ETV Bharat / bharat

കണക്കുകൾക്കപ്പുറം വിധിയെഴുതുന്ന വാരാണസി സൗത്ത്; പിടിച്ചടക്കാനൊരുങ്ങി രാഷ്‌ട്രീയ പാർട്ടികൾ

author img

By

Published : Jan 28, 2022, 4:26 PM IST

Updated : Jan 28, 2022, 7:08 PM IST

uttarpradesh election 2022  Varanasi south assembly seat  muslim voters in Varanasi south assembly seat  വാരാണസി സൗത്ത് അസംബ്ലി മണ്ഡലം  ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ്
കണക്കുകൾക്കപ്പുറം വിധിയെഴുതുന്ന വാരാണസി സൗത്ത്; പിടിച്ചടക്കാനൊരുങ്ങി രാഷ്‌ട്രീയ പാർട്ടികൾ

ഒന്നും രണ്ടും തവണയല്ല, തുടർച്ചയായ എട്ട് നിയമസഭ തെരഞ്ഞെടുപ്പുകളിലാണ് വാരാണസി സൗത്ത് അസംബ്ലി മണ്ഡലം ബിജെപിയുടെ കൈപ്പിടിയിൽ ഒതുങ്ങിയത്. മുസ്‌ലിം വോട്ടർമാർ കൂടുതലുള്ള മണ്ഡലത്തിലെ കഴിഞ്ഞ എട്ട് തവണത്തെയും നിയമസഭ തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാൽ ബിജെപിക്കൊപ്പമാണ് മണ്ഡലമെന്ന വാസ്‌തവം തീർച്ചയായും രാഷ്‌ട്രീയ കണക്കുകൂട്ടലുകളെ അപ്പാടെ മാറ്റിമറിക്കുന്ന ഒന്നാണ്.

വാരാണസി: ഉത്തർപ്രദേശ് പിടിച്ചാൽ കേന്ദ്രം പിടിക്കാമെന്ന വസ്‌തുത അറിയാമെന്നതുകൊണ്ടു തന്നെ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിക്കേണ്ടത് ഓരോ രാഷ്‌ട്രീയ പാർട്ടിക്കും ജീവൻമരണ പോരാട്ടത്തിന് തുല്യമാണ്. ഫൈനലിന് മുൻപുള്ള സെമി ഫൈനൽ പോരാട്ടമാണ് ഓരോ പാർട്ടിക്കും ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ്. കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ബിജെപിക്ക് ഉത്തർപ്രദേശ് നഷ്‌ടപ്പെടുത്തുക എന്നത് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്.

കർഷക രോഷം ഉൾപ്പെടെയുള്ള തിരിച്ചടികൾ നിലനിൽക്കുമ്പോഴും ഉത്തർപ്രദേശ് നിലനിർത്തേണ്ടത് ബിജെപി അഭിവാജ്യമാണെന്നതിനാൽ ഓരോ കണക്കും പലതവണ കൂട്ടിയും കിഴിച്ചും പല തന്ത്രങ്ങൾ മെനഞ്ഞുമാണ് ബിജെപി സ്ഥാനാർഥികളെ തെരഞ്ഞെടുത്തത്. കോൺഗ്രസിനേക്കാൾ ഉത്തർപ്രദേശിൽ ബിജെപിക്ക് ബദലായി നിൽക്കുന്നത് അഖിലേഷ് യാദവിന്‍റെ സമാജ്‌വാദി പാർട്ടിയാണെന്നതിനാൽ ജാതിയുടേയും മതത്തിന്‍റേയും പിന്തുണയോടെ ഉത്തർപ്രദേശ് പിടിച്ചെടുക്കാനുള്ള ശ്രമങ്ങളിൽ തന്നെയാണ് സമാജ്‌വാദി പാർട്ടിയും.

പ്രവചനങ്ങളെ മാറ്റിമറിച്ച വാരാണസി സൗത്ത്

പാർട്ടികൾ ഓരോ സീറ്റും പിടിച്ചടക്കാനുള്ള തന്ത്രങ്ങൾ മെനയുമ്പോൾ ബിജെപിക്ക് എന്നും മുൻതൂക്കം നൽകിയിട്ടുള്ള സീറ്റുകളും ഉത്തർപ്രദേശിൽ ഉണ്ട്. അത്തരത്തിലൊന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർലമെന്‍റ് മണ്ഡലത്തിൽ വരുന്ന വാരാണസി സൗത്ത് അസംബ്ലി സീറ്റ്. ഒന്നും രണ്ടും തവണയല്ല, തുടർച്ചയായ എട്ട് നിയമസഭ തെരഞ്ഞെടുപ്പുകളിലാണ് വാരാണസി സൗത്ത് അസംബ്ലി മണ്ഡലം ബിജെപിയുടെ കൈപ്പിടിയിൽ ഒതുങ്ങിയത്.

നിലവിലെ മണ്ഡലത്തിലെ എംഎൽഎ നീലകണ്‌ഠ് തിവാരി യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ ടൂറിസം, ചാരിറ്റി മന്ത്രിയാണെന്നതും ശ്രദ്ധേയമാണ്. ബിജെപിയുടെ ശ്യാംദേവ് റായ് ചൗധരി ഏഴ് തവണയാണ് ഈ മണ്ഡലത്തിൽ നിന്നും വിജയക്കൊടി പാറിച്ചത്.

മണ്ഡലത്തിലെ കണക്കുകൾക്ക് മുൻപിൽ തോറ്റ രാഷ്‌ട്രീയ ചാണക്യർ

എന്നാൽ വൈരുദ്ധ്യമെന്ന് പറയട്ടെ, ഈ മണ്ഡലത്തിൽ മറ്റ് മതങ്ങളിൽപ്പെട്ട വോട്ടർമാരേക്കാൾ കൂടുതലാണ് മുസ്‌ലിം വോട്ടർമാരുടെ എണ്ണം. മുസ്‌ലിം വോട്ടർമാർ കൂടുതലുള്ള മണ്ഡലത്തിലെ കഴിഞ്ഞ എട്ട് തവണത്തെയും നിയമസഭ തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാൽ ബിജെപിക്കൊപ്പമാണ് മണ്ഡലമെന്ന വാസ്‌തവം തീർച്ചയായും രാഷ്‌ട്രീയ കണക്കുകൂട്ടലുകളെ അപ്പാടെ മാറ്റിമറിക്കുന്ന ഒന്നാണ്.

ശ്യാംദേവ് റായ് ചൗധരി 1989 മുതൽ 2012 വരെ തുടർച്ചയായി ഏഴ് തവണ വിജയിച്ചുവെന്നത് പാർട്ടിക്ക് ഇവിടുത്തെ സ്വാധീനം വർധിക്കുന്നതിന് കാരണമായി. വാസ്‌തവത്തിൽ ബിജെപിയുടെ കോട്ട ആയി മാറുകയായിരുന്നു വാരാണസി സൗത്ത് നിയമസഭ സീറ്റ്. ഏഴ് തവണ വിജയിച്ചുവെങ്കിലും 2017ലെ തെരഞ്ഞെടുപ്പിൽ ചൗധരിയുടെ ടിക്കറ്റ് കീറിയ ബിജെപി നീലകണ്‌ഠ് തിവാരിയെ സ്ഥാനാർഥിയാക്കി. എന്നാൽ ഇവിടെ വീണ്ടും ബിജെപി വിജയക്കൊടി പാറിച്ചു.

പിടിച്ചുനിൽക്കാനാകാതെ കോൺഗ്രസ്, നിലയുറപ്പിച്ച് ബിജെപി

1989, 1991, 1993, 1996, 2002, 2007, 2012 എന്നീ നിയമസഭ തെരഞ്ഞെടുപ്പുകളിലാണ് തുടർച്ചയായി ശ്യാംദേവ് റായ് ചൗധരിയെ തെരഞ്ഞെടുക്കപ്പെട്ടത്. ഉത്തർപ്രദേശിലെ രണ്ടാമത്തെ മുഖ്യമന്ത്രി ഡോ.സമ്പൂർണാനന്ദ് മത്സരിച്ച മണ്ഡലമെന്ന ചരിത്രപ്രാധാന്യവും ഈ മണ്ഡലത്തിനുണ്ട്.

സമ്പൂർണാനന്ദിന് പിന്നാലെ കോൺഗ്രസിനും ഇടതുപക്ഷത്തിനും മണ്ഡലത്തിൽ കരുത്ത് തെളിയിക്കാനായെങ്കിലും കാവിക്കൊടിക്ക് മാത്രമായിരുന്നു മണ്ഡലം നിലനിർത്താൻ കഴിഞ്ഞത്. തെരഞ്ഞെടുപ്പുകളിലെ ജാതി സമവാക്യങ്ങൾ ഈ മണ്ഡലത്തിൽ വ്യത്യസ്‌തമാണെന്നതാണ് മുൻ തെരഞ്ഞെടുപ്പുകൾ തരുന്ന സൂചന.

1951ൽ സ്വാതന്ത്ര്യാനന്തരം നടന്ന തെരഞ്ഞെടുപ്പിലാണ് സമ്പൂർണാനന്ദ് ഈ സീറ്റിൽ നിന്നും ആദ്യമായി വിജയിക്കുന്നത്. ശേഷം 1957ലെ തെരഞ്ഞെടുപ്പിൽ വീണ്ടും വിജയിച്ച് മുഖ്യമന്ത്രിയായി. സ്വാതന്ത്ര്യാനന്തരം 1967 വരെ കോൺഗ്രസ് മേൽക്കോയ്‌മ ഉണ്ടായിരുന്ന മണ്ഡലമാണ് വാരാണസി സൗത്ത് എങ്കിലും 1969 ആയപ്പോഴേക്കും പാർട്ടിയുടെ പ്രഭാവം മണ്ഡലത്തിൽ കുറയുകയായിരുന്നു. തുടർന്ന് 1969 മുതൽ 1974 വരെ ഇവിടെ അഖില ഭാരതീയ ജന സംഘത്തിന്‍റെ വിത്തുകൾ മുളച്ചു. ഇടയ്‌ക്ക് ഇടതുപക്ഷത്ത് നിന്നും സിപിഐയുടെ റുസ്‌തം വാരാണസി സൗത്ത് മണ്ഡലത്തിൽ നിന്നും എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

മുസ്ലീം ഭൂരിപക്ഷമെങ്കിലും ബ്രാഹ്മണ സ്ഥാനാർഥികൾക്ക് ഇരിപ്പിടം

മണ്ഡലത്തിലെ ആകെയുള്ള 3,16,328 വോട്ടർമാരിൽ 1,74,184 എണ്ണം പുരുഷ വോട്ടർമാരും 1,42,113 എണ്ണം സ്ത്രീ വോട്ടർമാരും 31ട്രാൻസ്ജെൻഡർ വോട്ടർമാരുമാണ്. ഇവയ്‌ക്കെല്ലാമുപരി ഇവിടുത്തെ ബ്രാഹ്മണ- മുസ്ലീം വോട്ടർമാരുടെ കണക്കുകൾ ഒഴിച്ചൂകൂടാനാവാത്തതാണ്. 8% ബ്രാഹ്മണ ജനസംഖ്യയാണെങ്കിൽ ഇവിടുത്തെ മുസ്ലീം ജനസംഖ്യ 13%ൽ കൂടുതലാണ്. ദൽമാണ്ഡി, ഹദ, രാജാ ദർവാസ, മദൻപുര, സോനാർപുര എന്നിവ മണ്ഡലത്തിൽ മുസ്ലീം മേൽക്കോയ്‌മ ഉള്ള പ്രദേശങ്ങളാണ്.

ഈ വാസ്‌തവങ്ങൾക്കപ്പുറം ഭാരതീയ ജനത പാർട്ടിക്ക് ഇവിടെ തുടർച്ചയായി ഉണ്ടാകുന്ന വിജയം എല്ലാ രാഷ്‌ട്രീയ മുൻഷിമാരുടെയും കണക്കുകൂട്ടലുകൾ തകിടം മറിക്കാൻ പര്യാപ്‌തമായതാണ്.

8% ബ്രാഹ്മണ വോട്ടർമാരും 6% ക്ഷത്രിയ വോട്ടർമാരും 8% വരുന്ന വൈശ്യ വോട്ടർമാരും വിജയനിർണയത്തിൽ പ്രധാന പങ്കുവഹിക്കുന്നു. മുന്നാക്ക-പിന്നാക്ക രാഷ്‌ട്രീയം ഉത്തർപ്രദേശിൽ കത്തിനിൽക്കുന്നുവെന്നാൽ പോലും വാരാണസിയിലെ ഈ നിയമസഭ സീറ്റ് എന്നും ഉയർന്ന ജാതിക്കാരുടെ ഇരിപ്പിടമാണ്.

കച്ചമുറുക്കി ബിജെപി

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബ്രാഹ്മണ സമുദായത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കത്തിലാണ് ബിജെപി. അതിന്‍റെ ഭാഗമായാണ് ഡോ. നീലകണ്‌ഠ് തിവാരിയെ വീണ്ടും സ്ഥാനാർഥിയാക്കാനുള്ള തീരുമാനം. വാരാണസി സൗത്ത് പിടിച്ചെടുക്കാൻ ബിജെപി തന്ത്രങ്ങളും കുതന്ത്രങ്ങളും അണിനിരത്തുമ്പോഴും ഈ മണ്ഡലത്തിൽ മത്സരിക്കണമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുക്കാൻ സമാജ്‌വാദി പാർട്ടിക്ക് ഇതുവരെ സാധിച്ചിട്ടില്ല.

തൃണമൂൽ യുപിയിലേക്ക്

വാരാണസിയിലെ ഈ സീറ്റ് തൃണമൂലിന്‍റെ വലയിലേക്ക് പോകാനുള്ള കാരണവും ഇതുതന്നെയാണ്. വാരാണസിയിലെ നിയമസഭ സീറ്റിൽ ബംഗാളി വോട്ടർമാരുടെ എണ്ണം കൂടുതലാണെന്നതാണ് ഇതിനൊരു കാരണം. മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും മുൻ കേന്ദ്ര റെയിൽവേ മന്ത്രിയും മുൻ കോൺഗ്രസ് നേതാവുമായിരുന്ന പണ്ഡിറ്റ് കമലാപതി ത്രിപാഠിയുടെ കുടുംബത്തെ വച്ച് തൃണമൂലിന് വാരാണസി സൗത്ത് സീറ്റ് വിലപേശാവുന്നതേയുള്ളൂ. ചർച്ചകൾ സജീവമായി നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ മമത ബാനർജിയെ വാരാണസിയിലേക്ക് പ്രതീക്ഷിക്കാം. ഈ സീറ്റിൽ നിന്ന് സമാജ്‌വാദി പാർട്ടി പിന്മാറിയാൽ ബ്രാഹ്മണനായ സ്ഥാനാർഥിയെ മുന്നിൽ നിർത്തി ബംഗാളി ബ്രാഹ്മണ-മുസ്ലിം സഖ്യത്തിനൊപ്പം സീറ്റ് നേടാൻ തൃണമൂലിന് ശ്രമിക്കാവുന്നതാണ്.

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ എല്ലാ രാഷ്‌ട്രീയ പാർട്ടികളും ഉറ്റുനോക്കുന്നതും ഏറ്റവും പ്രാധാന്യമുള്ളതുമായ സീറ്റായി വാരാണസി സൗത്ത് മാറിക്കഴിഞ്ഞു. മുസ്‌ലിം ഭൂരിപക്ഷമുണ്ടായിട്ടു പോലും മണ്ഡലത്തിൽ നിന്നുമുള്ള ബിജെപിയുടെ തുടർച്ചയായ വിജയം തന്നെയാണ് സീറ്റിന്‍റെ പ്രാധാന്യം വർധിക്കാൻ കാരണം.

Also Read: പഞ്ചാബ് തെരഞ്ഞെടുപ്പ്; കച്ച കെട്ടി രാഷ്‌ട്രീയ പാർട്ടികൾ, എല്ലാ കണ്ണുകളും മാൾവയിലേക്ക്

Last Updated :Jan 28, 2022, 7:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.