ETV Bharat / opinion

വിശന്നുകരയുന്ന കുട്ടികള്‍; നടപ്പാകാതെ ശിശുക്ഷേമ പ്രഖ്യാപനങ്ങള്‍

author img

By

Published : Oct 5, 2020, 6:11 PM IST

Food insecuriy in India  Integrated Child Development Services  Eenadu Editorial  Anganwadi Centres in India  Malnutrition in CHILDREN  Indias food insecurity problem  ശിശുക്ഷേമ പ്രഖ്യാപനങ്ങള്‍  പോഷകാഹാര കുറവ്  ഇന്ത്യയിലെ അംഗനവാടികള്‍  ഭക്ഷ്യക്ഷാമം
വിശന്നുകരയുന്ന കുട്ടികള്‍; നടപ്പാകാതെ കോടികളുടെ ശിശുക്ഷേമ പ്രഖ്യാപനങ്ങള്‍

ശിശുക്ഷേമ വിഷയത്തില്‍ ആഫ്രിക്കൻ രാജ്യങ്ങളായ ടൊബാഗോ, ഘാന എന്നിവയേക്കാള്‍ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. വനിതാ - ശിശുക്ഷേമ വകുപ്പുകള്‍ക്ക് നല്‍കുന്ന പണം വകുപ്പ് മറ്റ് കാര്യങ്ങള്‍ക്കായി വകമാറ്റുന്നുവെന്ന ഗുരുതരമായ കണ്ടെത്തലാണ് സിഎജി റിപ്പോര്‍ട്ടിലുള്ളത്.

ഹൈദരാബാദ്: 1975ല്‍ ശിശുക്ഷേമ പദ്ധതികള്‍ ആരംഭിച്ച രാജ്യമാണ് ഇന്ത്യ. ആറ് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും അവരുടെ അമ്മമാര്‍ക്കും പോഷകാഹാരവും, ചികിത്സാ സൗകര്യങ്ങളും കൃത്യമായി ലഭ്യമാക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസവും പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നായിരുന്നു. രാജ്യത്ത് 5,000 അംഗനവാടികള്‍ ആരംഭിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഇന്ന് 14 ലക്ഷത്തിലെത്തി നില്‍ക്കുകയാണ്. പദ്ധതി ഇപ്പോഴും അവസാനിച്ചിട്ടില്ല.

എന്നാല്‍ ഈ അഭിമാന നേട്ടങ്ങളുടെ യാഥാര്‍ഥ്യത്തെ ചോദ്യം ചെയ്യുന്നതാണ് അടുത്തിടെ പുറത്തിറങ്ങിയ സിഎജി റിപ്പോര്‍ട്ട്. അത് പ്രകാരം ശിശുക്ഷേമ വിഷയത്തില്‍ ആഫ്രിക്കൻ രാജ്യങ്ങളായ ടൊബാഗോ, ഘാന എന്നിവയേക്കാള്‍ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. വനിതാ - ശിശുക്ഷേമ വകുപ്പുകള്‍ക്ക് നല്‍കുന്ന പണം വകുപ്പ് മറ്റ് കാര്യങ്ങള്‍ക്കായി വകമാറ്റുന്നുവെന്ന ഗുരുതരമായ കണ്ടെത്തലാണ് സിഎജി റിപ്പോര്‍ട്ടിലുള്ളത്. ഇതുമൂലം പല പദ്ധതികളും കൃത്യമായി നടപ്പിലാകുന്നില്ല. ഇതാണ് പട്ടികയില്‍ ഇന്ത്യ പിന്നോട്ട് പോകാൻ കാരണമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ ഏതാനും ബജറ്റുകള്‍ പരിശോധിച്ചാല്‍ ശിശുക്ഷേമത്തിനുള്ള ഫണ്ട് വകയിരുത്തലില്‍ കാര്യമായ കുറവുണ്ടാകുന്നുണ്ടെന്ന് വ്യക്തമാണ്. മുൻ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 50 ശതമാനത്തിന്‍റെ കുറവാണ് 2016 ലെ ബജറ്റിലുണ്ടായത്. ശിശുക്കളിലെ പോഷാകാഹാര ലഭ്യത സംബന്ധിച്ച പല റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടും 2020ലെ ബജറ്റില്‍ 19 ശതമാനം കുറവാണ് വകുപ്പിനായി നീക്കിവച്ചത്. കിട്ടിയ തുക സംസ്ഥാനങ്ങള്‍ കൃത്യമായി ഉപയോഗിച്ചോ എന്നതും സിഎജി റിപ്പോര്‍ട്ട് ചോദ്യം ചെയ്യുന്നുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ റിപ്പോര്‍ട്ടിലെ പൊരുത്തക്കേടുകളാണ് ആ സംശയത്തിന് കാരണം.

ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് 2019 സെപ്‌റ്റംബറില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ശിശുമരണങ്ങളില്‍ ( അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍) 68 ശതമാനത്തിനും കാരണം പോഷകാഹാരത്തിന്‍റെ കുറവാണ്. രാജ്യത്തെ അഞ്ച് വയസില്‍ താഴെയുള്ള 35 ശതമാനം കുട്ടികളും വളര്‍ച്ചാ മുരടിപ്പ് നേരിടുന്നുണ്ട്. ഈ കണക്കുകള്‍ വ്യക്തമാക്കുന്നത് പ്രഖ്യാപിക്കുന്ന പദ്ധതികള്‍ കൃത്യമായി നടപ്പിലാകുന്നില്ലെന്നും അവ കൃത്യമായി പരിശോധിക്കുന്നില്ലെന്നുമാണ്.

അംഗനവാടികള്‍ മുഖേന രാജ്യത്തെ 8.5 കോടി കുട്ടികള്‍ക്കും 1.90 കോടി അമ്മമാര്‍ക്കും പോഷകാഹാരം ലഭ്യമാക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് 17 ലക്ഷം അംഗനവാടികള്‍ പുതുതായി നിര്‍മിക്കണമെന്ന് 2001ല്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. രാജ്യത്ത് പ്രഖ്യാപിക്കുന്ന ശിശുക്ഷേമ പദ്ധതികള്‍ അര്‍ഹരിലേക്ക് കൃത്യമായി എത്തിക്കുക എന്നതാണ് കോടതി ഇതുവഴി ലക്ഷ്യമിട്ടത്. എന്നാല്‍ അനുമതി ലഭിച്ചിട്ടും ആയിരക്കണക്കിന് അംഗനവാടികള്‍ ഇപ്പോഴും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. കൊവിഡ് മഹാമാരി വന്നതിന് പിന്നാലെ എല്ലാ നടപടികളും പൂര്‍ണമായും മുടങ്ങി.

രാജ്യത്ത് പട്ടിണി മരണം ഉണ്ടാകാതിരിക്കാൻ എല്ലാ അംഗനവാടികളും ഉടൻ തുറക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി കഴിഞ്ഞയിടെ സുപ്രീം കോടതിയുടെ മുമ്പിലെത്തിയിരുന്നു. കൊവിഡ് കാലത്ത് കുഗ്രാമങ്ങളിലെ ഗോത്ര സ്ത്രീകളുടെ ക്ഷേമത്തിനായി ഉദ്യോഗസ്ഥർ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും അതൊന്നും പൂര്‍ണമായി നടപ്പായില്ല. പുതുച്ചേരി, ബംഗാള്‍, ബിഹാര്‍, തമിഴ്‌നാട്, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലെ അംഗനവാടികളില്‍ ആവശ്യമായ ജീവനക്കാരില്‍ വലിയ കുറവുണ്ടെന്ന് 2009 ഡിസംബറില്‍ വനിതാ ശിശു ക്ഷേമ വകുപ്പ് കണ്ടെത്തിയിരുന്നു. രാജ്യത്തിന്‍റെ ഭാവിയെ സുരക്ഷിതമാക്കാൻ കുട്ടികള്‍ക്ക് പോഷകാഹാരങ്ങളും മറ്റ് സൗകര്യങ്ങളും എത്തിക്കേണ്ടത് സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണ്. ശിശുക്ഷേമ പദ്ധതികളുടെ കൃത്യമായി നടപ്പാക്കലാണ് സര്‍ക്കാരുകള്‍ ഉറപ്പാക്കേണ്ടത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.