ETV Bharat / bharat

Delhi Flood | യമുനയിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു ; ഡൽഹിയിൽ വീണ്ടും ജാഗ്രതാനിർദേശം

author img

By

Published : Jul 19, 2023, 3:07 PM IST

Yamuna water level breaches danger mark again  Yamuna water level  Delhi Rain  ഡൽഹി മഴ  യമുനയിൽ ജലനിരപ്പ് ഉയരുന്നു  ഡൽഹിയിൽ പ്രളയം  ഡൽഹി വെള്ളപ്പൊക്കം  യമുന നദി ജലനിരപ്പ്  സെൻട്രൽ വാട്ടർ കമ്മീഷൻ  Central Water Commission
യമുനയിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു

ബുധനാഴ്‌ച വൈകുന്നേരം ആറ് മണിയോടെ യമുനയിലെ ജലനിരപ്പ് 205.72 മീറ്ററായി ഉയർന്നേക്കാമെന്ന് വാട്ടർ കമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

ന്യൂഡൽഹി : യമുന നദിയിലെ ജലനിരപ്പ് ബുധനാഴ്‌ച രാവിലെ വീണ്ടും അപകടനില കവിഞ്ഞു. ഡൽഹിയിൽ വീണ്ടും മഴ കനത്തതോടെയാണ് യമുനയിലെ ജലനിരപ്പ് വീണ്ടും ഉയർന്നത്. സെൻട്രൽ വാട്ടർ കമ്മീഷന്‍റെ കണക്കുകൾ പ്രകാരം രാവിലെ എട്ട് മണിക്ക് യമുനയിലെ ജലനിരപ്പ് 205.48 മീറ്ററായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നിലവിലെ സാഹചര്യത്തിൽ വൈകുന്നേരം ആറ് മണിയോടെ ഇത് 205.72 മീറ്ററായി ഉയർന്നേക്കാമെന്നും വാട്ടർ കമ്മീഷൻ വ്യക്‌തമാക്കുന്നു.

ചൊവ്വാഴ്‌ച ഉച്ചയോടെ ഹത്‌നികുണ്ഡ് അണക്കെട്ടിലെ നീരൊഴുക്ക് നേരിയ തോതിൽ ഉയർന്നിരുന്നു. 50,000 മുതൽ 60,000 ക്യുസെക്‌സ് വരെയായിരുന്നു നീഴൊഴുക്ക്. എന്നാൽ ബുധനാഴ്‌ച രാവിലെ ഏഴ് മണിയോടെ ഇത് 39,000 ക്യുസെക്‌സായി കുറഞ്ഞു. (ഒരു ക്യുസെക്‌സ് എന്നത് സെക്കൻഡിൽ 28.32 ലിറ്ററിന് തുല്യമാണ്.) അതേസമയം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ വീട്ടിലേക്ക് മടങ്ങരുതെന്നും അവിടെ തന്നെ കഴിയണമെന്നും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

മഴ കനക്കും : ഉത്തരാഖണ്ഡിലെയും ഹിമാചൽ പ്രദേശിലെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ജൂലൈ 22 വരെ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്കും, ഡൽഹിയിൽ ബുധനാഴ്‌ച മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ചൊവ്വാഴ്‌ച 205.33 മീറ്ററിൽ താഴെയായിരുന്നു യമുനയുടെ ജലനിരപ്പ്.

എട്ട് ദിവസമായി തുടർച്ചയായി അപകട രേഖയ്‌ക്ക് മുകളിൽ ഒഴുകിയിരുന്ന യമുനയിലെ ജലനിരപ്പ് ബുധനാഴ്‌ച പുലർച്ചെ 5 മണിയോടെ 205.22 മീറ്ററായി കുറഞ്ഞിരുന്നു. എന്നാൽ പിന്നീട് ജലനിരപ്പ് ഉയരുകയായിരുന്നു. ജലനിരപ്പ് വീണ്ടും ഉയരുന്ന സാഹചര്യത്തിൽ വെള്ളത്തിനടിയിലായ താഴ്‌ന്ന പ്രദേശങ്ങളിൽ താമസിച്ചിരുന്നവർ ഇനിയും കുറച്ച് നാളുകൾ കൂടി ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു.

ജലവിതരണം തടസപ്പെടും : നഗരത്തിലെ ജലവിതരണം ചൊവ്വാഴ്‌ചയാണ് സാധാരണ നിലയിലേക്ക് എത്തിയത്. എന്നാൽ യമുന നദിയിലെ ജലനിരപ്പ് ഉയരുന്നത് ഡൽഹിയിലെ ജലവിതരണത്തെ വീണ്ടും ബാധിച്ചേക്കും. വസീറാബാദിൽ വെള്ളം കയറിയതിനാൽ പമ്പ് ഹൗസിന്‍റെ പ്രവർത്തനം അഞ്ച് ദിവസത്തോളം നിലച്ചിരുന്നു. വസീറാബാദ്, ചന്ദ്രവാൽ, ഓഖ്‌ല ജലശുദ്ധീകരണ പ്ലാന്‍റുകളിലേക്കാണ് പമ്പ് ഹൗസുകൾ ജലം വിതരണം ചെയ്യുന്നത്.

ഇതിൽ ഓഖ്‌ല ജലശുദ്ധീകരണ പ്ലാന്‍റ് വെള്ളിയാഴ്‌ച പ്രവർത്തനം പുനരാരംഭിച്ചിരുന്നു. ചന്ദ്രവാൽ ഞായറാഴ്‌ചയും വസീറാബാദ് ചൊവ്വാഴ്‌ചയും പ്രവർത്തനക്ഷമമായി. നഗരത്തിന്‍റെ ജല വിതരണത്തിന്‍റെ 25 ശതമാനവും ഈ മൂന്ന് പ്ലാന്‍റുകളിൽ നിന്നാണ്. അതിനാൽ തന്നെ വീണ്ടും ജലനിരപ്പ് ഉയർന്നാൽ ഡൽഹിയിലെ ജല വിതരണം വീണ്ടും തുലാസിലായേക്കും.

റെക്കോഡ് ജലനിരപ്പ് : വ്യാഴാഴ്‌ച (ജൂലൈ 13) യമുന നദിയിലെ ജലനിരപ്പ് 208.66 മീറ്ററിലെത്തിയിരുന്നു. 1978 സെപ്റ്റംബറിൽ റിപ്പോര്‍ട്ട് ചെയ്‌ത 207.49 മീറ്റർ എന്ന റെക്കോഡ് ജലനിരപ്പ് വ്യാഴാഴ്‌ച മറികടന്നിരുന്നു. ജൂലെ 14ന് അഴുക്കുചാലുകളിൽ നിന്നുൾപ്പടെയുള്ള ദുർഗന്ധം വമിക്കുന്ന വെള്ളം സുപ്രീംകോടതി, രാജ് ഘട്ട്, ഐടിഒ എന്നിവിടങ്ങളിലേക്ക് ഒഴുകി എത്തിയതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.