ETV Bharat / bharat

Maharashtra Politics| 'ഞാൻ ക്ഷീണിതനോ വിരമിച്ചവനോ അല്ല', വിരമിക്കാൻ നിർദേശിച്ച അജിത് പവാറിന് മറുപടി നൽകി ശരദ് പവാർ

author img

By

Published : Jul 8, 2023, 10:48 PM IST

മകൾ സുപ്രിയ സിലെയ്‌ക്ക് നൽകാതിരുന്ന മന്ത്രിസ്ഥാനം അജിത്തിന് നൽകിയതായി ശരദ് പവാർ

അജിത് പവാർ  ശരദ് പവാർ  എൻസിപി  മഹാരാഷ്‌ട്ര രാഷ്‌ട്രീയം  ശരദ് പവാറിന്‍റെ വിരമിക്കൽ  അജിതിനെ പരിഹസിച്ച് ശരദ്  maharashtra politics  ajit pawar  Sharad pawar  ncp
Maharashtra Politics

മുംബൈ : സജീവ രാഷ്‌ട്രീയത്തിൽ നിന്ന് വിരമിക്കണമെന്ന അജിത് പവാറിന്‍റെ നിർദേശത്തെ പരിഹസിച്ച് എൻസിപി നേതാവ് ശരദ് പവാർ. മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ പ്രായത്തെ പരാമർശിച്ചുകൊണ്ടായിരുന്നു ശരദ് പവാറിന്‍റെ പരിഹാസം. മൊറാർജി ദേശായി ഏത് പ്രായത്തിലാണ് പ്രധാനമന്ത്രിയായതെന്ന് അറിയാമോയെന്നും തനിക്ക് പ്രധാനമന്ത്രിയാകാനോ മന്ത്രിപദവിയിലെത്താനോ ആഗ്രഹമില്ലെന്നും ജനങ്ങളെ സേവിക്കാൻ മാത്രമാണ് ആഗ്രഹിക്കുന്നതെന്നും 82 കാരനായ ശരദ് പവാർ തിരിച്ചടിച്ചു.

തനിക്ക് പ്രായാധിക്യം ആയിട്ടില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ പവാർ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ വാക്കുകളും മറുപടി നൽകാൻ കടമെടുത്തിരുന്നു. 'ഞാൻ ക്ഷീണിതനോ വിരമിച്ചവനോ അല്ല' എന്നായിരുന്നു വാജ്‌പേയിയുടെ വാക്കുകൾ. എൻസിപി പിളർന്ന ശേഷം സംസ്ഥാനത്ത് അജിത് പവാർ - ശരദ് പവാർ പോരാട്ടം മുറുകുകയാണ്.

മകളെ മാറ്റി നിർത്തി അജിത്തിനെ തഴുകി : പാർട്ടിയ്‌ക്കും പാർട്ടി ചിഹ്നത്തിനുമായി ഇരു വിഭാഗവും പോരടിക്കുന്നു. ഇതിനിടെയാണ് ശരദ് പവാറിന് വിരമിക്കാൻ പ്രായമായെന്ന് അജിത് വിവാദ പരാമർശം നടത്തിയത്. എന്നാൽ എന്നോട് വിരമിക്കാൻ പറയാൻ അവർ ആരാണെന്നും എനിക്ക് ഇപ്പോഴും ജോലി ചെയ്യാൻ കഴിയുമെന്നുമാണ് ശരദ് പവാർ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. അതേസമയം, 'അജിത്തിന് മന്ത്രി സ്ഥാനവും ഉപമുഖ്യമന്ത്രി സ്ഥാനവും നൽകി. എന്നാൽ മകൾ സുപ്രിയ സുലെയെ മന്ത്രിയാക്കാൻ കഴിയുമായിരുന്നിട്ടും അത് ചെയ്‌തില്ല.' എന്നും പവാർ പ്രതികരിച്ചു.

കേന്ദ്രത്തിൽ മന്ത്രി സ്ഥാനം ലഭിച്ചപ്പോഴും പാർലമെന്‍റ് അംഗമായിരുന്ന സുപ്രിയയ്‌ക്ക് നൽകാതെ മറ്റുള്ളവർക്ക് നൽകിയെന്നും പവാർ കൂട്ടിച്ചേർത്തു. ജൂലൈ രണ്ടിനാണ് അജിത് പവാറും മറ്റ് എട്ട് എംഎൽഎമാരും ഏക്‌നാഥ് ഷിൻഡെയുടെ എൻഡിഎ നേതൃത്വത്തിലുള്ള സർക്കാരിനെ പിന്തുണച്ച് സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റത്. ശേഷം ആരാണ് എൻസിപിയുടെ ശരിയായ അധ്യക്ഷൻ എന്ന നിലയിൽ വലിയ പിടിവലി സംസ്ഥാനത്ത് അരങ്ങേറി.

also read : NCP | എണ്‍പത്തിരണ്ടോ തൊണ്ണൂറ്റിരണ്ടോ ആകട്ടെ , എൻസിപി അധ്യക്ഷൻ താനെന്ന് ശരദ് പവാര്‍ ; അജിത് പവാര്‍ പക്ഷത്തെ പുറത്താക്കി

എൻസിപിയിൽ ആരാണ് കേമൻ : എൻസിപിയിലെ 35 എംഎൽഎമാർ തന്നെ പിന്തുണക്കുന്നുവെന്ന് കാണിച്ച് അജിത് പവാർ താനാണ് യഥാർഥ പാർട്ടി അധ്യക്ഷനെന്നും അതിനാൽ പാർട്ടി ചിഹ്നത്തിനും പേരിനും തനിക്കാണ് അവകാശം എന്നും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിരുന്നു. എന്നാൽ ഇതിന് തിരിച്ചടിയായി കഴിഞ്ഞ ദിവസം ശരദ് പവാർ പാർട്ടി എക്‌സ്ക്യൂട്ടീവ് യോഗം ചേരുകയും അജിത് പവാർ ഉൾപ്പടെ മറുകണ്ടം ചാടിയ എംഎൽഎമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി പ്രമേയം പാസാക്കുകയും ചെയ്‌തു. നിലവിൽ അജിത് പവാർ ഷിൻഡെയ്‌ക്കൊപ്പം ചേർന്ന ശേഷം തന്‍റെ പ്രൗഢിയും പ്രതാപവും വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ശരദ് പവാർ. അതിന്‍റെ ഭാഗമായി ഇന്ന് മഹാരാഷ്‌ട്രയിൽ തന്‍റെ സംസ്ഥാന പര്യടനത്തിന് തുടക്കമിട്ടിരിക്കുകയാണ് അദ്ദേഹം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.