ETV Bharat / bharat

ഡിജിപിയായി ആൾമാറാട്ടം; എസ്എച്ച്ഒമാർക്ക് സസ്‌പെൻഷൻ ഭീഷണി, പ്രതിയെ വിട്ടയക്കാനും നിർദേശം; തട്ടിപ്പ് സംഘത്തിനായി തെരച്ചിൽ

author img

By

Published : Mar 5, 2023, 6:23 PM IST

ഉത്തർ പ്രദേശ് ഡിജിപി ഡിഎസ് ചൗഹാന്‍റെ സ്വകാര്യ നമ്പർ ഹാക്ക് ചെയ്‌താണ് തട്ടിപ്പ് സംഘം കാൺപൂരിലെ പൊലീസ് സ്റ്റേഷനുകളിൽ വിളിച്ച് ഭീഷണി മുഴക്കിയത്

Man impersonates UP DGP  spoof calls to SHOs threatening suspension  ഉത്തർപ്രദേശ് ഡിജിപിയായി ആൾമാറാട്ടം  ഡിജിപിയായി ആൾമാറാട്ടം  തട്ടിപ്പ് സംഘത്തിനായി തെരച്ചിൽ  ഡിജിപിയായി ആൾമാറാട്ടം  ഉത്തർപ്രദേശ് ഡിജിപി ഡിഎസ് ചൗഹാൻ  ഉത്തർപ്രദേശ് ഡിജിപിയായി തട്ടിപ്പ്  UP DGP  Kanpur
ഡിജിപിയായി ആൾമാറാട്ടം

ലഖ്‌നൗ: ഉത്തർ പ്രദേശ് ഡിജിപിയായി ആൾമാറാട്ടം നടത്തുകയും കാൺപൂരിലുടനീളമുള്ള പൊലീസ് സ്‌റ്റേഷൻ മേധാവികളെ ഫോണിൽ വിളിച്ച് സസ്‌പെൻഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌ത് തട്ടിപ്പ് സംഘം. ഉത്തർ പ്രദേശ് ഡിജിപി ഡിഎസ് ചൗഹാന്‍റെ സ്വകാര്യ നമ്പർ ഹാക്ക് ചെയ്‌താണ് പ്രതികൾ സ്റ്റേഷനുകളിൽ വിളിച്ച് മേധാവികളെ ഭീഷണിപ്പെടുത്തിയത്. ഫെബ്രുവരി 19, 24 എന്നീ തീയതികളിലാണ് കബളിപ്പിക്കൽ നടന്നത്. സംഭവത്തിൽ ഉത്തർ പ്രദേശ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഫെബ്രുവരി 24ന് സജെതി പൊലീസ് സ്‌റ്റേഷൻ ഇൻചാർജ് പവൻ സിംഗിന് ഡിജിപിയുടെ പേഴ്‌സണൽ നമ്പറിൽ നിന്ന് കോൾ വന്നതോടെയാണ് തട്ടിപ്പ് വെളിച്ചത്തായത്. ഫോണ്‍ കോൾ എടുത്ത ഉടനെ എസ്എച്ച്ഒ ഡിജിപിയെ 'ജയ് ഹിന്ദ്' എന്ന് അഭിവാദ്യം ചെയ്‌തു. എന്നാൽ മറുവശത്തുള്ളയാൾ എസ്‌എച്ച്ഒയോട് ആക്രോശിക്കുകയും ജോലിയിൽ അലംഭാവം കാണിച്ചതിന് സസ്പെൻഷൻ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

ഭീഷണിപ്പെടുത്തൽ കൂടാതെ ഫോണിലൂടെ വ്യക്‌തിപരമായി അധിക്ഷേപിക്കുന്നതിലേക്ക് വരെ കാര്യങ്ങൾ പോയിരുന്നു. എന്നാൽ മറുവശത്ത് ഡിജിപി ആണെന്ന വിചാരത്താൽ എസ്‌എച്ച്ഒ മറുത്തൊന്നും പറയാതെ എല്ലാം കേട്ടിരുന്നു. എന്നാൽ പിന്നീട് ഫോണ്‍ വിളിയിൽ സംശയം തോന്നിയ സജെതി എസ്‌എച്ച്‌ഒ വിഷയം ഘതംപൂർ എസിപിയെ അറിയിച്ചു. തുടർന്ന് എസിപി പൊലീസ് കമ്മിഷണറെ വിവരം അറിയിക്കുകയും കമ്മിഷണർ ഡിജിപിയുമായി ബന്ധപ്പെടുകയുമായിരുന്നു.

ഇതോടെയാണ് ഫോണ്‍ വിളിച്ചത് ഡിജിപി അല്ലെന്നും അദ്ദേഹത്തിന്‍റെ നമ്പർ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതാണെന്നും മനസിലായത്. പിന്നാലെ ഫെബ്രുവരി 26ന് കാൺപൂരിലെ ഹസ്രത്ഗഞ്ച് പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ ഫെബ്രുവരി 19നും തട്ടിപ്പുകാർ ഇത്തരത്തിൽ ബാബുപൂർവ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചതായും പൊലീസ് അറസ്റ്റ് ചെയ്‌ത പ്രതിയെ വിട്ടയക്കാൻ ആവശ്യപ്പെട്ടതായും കണ്ടെത്തി.

പ്രതിയെ വിട്ടയക്കണമെന്ന് വ്യാജ ഡിജിപി: ബാബുപൂർവ പൊലീസ് സ്റ്റേഷൻ ഇൻചാർജ് ഷൈലേന്ദ്ര സിങ് കാൺപൂരിലെ പ്രശസ്‌ത വാതുവയ്‌പ്പുകാരൻ മസൂം അലിയെ വാതുവയ്‌പ്പ് കേസിൽ അറസ്റ്റ് ചെയ്‌തിരുന്നു. പിന്നാലെ ഫെബ്രുവരി 19ന് ഉത്തർ പ്രദേശ് ഡിജിപി ഡിഎസ് ചൗഹാന്‍റെ സിയുജി നമ്പറിൽ നിന്ന് എസ്എച്ച്ഒയ്ക്ക് ഫോണ്‍ കോൾ എത്തി. കോളിൽ ജോലിയിലെ മോശം പ്രകടനത്തിന് എസ്എച്ച്ഒയെ ശാസിക്കുകയും മറ്റ് കാര്യങ്ങളിൽ പരിഷ്‌കാരങ്ങൾ കൊണ്ടുവരാൻ അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്‌തു.

ഇതിന് പിന്നാലെ അറസ്റ്റ് ചെയ്‌ത മസും അലിയെ വിട്ടയയ്‌ക്കാനും എസ്എച്ച്ഒയോട് തട്ടിപ്പുകാരൻ ഫോണിലൂടെ ആവശ്യപ്പെട്ടു. ആദ്യം എസ്‌എച്ച്‌ഒ മടിച്ചെങ്കിലും സസ്‌പെൻഷൻ ഭീഷണി നേരിട്ടതിനെത്തുടർന്ന് മസും അലിയെ വിട്ടയക്കുകയായിരുന്നു. ഇക്കാര്യം മറ്റുള്ള ഉദ്യോഗസ്ഥർ അറിയരുതെന്നും ഫോണിലൂടെ തട്ടിപ്പുകാർ ആവശ്യപ്പെട്ടിരുന്നു. ഡിജിപിയുടെ നിർദേശമാണെന്ന് വിചാരിച്ച് ബാബുപൂർവ എസ്‌എച്ച്ഒ ഇക്കാര്യം പുറത്തറിയിച്ചതുമില്ല.

അന്വേഷണം ആരംഭിച്ച് പൊലീസ്: നിലവിൽ ഹസ്രത്‌ഗഞ്ചിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരാണ് തട്ടിപ്പ് കേസ് അന്വേഷിക്കുന്നത്. കുറ്റകൃത്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ഇൻസ്‌പെക്‌ടർ റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് വിഷയം അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് ഹസ്രത്ഗഞ്ച് പൊലീസ് സ്റ്റേഷൻ ഇൻ-ചാർജ് അഖിലേഷ് കുമാർ മിശ്ര അറിയിച്ചു. സൈബർ സെൽ സംഘവും അന്വേഷണ ടീമിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.