ETV Bharat / city

മത്സ്യത്തൊഴിലാളിയുടെ ആത്മഹത്യ; സര്‍ക്കാരിന്‍റെ പ്രത്യേക അന്വേഷണം ഇന്ന് മുതല്‍

author img

By

Published : Feb 5, 2022, 10:53 AM IST

സർക്കാർ സംവിധാനങ്ങൾക്കെതിരെയുള്ള ആത്മഹത്യ കുറിപ്പ് മൃതദേഹത്തിൽ നിന്ന് കണ്ടെത്തിയിരുന്നു

പറവൂർ മത്സ്യത്തൊഴിലാളി സജീവൻ ആത്മഹത്യ  ലാന്‍റ് റവന്യൂ ജോയിന്‍റ് കമ്മിഷണറുടെ അന്വേഷണം ശനിയാഴ്‌ച ആരംഭിക്കും  ഭൂമി തരം മാറ്റാൻ വൈകിയതിനെ തുടർന്ന് ആത്മഹത്യ  സബ്‌ കലക്‌ടർ റിപ്പോർട്ട്  Paravur sajeevan suicide  FISHERMAN SAJEEVAN SUICIDE  Joint Commissioner of Land Revenue investigation  sub collector submits report
സജീവന്‍റെ ആത്മഹത്യ; ലാന്‍റ് റവന്യൂ ജോയിന്‍റ് കമ്മിഷണറുടെ അന്വേഷണം ശനിയാഴ്‌ച ആരംഭിക്കും

എറണാകുളം: ഭൂമി തരം മാറ്റാൻ വൈകിയതിനെ തുടർന്ന് പറവൂരിലെ മത്സ്യത്തൊഴിലാളി ജീവനൊടുക്കിയ സംഭവത്തിൽ ലാൻഡ് റവന്യു ജോയിന്‍റ് കമ്മിഷണർ ശനിയാഴ്‌ച (05 02 2022) അന്വേഷണം തുടങ്ങും. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഒരാഴ്‌ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് റവന്യൂ വകുപ്പ് മന്ത്രി നിർദേശം നൽകിയിരുന്നു. ഭൂമി തരം മാറ്റാൻ മത്സ്യത്തൊഴിലാളി സജീവൻ നൽകിയ അപേക്ഷയിൽ തീരുമാനമെടുക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്‌ച സംഭവിച്ചോയെന്നാണ് കമ്മിഷണർ പരിശോധിക്കുക.

അതേ സമയം സജീവന്‍ ഭൂമി തരം മാറ്റത്തിനായി സമർപ്പിച്ച അപേക്ഷയിൽ ചട്ടപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കാലതാമസം ഉണ്ടായിട്ടില്ലെന്നും ഫോർട്ടുകൊച്ചി സബ് കലക്‌ടർ ജില്ല കലക്‌ടർക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഭൂമി തരം മാറ്റത്തിനായി ആറാം നമ്പർ ഫോറത്തിലുള്ള അപേക്ഷ 2021 ഫെബ്രുവരി 18നാണ് ഫോര്‍ട്ടുകൊച്ചി റവന്യൂ ഡിവിഷണല്‍ ഓഫിസില്‍ ലഭിച്ചത്. റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനായി അന്നു തന്നെ ഇത് മൂത്തകുന്നം വില്ലേജ് ഓഫിസിലേക്ക് കൈമാറി.

കാലതാമസം ഉണ്ടായിട്ടില്ലെന്ന് സബ്‌ കലക്‌ടറുടെ റിപ്പോർട്ട്

വില്ലേജ് ഓഫിസറുടെ മറുപടി ഫെബ്രുവരി 23ന് ലഭിച്ചു. വില്ലേജ് ഓഫിസറുടെ റിപ്പോര്‍ട്ടിൽ ന്യായവില കണക്കാക്കിയതിലുള്ള അപാകത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഇത് സംബന്ധിച്ച് ഒക്ടോബർ നാലിന് ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ടു. വില്ലേജ് ഓഫിസറുടെ വിശദീകരണം ഒക്ടോബർ ആറിന് ലഭിച്ചതിനെ തുടർന്ന് ആ മാസം 27ന് നിലവിലുള്ള നിയമപ്രകാരം ഭൂമി തരം മാറ്റത്തിനുള്ള ഫീസ് അടക്കാന്‍ സജീവന് നിർദേശം നല്‍കി കത്തയച്ചു. എന്നാൽ ഇതിനോട് സജീവന്‍ പ്രതികരിച്ചില്ല.

പിന്നീട് ഹൈക്കോടതി ഉത്തരവിന്‍റെയും സർക്കുലറിന്‍റെയും അടിസ്ഥാനത്തില്‍ ഭൂമി തരം മാറ്റത്തിന് ഫീസ് ഈടാക്കുന്ന കാര്യത്തില്‍ സർക്കാർ വ്യക്തത വരുത്തിയെങ്കിലും ഇതു പ്രകാരമുള്ള ഫീസിളവിനും സജീവന്‍ അപേക്ഷിച്ചിരുന്നില്ലെന്നാണ് സബ് കലക്‌ടർ നൽകിയ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഈ റിപ്പോർട്ടിനെതിരെ പ്രതിപക്ഷ പാർട്ടികളും സജീവന്‍റെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്.

ആത്മഹത്യക്ക് കാരണം ദുഷിച്ച ഭരണ സംവിധാനം

വ്യാഴാഴ്‌ച രാവിലെയാണ് പറവൂർ മാല്യങ്കര സ്വദേശി സജീവനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സർക്കാർ സംവിധാനങ്ങൾക്കെതിരെയുള്ള ആത്മഹത്യ കുറിപ്പും മൃതദേഹത്തിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇന്നാട്ടിലെ ദുഷിച്ച ഭരണ സംവിധാനവും ഉദ്യോഗസ്ഥരുടെ മനോഭാവവുമാണ് തന്‍റെ ആത്മഹത്യക്ക് കാരണമെന്ന് എഴുതി വച്ചാണ് സജീവന്‍ ആത്മഹത്യ ചെയ്‌തത്. ഉടുമുണ്ടില്‍ തിരുകി വച്ച നിലയിൽ ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു.

ആകെയുള്ള നാല് സെന്‍റ് ഭൂമി തരംമാറ്റി കിട്ടുന്നതിനായി ഒരുവർഷത്തോളമായി സർക്കാർ ഓഫിസുകൾ കയറി ഇറങ്ങിയിട്ടും തരംമാറ്റി കിട്ടാത്തതിലുള്ള മാനസിക വിഷമത്തിലാണ് സജീവൻ ആത്മഹത്യ ചെയ്‌തതെന്നാണ് ബന്ധുക്കളുടെ ആരോപണം. സ്വകാര്യ ചിട്ടി കമ്പനിയിൽ വീടിന്‍റെ ആധാരം പണയപ്പെടുത്തി ഇയാൾ ലോൺ എടുത്തിരുന്നു.

ഇത് തിരിച്ചടക്കാൻ വായ്‌പയ്ക്ക് മറ്റൊരു ബാങ്കിൽ അപേക്ഷിച്ചിരുന്നു. ഈ ആധാരം ഡേറ്റാ ബാങ്കിൽ നാല് സെന്‍റ് നിലമായാണ് രേഖപ്പെടുത്തിയതെന്ന് ബാങ്കുകാർ അറിയിച്ചു. ഇതേ തുടർന്ന് നിലം പുരയിടമാക്കി കിട്ടാനാണ് മൂത്തകുന്നം വില്ലേജ് ഓഫീസ്, പറവൂർ താലൂക്ക് ഓഫീസ്, ഫോർട്ട്കൊച്ചി ആർ.ഡി.ഒ. ഓഫീസുകളിൽ സ്ഥിരമായി കയറിയിറങ്ങിയത്.

അന്വേഷണം ആവശ്യപ്പെട്ട് സജീവന്‍റെ കുടുംബം

ഒടുവിൽ കഴിഞ്ഞ ബുധനാഴ്‌ചയും ആർ.ഡി.ഒ. ഓഫീസിൽ സജീവൻ പോയിരുന്നു. ഇവിടെ നിന്നും മടങ്ങിവന്ന ശേഷം സജീവൻ ഏറെ മാനസിക പ്രയാസത്തിലായിരുന്നു. ഉദ്യോഗസ്ഥൻമാർ അദ്ദേഹത്തോട് മോശമായി പെരുമാറിയതായി സംശയിക്കുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു. സജീവിന്‍റെ മരണത്തിൽ അന്വേഷണമാവശ്യപ്പെട്ട് ബന്ധുക്കൾ ആലുവ റൂറൽ എസ്.പി.ക്ക് പരാതി നൽകി.

READ MORE: പറവൂരില്‍ മത്സ്യത്തൊഴിലാളി തൂങ്ങിമരിച്ചു; സര്‍ക്കാരിനെതിരെ ആത്മഹത്യ കുറിപ്പ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.