ETV Bharat / city

കൊവിഡ് പ്രതിരോധത്തിന് സാനിറ്റൈസര്‍ കുഞ്ഞപ്പന്‍ 2.0 'ഓണ്‍ ഡ്യൂട്ടി'

author img

By

Published : Apr 27, 2020, 4:03 PM IST

Updated : Apr 27, 2020, 5:31 PM IST

കൊവിഡ് ബാധിതരെ ശുശ്രൂഷിക്കുന്നതിനായി റോബോട്ടിനെ നിര്‍മിച്ച് തൃശൂര്‍ ഗവണ്‍മെന്‍റ് എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍. ആദ്യ റോബോട്ടിനെ വിദ്യാര്‍ഥികള്‍ തൃശൂര്‍ മെഡിക്കല്‍ കോളജിന് സമ്മാനിച്ചു

റോബോട്ട് വാര്‍ത്തകള്‍  തൃശൂര്‍ മെഡിക്കല്‍ കോളജ് റോബോട്ട്  കൊവിഡ് ബാധിതര്‍  കേരളം കൊവിഡ് വാര്‍ത്തകള്‍  Government Engineering College, Thrissur  To minister to the covid
സാനിറ്റൈസര്‍ കുഞ്ഞപ്പന്‍ 2.0 'ഓണ്‍ ഡ്യൂട്ടി'

തൃശൂര്‍: കൊവിഡ് ബാധിതരെ ശുശ്രൂഷിക്കുന്നതിനായി റോബോട്ടിനെ നിര്‍മിച്ച് തൃശൂര്‍ ഗവണ്‍മെന്‍റ് എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍. കോളജിലെ ഫാബ് ലാബാണ് സാനിറ്റൈസര്‍ കുഞ്ഞപ്പന്‍ 2.0 എന്ന് പേരിട്ടിരിക്കുന്ന റോബോട്ടിനെ രൂപകല്‍പ്പന ചെയ്തത്. ആദ്യ റോബോട്ടിനെ വിദ്യാര്‍ഥികള്‍ തൃശൂര്‍ മെഡിക്കല്‍ കോളജിന് സമ്മാനിച്ചു. ജില്ലയിലിപ്പോള്‍ കൊവിഡ് രോഗികൾ ആരുമില്ലെങ്കിലും ഇനി അത്തരമൊരു സാഹചര്യമുണ്ടായാല്‍ പരിചരിക്കാൻ സാനിറ്റൈസർ കുഞ്ഞപ്പൻ 2.0 റെഡിയാണ്.

കൊവിഡ് വാർഡ് പരിപൂർണമായും മനുഷ്യസഹായമില്ലാതെ അണുവിമുക്തമാക്കാൻ ഈ റോബോട്ടിന് കഴിയും. പിപിഇ കിറ്റ് ധരിക്കുന്നവരെ പമ്പ് ഉപയോഗിച്ചാണ് ഇപ്പോൾ അണുവിമുക്തമാക്കുന്നത്, ഈ സ്ഥിതി ഒഴിവാക്കാനും ഈ റോബോട്ടിന് സാധിക്കും. വലിയ പ്രദേശം കുറഞ്ഞ സമയത്തിനുള്ളിൽ അണുവിമുക്തമാക്കാനും സാനിറ്റൈസർ കുഞ്ഞപ്പന് കഴിയും. ഏത് ദിശയിലേക്കും സഞ്ചരിക്കാൻ കഴിയുന്ന റോബോട്ടിന്‍റെ നോസിൽ രണ്ട് മീറ്റർ ദൂരത്തിൽ വരെ സാനിറ്റൈസ് ചെയ്യാവുന്ന രീതിയിലാണ് പമ്പ് ഘടിപ്പിച്ചിരിക്കുന്നത്.

27 കിലോഗ്രാം വരെ ഭാരം താങ്ങാനും ഇതിന് കഴിവുണ്ട്. അതിനാൽ രോഗികൾക്ക് ഭക്ഷണവും മരുന്നും നിഷ്പ്രയാസം എത്തിക്കാം. ഒരേ നെറ്റ്‌വർക്കിലുള്ള ഏത് കമ്പ്യൂട്ടറിൽ നിന്നും സ്മാർട്ട് ഫോണുകളിൽ നിന്നും ഈ റോബോട്ടിനെ നിയന്ത്രിക്കാം. സ്വയം സാനിറ്റൈസ് ചെയ്യാനുള്ള കഴിവും സാനിറ്റൈസര്‍ കുഞ്ഞപ്പന്‍ 2.0ക്ക് ഉണ്ട്. വൈ ഫൈ സംവിധാനം ഉപയോഗിച്ചും റോബോട്ടിനെ നിയന്ത്രിക്കാം.

കൊവിഡ് പ്രതിരോധത്തിന് സാനിറ്റൈസര്‍ കുഞ്ഞപ്പന്‍ 2.0 'ഓണ്‍ ഡ്യൂട്ടി'

രോഗികളെ സ്‌ക്രീൻ ചെയ്യാനും നാവിഗേറ്റ് ചെയ്യാനുമായി ലൈവ് വീഡിയോ സ്ട്രീമിങ് സംവിധാനവും ഇതിലുണ്ട്. സാനിറ്റൈസർ നിറക്കുന്ന ടാങ്കിന്‍റെ പരമാവധി ശേഷി ആറ് ലിറ്ററാണ്. ഇതുപയോഗിച്ച് 20 മുതൽ 25 മിനിറ്റ് വരെ സാനിറ്റൈസ് ചെയ്യാൻ കഴിയും. 12,000 രൂപയാണ് ഒരു റോബോട്ടിനുള്ള നിർമാണ ചെലവ്. പുതിയ ഫീച്ചറുകൾ കൂട്ടിച്ചേർക്കാവുന്ന രീതിയിൽ ഓപ്പൺ സോഴ്സ് പ്രോജക്ടായാണ് ഇതിന്‍റെ രൂപകല്‍പ്പന.

കമ്പ്യൂട്ടർ വിഭാഗം അധ്യാപകനായ അജയ് ജെയിംസിന്‍റെ കീഴിൽ സൗരവ് വി.എസ്, അശ്വിൻ കുമാർ, പ്രണവ് ബാലകൃഷ്ണൻ, ചെറിയാൻ ഫ്രാൻസിസ് എന്നിവരാണ് കെജിഎംഒഎയുടെയും കോളജ് പിടിഎയുടെയും സഹകരണത്തോടെ റോബോട്ടിനെ നിർമിച്ചത്. മെഡിക്കൽ കോളജിൽ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ റോബോട്ടിന്‍റെ സ്വിച്ച് ഓൺ കര്‍മം നിര്‍വഹിച്ചു.

Last Updated : Apr 27, 2020, 5:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.