ETV Bharat / opinion

സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം: വ്‌ളാദിമിർ പുടിനേറ്റ കനത്ത തിരിച്ചടി

author img

By

Published : Oct 7, 2022, 11:08 PM IST

Updated : Oct 8, 2022, 10:18 AM IST

റഷ്യയിലേയും ബെലാറസിലേയും സര്‍ക്കാരുകള്‍ മനുഷ്യാവകാശങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂടങ്ങളാണെന്ന് നോര്‍വീജിയന്‍ നൊബേല്‍ സമിതി അധ്യക്ഷ പ്രതികരിച്ചു

Nobel Peace Prize  സമാധാന നൊബേല്‍ പുരസ്‌കാരം  പുടിനെതിരായുള്ള ശക്തമായ സന്ദേശം  റഷ്യയിലേയും ബെലാറസിലേയും സര്‍ക്കാറുകള്‍  മെമ്മോറിയല്‍  Nobel Peace Prize analysis  Nobel rebuke to putin
ഈ വര്‍ഷത്തെ സമാധാന നൊബേല്‍ പുരസ്‌കാരം പുടിനെതിരായുള്ള ശക്തമായ സന്ദേശം

ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാദിമിർ പുടിനുള്ള ഏറ്റവും വലിയ വിമര്‍ശനമാണ്. ബെലാറസ് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അലസ് ബിയാലിയാറ്റ്സ്‌കിക്കും റഷ്യയില്‍ നിന്നും യുക്രൈനില്‍ നിന്നുമുള്ള മനുഷ്യാവകാശ സംഘടനകളായ മെമ്മോറിയലിനും സെന്‍റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിനുമാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പുടിന്‍റെ യുക്രൈനിലെ സൈനിക നടപടിയെ കടുത്ത ഭാഷയില്‍ അപലപിക്കുന്ന രീതിയിലായിരിക്കുമെന്ന് നേരത്തെ പ്രതീക്ഷിക്കപ്പെട്ടതാണ്.

മെമ്മോറിയല്‍ പുടിന്‍റെ നയങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന സംഘടനയാണ്. അലസ്‌ ബിയാലിയാറ്റ്‌സ്‌കി പുടിനെ പിന്തുണയ്‌ക്കുന്ന ബെലാറസ് പ്രസിഡന്‍റ് അലക്‌സാണ്ടര്‍ ലുകാഷെന്‍കോയുടെ കടുത്ത വിമര്‍ശകനാണ്. സെന്‍റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് യുക്രൈനില്‍ റഷ്യന്‍ സൈന്യത്തിന്‍റെ മനുഷ്യാവകാശ ലംഘനങ്ങള്‍ തുറന്ന് കാട്ടുന്ന സംഘടനയും.

ബെലാറസിലേയും റഷ്യയിലേയും യുക്രൈനിലേയും ഏറ്റവും ശ്രേഷ്‌ഠരായ മനുഷ്യാവകാശ പ്രവര്‍ത്തകരെയാണ് പുരസ്‌കാരത്തിലൂടെ ആദരിച്ചിരിക്കുന്നതെന്ന് സമാധാന നൊബേല്‍ പുരസ്‌കാരം നല്‍കുന്ന നോര്‍വീജിയന്‍ സമിതി അധ്യക്ഷ ബെറിറ്റ് റെയ്‌സ്‌ ആൻഡേഴ്‌സന്‍ പറഞ്ഞു. ഇവര്‍ ഈ മൂന്ന് രാജ്യങ്ങള്‍ തമ്മില്‍ സമാധാനം പുലരണമെന്ന് ആഗ്രഹിക്കുന്നു.

മാനുഷിക മൂല്യങ്ങള്‍ക്ക് വേണ്ടിയും സൈനികവാഴ്‌ചയ്ക്ക് എതിരായും നിയമപാലനത്തിനും വേണ്ടി ഇവർ നല്‍കുന്ന സേവനങ്ങള്‍ നിസ്‌തുലമാണ്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ലോകത്ത് സമാധാനം പുലരുക എന്ന ആല്‍ബര്‍ട്ട് നൊബേലിന്‍റെ വീക്ഷണത്തെ ബലപ്പെടുത്തുന്നതാണ്. ഇന്നത്തെ ലോകത്ത് ഏറ്റവും കൂടുതല്‍ ആവശ്യമുള്ള വീക്ഷണമാണ് ഇതെന്നും ബെറിറ്റ് റെയ്‌സ്‌ ആൻഡേഴ്‌സന്‍ പറഞ്ഞു.

റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാദിമിർ പുടിനെതിരായ സന്ദേശമാണോ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്ത പേരുകള്‍ എന്ന ചോദ്യത്തിന് നൊബേല്‍ പുരസ്‌കാരം ആര്‍ക്കെങ്കിലും എതിരായിട്ടല്ല നല്‍കുക എന്നാണ് ബെറിറ്റ് റെയ്‌സ്‌ ആൻഡേഴ്‌സന്‍ പ്രതികരിച്ചത്. എന്നാല്‍ പുടിന്‍റെയും അലക്‌സാണ്ടര്‍ ലുകാഷെന്‍കോയുടേയയും സര്‍ക്കാരുകള്‍ മനുഷ്യാവകാശത്തെ അടിച്ചമര്‍ത്തുന്നവയാണ്. ഈ വിഷയം ഉയര്‍ത്തിക്കാട്ടുക എന്നതാണ് ഈ പുരസ്‌കാരത്തിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും അവര്‍ പറഞ്ഞു.

ഏകാധിപത്യത്തിനെതിരെ പോരാടി ബിയാലിയാറ്റ്സ്‌കി: 1980കളിലെ ബെലാറസിലെ ജനാധിപത്യ പ്രസ്ഥാനത്തിന്‍റെ നേതാക്കളില്‍ ഒരാളാണ് അലസ് ബിയാലിയാറ്റ്സ്‌കി. ബെലാറസിലെ മനുഷ്യാവകാശങ്ങള്‍ക്കും പൗര സ്വാതന്ത്ര്യത്തിനും വേണ്ടി ബിയാലിയാറ്റ്‌സ്‌കി നിരന്തരം പോരാടി. 1996ല്‍ അദ്ദേഹം വസന്തം എന്ന് അര്‍ഥം വരുന്ന 'വിയസന' എന്ന മനുഷ്യാവകാശ സംഘടന തുടങ്ങി.

ബെലാറസ് പ്രസിഡന്‍റ് അലക്‌സാണ്ടര്‍ ലുകാഷെന്‍കോയുടെ ഏകാധിപത്യ ഭരണം ശക്തിപ്പെടുത്തിയ റഫറണ്ടത്തിന് ശേഷമാണ് ബിയാലിയാറ്റ്സ്‌കി മനുഷ്യാവകാശ സംഘടന തുടങ്ങുന്നത്. മിനി നൊബേല്‍ എന്നറിയപ്പെടുന്ന റൈറ്റ് ലൈവ്‌ലിഹുഡ് പുരസ്‌കാരവും ബിയാലിയാറ്റ്സ്‌കിക്ക് ലഭിച്ചിട്ടുണ്ട്.

ഭരണകൂടത്തിന് എതിരായ പോരാട്ടത്തിന്‍റെ പേരില്‍ ബിയാലിയാറ്റ്സ്‌കി ഇപ്പോള്‍ ജയിലിലാണ്. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒരിഞ്ച് ബിയാലിയ്‌റ്റ്സ്‌കി പിന്നോട്ട് പോയില്ലെന്ന് നൊബേല്‍ സമിതി വിലയിരുത്തി. ബിയാലിയാറ്റ്‌സ്‌കിയെ ഉടനെ വിട്ടയയ്ക്കണമെന്നും നൊബേല്‍ പാനല്‍ ബെലാറസ് അധികൃതരോട് ആവശ്യപ്പെട്ടു.

ബിയാലിയാറ്റ്‌സ്‌കിക്ക് പുരസ്‌കാരം ലഭിച്ചതോടെ അദ്ദേഹത്തിന് മേല്‍ ബെലാറസ് അധികൃതരുടെ പരിശോധനകള്‍ വർധിക്കാനുള്ള സാധ്യത നൊബേല്‍ സമിതി മനസിലാക്കുന്നുവെന്ന് ബെറിറ്റ് റെയ്‌സ്‌ ആൻഡേഴ്‌സന്‍ പറഞ്ഞു. ബിയാലിയാറ്റ്‌സ്‌കിക്ക് ഈ അവാര്‍ഡ് ലഭിച്ചത് അദ്ദേഹത്തിനെതിരെ പ്രതികാര നടപടി ഉണ്ടാവാന്‍ കാരണമാകാതിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. പുരസ്‌കാരം അദ്ദേഹത്തിന്‍റെ ആത്മവീര്യം ഉയര്‍ത്തട്ടെയെന്നും നൊബേല്‍ സമിതി വ്യക്തമാക്കി.

മെമ്മോറിയലിന്‍റെ ചരിത്രം: റഷ്യന്‍ മനുഷ്യാവകാശ സംഘടനയായ മെമ്മോറിയല്‍ 1987ലാണ് സോവിയറ്റ് യൂണിയനില്‍ സ്ഥാപിതമായത്. കമ്മ്യൂണിസ്റ്റ് ഭരണകാലത്തെ മനുഷ്യാവകാശ ലംഘനങ്ങള്‍ തുറന്ന് കാട്ടുക എന്നതായിരുന്നു സംഘടനയുടെ ലക്ഷ്യം. റഷ്യയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ രേഖപ്പെടുത്തുകയും രാഷ്‌ട്രീയ തടവുകാരെ കുറിച്ചുള്ള വിവരങ്ങള്‍ ലോകത്തെ അറിയിക്കുകയും ചെയ്‌ത സംഘടനയാണ് മെമ്മോറിയല്‍.

2007ലാണ് സെന്‍റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് യുക്രൈനില്‍ സ്ഥാപിതമാകുന്നത്. പൗരസമൂഹത്തെ ശക്തിപ്പെടുത്തി യുക്രൈനെ ഒരു പൂര്‍ണ ജനാധിപത്യമാക്കി മാറ്റുന്നതിന് രാഷ്‌ട്രീയ നേതാക്കളില്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു ലക്ഷ്യം. ഈ വര്‍ഷം ഫെബ്രുവരിയില്‍ യുക്രൈനില്‍ റഷ്യയുടെ അധിനിവേശം ആരംഭിച്ചതോടെ റഷ്യന്‍ സേനയുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഓരോന്നായി രേഖപ്പെടുത്തി അത് ലോകത്തെ അറിയിച്ചുകൊണ്ടിരിക്കുകയായിരുന്നു സെന്‍റര്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ്.

ഈ പുരസ്‌കാരം തങ്ങളെ സംബന്ധിച്ച് വലിയ പ്രാധാന്യം അര്‍ഹിക്കുന്നതാണെന്ന് സിവില്‍ ലിബര്‍ട്ടീസ് വക്താവ് വൊളോഡിമിര്‍ യവോറിസ്‌കി വ്യക്തമാക്കി. യുദ്ധത്തിനെതിരായിട്ടുള്ള പ്രധാനപ്പെട്ട ആയുധമാണ് മനുഷ്യാവകാശ പ്രവര്‍ത്തനമെന്ന് അദ്ദേഹം പറഞ്ഞു. ഒരു കോടി സ്വീഡിഷ് ക്രൊനൊര്‍ ആണ് പുരസ്‌കാര തുക. ഡിസംബര്‍ 10-ാം തീയതി പുരസ്‌കാരം സമ്മാനിക്കും.

Last Updated : Oct 8, 2022, 10:18 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.