനായി രോഹിത് ശര്‍മ.

ODI team of the year 2023  ഏകദിന ടീം 2023  Aakash Chopra  ആകാശ് ചോപ്ര
Aakash Chopra includes 6 Indian players in his ODI team of the year 2023

മുംബൈ : കായിക ലോകത്ത് നിറയെ അടയാളപ്പെടുത്തലുകളുമായി ഏറെ സംഭവബഹുലമായി തന്നെ 2023 വിടപറയാന്‍ ഒരുങ്ങുകയാണ്. ഇതിനിടെ ഈ വര്‍ഷത്തെ ഏകദിന ടീമിനെ തെരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ബാറ്ററും കമന്‍റേറ്ററുമായ ആകാശ് ചോപ്ര (Aakash Chopra picks ODI Team of the Year 2023).

വര്‍ഷാവസാനത്തില്‍ ഇന്ത്യന്‍ മണ്ണില്‍ അരങ്ങേറിയ ഏകദിന ലോകകപ്പില്‍ വിജയിച്ച ഓസ്‌ട്രേലിയയുടെ ഒരൊറ്റ കളിക്കാരനെയും ഉള്‍പ്പെടുത്താതെയാണ് ആകാശ് ചോപ്രയുടെ ടീം തെരഞ്ഞെടുപ്പ്. ടീമില്‍ ഇന്ത്യന്‍ താരങ്ങളുടെ ആധിപത്യമുണ്ടെങ്കിലും ജസ്‌പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ശ്രേയസ് അയ്യര്‍ എന്നിവരെ ആകാശ് ചോപ്ര പരിഗണിച്ചില്ല എന്നത് ശ്രദ്ധേയമാണ്. ഇന്ത്യന്‍ നിരയില്‍ നിന്നും ശുഭ്‌മാന്‍ ഗില്‍, രോഹിത് ശര്‍മ, വിരാട് കോലി, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരാണ് ടീമില്‍ ഇടം നേടിയിരിക്കുന്നത്. റിസര്‍വ് താരങ്ങളുടെ പട്ടികയില്‍ കെഎല്‍ രാഹുലുമുണ്ട്.

ഇന്ത്യയുടെ ശുഭ്‌മാന്‍ ഗില്ലും രോഹിത് ശര്‍മയുമാണ് ടീമിന്‍റെ ഓപ്പണര്‍മാര്‍. രോഹിത്താണ് ടീമിന്‍റെ ക്യാപ്റ്റന്‍. ഏകദിന ലോകകപ്പിലെ ക്യാപ്റ്റന്‍സി മികവാണ് ഇതിന് കാരണമെന്നും ആകാശ് ചോപ്ര പറഞ്ഞു. ഈ വര്‍ഷം 27 മത്സരങ്ങളിൽ നിന്ന് 52 ശരാശരിയിലും 117 സ്‌ട്രൈക്ക് റേറ്റിലും രണ്ട് സെഞ്ചുറികളും ഒമ്പത് അർധ സെഞ്ചുറികളും സഹിതം 1255 റൺസാണ് രോഹിത് നേടിയിട്ടുള്ളത്. 29 മത്സരങ്ങളിൽ നിന്ന് 63 ശരാശരിയിലും 105 സ്‌ട്രൈക്ക് റേറ്റിലും അഞ്ച് സെഞ്ചുറികളും ഒമ്പത് അർധ സെഞ്ചുറികളും സഹിതം 1584 റൺസാണ് ഗില്ലിന്‍റെ സമ്പാദ്യം.

മൂന്നാം നമ്പറില്‍ വിരാട് കോലിയാണ് എത്തുക. കഴിഞ്ഞ ഏകദിന ലോകകപ്പിലെ ടോപ്‌ സ്‌കോററാണ് കോലി. 27 മത്സരങ്ങളിൽ നിന്ന് 72 ശരാശരിയിലും 99 സ്ട്രൈക്ക് റേറ്റിലും ആറ് സെഞ്ചുറികളും എട്ട് അർധ സെഞ്ചുറികളും സഹിതം 1377 റൺസാണ് താരം നേടിയിട്ടുള്ളത്. നാലാം നമ്പറില്‍ ന്യൂസിലന്‍ഡിന്‍റെ ഡാരില്‍ മിച്ചല്‍, അഞ്ചാം നമ്പറില്‍ പാകിസ്ഥാന്‍റെ മുഹമ്മദ് റിസ്‌വാന്‍ എന്നിങ്ങനെയാണ് ടീമിലെ ബാറ്റിങ് യൂണിറ്റ്.

ലോകകപ്പില്‍ ന്യൂസിലന്‍ഡിനായി നിര്‍ണായക പ്രകടനം നടത്തിയ താരമാണ് മിച്ചല്‍. ഈ വർഷം അഞ്ച് സെഞ്ചുറികൾ അടിച്ച താരം 1204 റൺസ് നേടിയിട്ടുണ്ട്. 100 സ്‌ട്രൈക്ക് റേറ്റും 52 ശരാശരിയുമുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് റിസ്‌വാനെ ടീമിലെടുത്തിരിക്കുന്നത്. രാഹുലുമായി മത്സരമുണ്ടെങ്കിലും താന്‍ റിസ്‌വാനൊപ്പം പോവുകയാണെന്ന് ചോപ്ര പറഞ്ഞു. ഈ വര്‍ഷം 25 മത്സരങ്ങളിൽ നിന്ന് 64 ശരാശരിയിലും 93 സ്‌ട്രൈക്ക് റേറ്റിലും ഒരു സെഞ്ചുറിയും ഏഴ് അർധസെഞ്ചുറികളും ഉൾപ്പെടെ 1023 റൺസാണ് പാക് താരം നേടിയിട്ടുള്ളത്.

സ്‌പിന്‍ ഓള്‍റൗണ്ടറായി ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസനും പേസ് ഓള്‍റൗണ്ടറായി ദക്ഷിണാഫ്രിക്കയുടെ മാര്‍കോ ജാന്‍സനും ടീമിലെത്തി. ഈ വർഷം 22 ഇന്നിങ്‌സുകളിൽ നിന്ന് 35.00 ശരാശരിയിലും 89.85 സ്‌ട്രൈക്ക് റേറ്റിലും 735 റൺസാണ് ഷാക്കിബ് നേടിയത്. 4.68 എന്ന മികച്ച ഇക്കോണമിയില്‍ 23 വിക്കറ്റുകളും താരം വീഴ്ത്തി. എന്നാല്‍ ഏകദിന ലോകകപ്പില്‍ ഷാക്കിബിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ചോപ്ര എടുത്തു പറഞ്ഞു. 20 മത്സരങ്ങളില്‍ നിന്നും 33 വിക്കറ്റുകളും 406 റണ്‍സുമാണ് മാര്‍ക്കോ ജാന്‍സന്‍ നേടിയിട്ടുള്ളത്.

കുല്‍ദീപ് യാദവാണ് സ്‌പെഷ്യലിസ്റ്റ് സ്‌പിന്നര്‍. 28 മത്സരങ്ങളില്‍ നിന്നും 48 വിക്കറ്റുകളാണ് കുല്‍ദീപ് യാദവ് വീഴ്‌ത്തിയിട്ടുള്ളത്. 19.8 ശരാശരിയുള്ള താരത്തിന്‍റെ ഇക്കോണമി 4.6 മാത്രമാണ്. ഇന്ത്യയുടെ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ക്കൊപ്പം ദക്ഷിണാഫ്രിക്കയുടെ ജെറാള്‍ഡ്‌ കോറ്റ്‌സിയാണ് മൂന്നാം പേസര്‍.

ഏകദിന ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരനായ താരമാണ് ഷമി. 19 മത്സരങ്ങളില്‍ നിന്നും 16.4 ശരാശരിയില്‍ 5.3 ഇക്കോണമിയില്‍ 43 വിക്കറ്റുകളാണ് ഈ വര്‍ഷം ആകെ ഷമി വീഴ്‌ത്തിയിട്ടുള്ളത്. 25 മത്സരങ്ങളില്‍ നിന്നും 44 വിക്കറ്റുകളാണ് സിറാജിന്‍റെ സമ്പാദ്യം. 14 മത്സരങ്ങളില്‍ നിന്നും 31 വിക്കറ്റുകളാണ് കോറ്റ്‌സി നേടിയിട്ടുള്ളത്. 23.2 ശരാശരിയും 6.5 ഇക്കോണമിയുമാണ് പ്രോട്ടീസ് താരത്തിനുള്ളത്.

പാകിസ്ഥാന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി, ഇന്ത്യന്‍ മധ്യനിര ബാറ്റര്‍ കെഎല്‍ രാഹുല്‍, ഓസീസ് സ്‌പിന്നര്‍ ആദം സാംപ, ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്ര എന്നിവരെയാണ് ആകാശ് ചോപ്ര റിസര്‍വ്‌ താരങ്ങളായി തെരഞ്ഞെടുത്തിരിക്കുന്നത്.

ALSO READ: 'അതൊക്കെ വെറും കോമഡി ആയിരുന്നു'; തുറന്നടിച്ച് സുനില്‍ ഗവാസ്‌കര്‍

ആകാശ് ചോപ്രയുടെ 2023-ലെ ഏകദിന ടീം: രോഹിത് ശർമ്മ (സി), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ഡാരിൽ മിച്ചൽ, മുഹമ്മദ് റിസ്‌വാൻ, ഷാക്കിബ് അൽ ഹസൻ, മാർക്കോ ജാൻസെൻ, ജെറാൾഡ് കോറ്റ്‌സി, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.