ETV Bharat / bharat

Onam Fair| ഓണത്തിന് കിറ്റ് പരിഗണനയിലില്ല, ഓണം ഫെയറുകള്‍ സംഘടിപ്പിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ

author img

By

Published : Aug 4, 2023, 6:14 PM IST

Updated : Aug 4, 2023, 7:38 PM IST

ഓണം ഫെയറുകള്‍ ഓഗസ്‌റ്റ് 18 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ

ഓണം ഫെയറുകള്‍  ഭക്ഷ്യ മന്ത്രി  ജി ആർ അനിൽ  Food Minister  GR Anil  Onam fairs  ഭക്ഷ്യ പൊതുവിതരണ വകുപ്പ്  Department of Food and Public Distribution  സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍  Civil Supplies Corporation  kerala  കേരളം  organized  സംഘടിപ്പിച്ചു  ഉത്പന്നങ്ങൾ
Food Minister GR Anil

തിരുവനന്തപുരം : ഓണത്തിന് കിറ്റ് നൽകുന്ന കാര്യം ഇതുവരെ പരിഗണനയിൽ ഇല്ലെന്നും ഓണം ഫെയർ നടത്തുമെന്നും ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. ഓഗസ്റ്റ് 18 മുതൽ 28 വരെ നടത്തുന്ന ഓണം ഫെയർ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും. ഓഗസ്റ്റ് 25 മുതൽ താലൂക്ക് കേന്ദ്രങ്ങളിൽ ഓണം ഫെയർ ആരംഭിക്കും. ഈ വർഷത്തെ ജില്ല ഫെയറുകളിൽ പ്രാദേശിക കർഷകരിൽ നിന്ന് ശേഖരിക്കുന്ന ഉത്‌പന്നങ്ങൾ ഉൾപ്പെടുത്തും.

സബ്‌സിഡി സ്ഥാപനങ്ങൾക്ക് പുറമെ കോമ്പോ ഓഫറുകൾ അടക്കം അഞ്ച് ഇനങ്ങൾ അധികമായി ഉൾപ്പെടുത്തും. ആകർഷകമായ പാക്കറ്റുകളിൽ ഉത്‌പന്നങ്ങൾ വിപണിയിൽ ലഭ്യമാക്കും. ഓഗസ്‌റ്റ് 25 നകം ശബരി ഉത്‌പന്നങ്ങൾ പുതിയ പാക്കറ്റിൽ ലഭ്യമാക്കും. ഓണക്കാലത്ത് മാത്രം 250 കോടി രൂപയുടെ വിൽപന പ്രതീക്ഷിക്കുന്നു.

അതേസമയം, സപ്ലൈക്കോയെ തകർക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നതായും സ്വകാര്യ വ്യക്തികളെ സഹായിക്കാനാണ് ഈ ശ്രമമെന്നും ഭക്ഷ്യ മന്ത്രി പറഞ്ഞു. ഓഗസ്റ്റ് 20 ന് എല്ലാ സാധനങ്ങളും സപ്ലൈക്കോകളിൽ എത്തും. 25-ാം തീയതിയോട് കൂടി സാധനങ്ങൾ തീരുന്നത് സ്വാഭാവികമാണ്. കാരണം, സാധാരണ ഗതിയിൽ പ്രതിമാസം 42 ലക്ഷം പേരാണ് വിൽപനശാലകളിൽ വന്നു പോകുന്നത്.

2023 ൽ 270 കോടിയായാണ് മാസ വിൽപന വർധിച്ചിട്ടുള്ളത്. ആകെ വിൽപന 38560.15 ലക്ഷം രൂപയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 565 ലക്ഷം രൂപയുടെ വർധനവാണുണ്ടായത്. അതായത് 28 ശതമാനത്തിന്‍റെ വർധനവ്. ഓണം പ്രമാണിച്ച് ഉത്‌പന്നങ്ങളുടെ ഗുണ നിലവാരം വർധിപ്പിക്കാനും സർക്കാർ ശ്രമം നടന്നു. റേഷൻ കടകളിലെ അരിയ്‌ക്ക് പുറമെ, സപ്ലൈക്കോയിൽ നിന്നും 10 കിലോ അരി ലഭ്യമാക്കും. ആറ് ഇനമാണ് പരമാവധി ലഭ്യമാക്കുന്നത്. 250 കോടി രൂപയാണ് ഓണത്തിനായി സപ്ലൈക്കോയ്‌ക്ക് നൽകിയതെന്നും മന്ത്രി പറഞ്ഞു.

റേഷൻ കടകളിലെ വിതരണം : ഓഗസ്റ്റ് മാസത്തെ റേഷൻ നയമനുസരിച്ച് റേഷൻ കടകൾ വഴിയുള്ള അരി വിതരണം 70:30 എന്ന രീതിയിലാകും. 70 ശതമാനം ചെമ്പാവരിയും പുഴുക്കലരിയും 30 ശതമാനം പച്ചരിയും വിതരണം ചെയ്യും. ഓണത്തിന് വെള്ള കാർഡുകാർക്ക് നിലവിലുള്ള രണ്ട് കിലോ അരിക്ക് പുറമെ അഞ്ച് കിലോ അരി കൂടി 10 രൂപ 90 പൈസ നിരക്കിൽ വിതരണം ചെയ്യും. ഓഗസ്റ്റ് മാസം മഞ്ഞ കാർഡ് ഉടമകൾക്ക് മൂന്ന് മാസത്തിലൊരിക്കൽ കൊടുക്കുന്ന അര ലിറ്റർ മണ്ണെണ്ണക്ക് പുറമെ അര ലിറ്റർ മണ്ണെണ്ണ കൂടി വിതരണം ചെയ്യും. ഓണത്തിനോടനുബന്ധിച്ച് 27, 28 തിയതികളിൽ റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കുന്നതായിരിക്കും. 29, 30, 31 തീയതികളിലാകും റേഷൻ കടകൾക്ക് ഓണം അവധി.

ഓണം ഫെയർ ഉദ്‌ഘാടനം : ഓണം ഫെയറിന്‍റെ സംസ്ഥാന തല ഉദ്‌ഘാടനം ഓഗസ്റ്റ് 18 വൈകിട്ട് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ പുത്തരിക്കണ്ടം മൈതാനത്ത് നായനാർ പാർക്കിൽ നിർവഹിക്കും. തുടർന്ന് ആഗസ്റ്റ് 19 ന് ജില്ല തല ഉദ്‌ഘാടനങ്ങളും ഓഗസ്റ്റ് 23 മുതൽ മണ്ഡല അടിസ്ഥാനത്തിലുള്ള ഓണം ഫെയർ ഉദ്‌ഘാടനങ്ങളുമാകും നടക്കുക. മിൽമ, കേര ഫെഡ്, കുടുംബശ്രീ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സ്റ്റാളുകൾ ജില്ല ഫെയറിൽ ഉണ്ടാകും.

ഓണം ഫെയറുകളിൽ വിൽപന വർധിപ്പിക്കാൻ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 500 മുതൽ 1000 രൂപ വരെയുള്ള കൂപ്പണുകൾ സൗജന്യമായി വിതരണം ചെയ്‌തിട്ടുണ്ട്. 20 കൂപ്പൺ ഒരുമിച്ചെടുക്കുന്ന സ്വകാര്യ - പൊതുമേഖല സ്ഥാപനങ്ങൾക്ക് ഒരു കൂപ്പൺ സൗജന്യമായി ലഭിക്കും. സബ്‌സിഡി സ്ഥാപനങ്ങൾക്ക് പുറമെ നിത്യോപയോഗ സാധനങ്ങൾക്ക് കൊമ്പോ ഓഫറുകൾ ഓണക്കാലത്ത് നൽകും. ഓണ വിപണി ലക്ഷ്യമിട്ട് ശബരി ഉത്‌പന്നങ്ങളായി മട്ട അരി, ആന്ധ്ര ജയ അരി, ആട്ട, പുട്ടുപൊടി, അപ്പപൊടി എന്നീ ഉത്‌പന്നങ്ങൾ സപ്ലൈക്കോ വിപണിയിലിറക്കും.

പൊതുവിപണിയിൽ നിന്നും അഞ്ച് രൂപയോളം കുറച്ചാകും ഇവ സപ്ലൈക്കോയിൽ ലഭ്യമാക്കുക. ഓണത്തിനോട് അനുബന്ധിച്ച് പയറു വർഗങ്ങൾ (6120 മെട്രിക് ടൺ), സുഗന്ധവ്യഞ്‌ജനങ്ങൾ (600 മെട്രിക് ടൺ), പഞ്ചസാര (4570 മെട്രിക് ടൺ), അരി (15880 മെട്രിക് ടൺ), വെളിച്ചെണ്ണ (40 ലക്ഷം ലിറ്റർ) എന്നിങ്ങനെയാണ് സപ്ലൈക്കോ സംഭരിക്കുന്ന ആവശ്യസാധനങ്ങളുടെ കണക്ക്.

Last Updated : Aug 4, 2023, 7:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.