ETV Bharat / bharat

ജീവിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്; സിദ്ദിഖ് കാപ്പനെ ഡൽഹിയിൽ ചികിത്സിക്കാൻ സുപ്രീം കോടതി ഉത്തരവ്

author img

By

Published : Apr 29, 2021, 4:57 PM IST

സിദ്ദിഖ് കാപ്പനെ യുപിയിൽ നിന്നും ഡൽഹിയിലേക്ക് കൊണ്ടു പോകുന്നതിനെ അവസാന നിമിഷം വരെ സോളിസിറ്റര്‍ ജനറൽ എതിർത്തു.

1
1

ന്യൂഡൽഹി: 'ജീവിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്, തടവുകാർക്കും ഇത് ബാധകമാണ്' മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ ഡൽഹിയിലേക്ക് മാറ്റി ചികിത്സ ലഭ്യമാക്കുന്നതിനുള്ള ഉത്തരവിൽ സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മഥുര ജയിലില്‍ നിന്ന് മാറ്റി ഡൽഹിയിലെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലോ എയിംസിലോ മറ്റേതെങ്കിലും സര്‍ക്കാര്‍ ആശുപത്രികളിലോ ചികിത്സ നല്‍കാനാണ് പരമോന്നത കോടതിയുടെ നിർദേശം.

സിദ്ദിഖ് കാപ്പന്‍റെ ആരോഗ്യസ്ഥിതി പരിഗണിച്ച് എത്രയും പെട്ടെന്ന് തന്നെ അദ്ദേഹത്തിന് മികച്ച ചികിത്സ നൽകണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ സൂര്യകാന്ത്, എ.എസ് ബൊപണ്ണ എന്നിവരടങ്ങിയ ബെഞ്ച് കാപ്പൻ സുഖം പ്രാപിച്ച ശേഷം അദ്ദേഹത്തെ മഥുര ജയിലിലേക്ക് മാറ്റാനും നിർദേശിച്ചു. നിയമവിരുദ്ധ തടങ്കലിൽ നിന്ന് മോചനം വേണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയനും (കെ‌യുഡബ്ല്യുജെ) ഭാര്യ റൈഹാനത്തും സമർപ്പിച്ച ഹർജി കോടതി തള്ളി.

യുപിയില്‍ നിന്ന് കാപ്പനെ ഡൽഹിയിലേക്ക് മാറ്റുന്നതിനെ യുപി സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അവസാന നിമിഷം വരെ എതിര്‍ത്തു. മറ്റ് ജയിൽ അന്തേവാസികൾക്ക് നൽകുന്നത് പോലെ മതിയായ ചികിത്സ നല്‍കാന്‍ ജയില്‍ അധികൃതര്‍ ഒരുക്കമാണെന്നും മേത്ത വ്യക്തമാക്കി. ഇക്കാര്യം കോടതി അംഗീകരിച്ചില്ല.

യുപി പൊലീസിന്‍റെ അറസ്റ്റിനെ ചോദ്യം ചെയ്യുന്നതിന് ഉചിതമായ നിയമനടപടികൾ സ്വീകരിക്കാനും സിദ്ദിഖ് കാപ്പനോട് കോടതി നിർദേശിച്ചു. ജാമ്യം അനുവദിക്കുന്നതിനോ കുറ്റപത്രം റദ്ദാക്കുന്നതിനോ ആയുള്ള നടപടികൾക്കായി ബന്ധപ്പെട്ട കോടതികളെ സമീപിക്കാൻ കോടതി ആവശ്യപ്പെട്ടു. ഇരുവിഭാഗവും ഉന്നയിച്ച വിവാദപരമായ പ്രശ്നങ്ങളെക്കുറിച്ച് ബെഞ്ച് ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല.

ഈ മാസം 21ന് മാധ്യമപ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചുവെന്നും കാപ്പൻ അസുഖബാധിതനാണെന്നുമുള്ള മെഡിക്കൽ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷമാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. അദ്ദേഹത്തിന് പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, രക്തസമ്മർദം, പരിക്കുകളും ഉണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ബാത്ത് റൂമിൽ ബോധരഹിതനായി വീണപ്പോഴാണ് കാപ്പന് പരിക്ക് പറ്റിയത്.

സിദ്ദിഖ് കാപ്പനെ ചികിത്സിച്ചിരുന്ന ആശുപത്രിയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിജെഐ രമണയ്ക്ക് ഭാര്യ റൈഹാനത്ത് കത്തെഴുതിയിരുന്നു. ആശുപത്രി കിടക്കയിൽ ഒരു മൃഗത്തെപ്പോലെ അദ്ദേഹത്തെ ചങ്ങലയിൽ ബന്ധിപ്പിച്ചിരുന്നുവെന്ന് ഭാര്യ കത്തിൽ ആരോപിച്ചിരുന്നുവെങ്കിലും യുപി സർക്കാർ ഇത് നിരാകരിച്ചു. സിദ്ദിഖ് കാപ്പൻ കൊവിഡ് മുക്തനായ റിപ്പോർട്ടുകളും യുപി സർക്കാർ കോടതിയിൽ സമർപ്പിച്ചു.

ഹത്രാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമ പ്രവര്‍ത്തകനെ കഴിഞ്ഞ വർഷമാണ് ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് സിദ്ദിഖ് കാപ്പന് വിദഗ്ധചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉത്തരവിറക്കിയത്.

Also Read: സഹായിച്ചവരോടെല്ലാം നന്ദിയെന്ന് കാപ്പന്‍റെ ഭാര്യ

സിദ്ദിഖ് കാപ്പനെ കൂടാതെ മുസാഫർനഗറിൽ നിന്നുള്ള അതിക്കൂർ റഹ്‌മാൻ, ബഹ്‌റൈച്ചിൽ നിന്നുള്ള മസൂദ് അഹമ്മദ്, റാംപൂരിൽ നിന്നുള്ള ആലം എന്നിവരെയും കള്ളപ്പണ നിരോധന നിയമ പ്രകാരം അറസ്റ്റ് ചെയ്തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.