ETV Bharat / bharat

'അപകടകാരണം കണ്ടെത്തണം': ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് റെയില്‍വേ മന്ത്രി

author img

By

Published : Jun 3, 2023, 8:53 AM IST

Updated : Jun 3, 2023, 12:19 PM IST

Ashwini Vaishnaw on Odisha Balasore train accident  balasore train accident  high level inquiry on balasore train accident  ബാലസോര്‍ ട്രെയിന്‍ ദുരന്തം  അശ്വിനി വൈഷ്‌ണവ്  റെയില്‍വേ മന്ത്രി
ashwini vaishnaw

അപകടസ്ഥലം സന്ദര്‍ശിച്ചതിന് പിന്നാലെയാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്.

ബാലസോര്‍ ദുരന്തഭൂമി സന്ദര്‍ശിച്ച് റെയില്‍വേ മന്ത്രി

ഭുവനേശ്വര്‍ : ഒഡിഷയിലെ ബാലസോറില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ്. അപകടത്തിന്‍റെ പ്രധാന കാരണം എന്തെന്ന് കണ്ടെത്തണമെന്ന് അദ്ദേഹം പറഞ്ഞു. അപകട സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

അപകടത്തിന്‍റെ മൂലകാരാണം കണ്ടെത്താന്‍ വേണ്ടി വിശദമായ അന്വേഷണം നടത്തും. റെയില്‍ സുരക്ഷ കമ്മിഷണര്‍ക്ക് സ്വതന്ത്രമായ അന്വേഷണം നടത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അശ്വിനി വൈഷ്‌ണവ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ജില്ല ഭരണകൂടത്തിന്‍റെ അനുമതിക്ക് ശേഷമാകും ഗതാഗതം പുനഃസ്ഥാപിക്കുന്നതുള്‍പ്പടെയുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുക. ബാലസോറില്‍ ഉണ്ടായ അപകടം ദൗര്‍ഭാഗ്യകരമാണെന്നും വിവരം അറിഞ്ഞതിന് പിന്നാലെ തന്നെ രക്ഷാപ്രവര്‍ത്തനത്തിന് ഉത്തരവ് ഇട്ടിരുന്നതായും അശ്വിനി വൈഷ്‌ണവ് പറഞ്ഞു.

അതേസമയം, ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് റെയില്‍വേ മന്ത്രി 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടവര്‍ക്ക് 50,000 രൂപയും കേന്ദ്രം ധനസഹായം നല്‍കും. ഇത് കൂടാതെ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി ദുരിദാശ്വാസ ഫണ്ടില്‍ നിന്നും രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും അപകടസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഉദ്യോഗസ്ഥരോടും മന്ത്രി സംസാരിച്ചിരുന്നു. മുഖ്യമന്ത്രിക്കൊപ്പം മറ്റ് എംഎല്‍എരും എംപിമാരും സ്ഥലത്തെത്തിയിരുന്നു.

അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടരില്‍ നിന്നും ഇവര്‍ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ, നൈപുണ്യ വികസന മന്ത്രി ധർമേന്ദ്ര പ്രധാന്‍ കൊൽക്കത്ത സന്ദർശനം വെട്ടിച്ചുരുക്കി ഒഡിഷയിലെ ബാലസോറിലേക്ക് പുറപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഇന്ന് ബാലസോറില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.
രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും അപകടത്തില്‍പ്പെട്ട തമിഴ്‌നാട് സ്വദേശികളെ സഹായിക്കാനുമായി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഒരു സംഘം മന്ത്രിമാരെ ഒഡിഷയിലേക്ക് അയച്ചു. തമിഴ്‌നാട്ടില്‍ ഇന്ന് ഔദ്യോഗിക ദുഃഖാചരണവും മന്ത്രി എംകെ സ്റ്റാലിന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുൻ മുഖ്യമന്ത്രി കലൈഞ്ജർ കരുണാനിധിയുടെ ശതാബ്‌ദി ആഘോഷവുമായി ബന്ധപ്പെട്ട് ഡിഎംകെ ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന മുഴുവന്‍ പരിപാടികളും റദ്ധാക്കി.

ബാലസോറിലെ ബഹനാഗ സ്റ്റേഷന് സമീപം ഇന്നലെ രാത്രിയിലാണ് രാജ്യത്തെ നടുക്കിയ അപകടം നടന്നത്. ആദ്യം പാളം തെറ്റി മറിഞ്ഞ ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസില്‍ ഷാലിമാർ-ചെന്നൈ സെൻട്രൽ കോറോമണ്ഡല്‍ എക്‌സ്പ്രസ് ട്രെയിന്‍ വന്നിടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തില്‍ കോറോമണ്ഡൽ എക്‌സ്‌പ്രസിന്‍റെ ബോഗികള്‍ ട്രെയിനില്‍ നിന്നും വേര്‍പെട്ട് നിര്‍ത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയില്‍ പതിച്ചു. രാത്രി 7:20 ഓടെയായിരുന്നു ആദ്യത്തെ ട്രെയിന്‍ അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.

More Read : ബാലസോര്‍ ട്രെയിന്‍ ദുരന്തം: മരണം 233 ആയി, ഒഡിഷയില്‍ ഇന്ന് ഔദ്യോഗിക ദുഃഖാചരണം

Last Updated :Jun 3, 2023, 12:19 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.