ETV Bharat / bharat

കൂട്ടബലാത്സംഗത്തിനിരയായി വീട്ടമ്മ മരിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍; 3 പേര്‍ ഒളിവില്‍

author img

By

Published : May 27, 2023, 4:55 PM IST

Man arrested in gang rape case in Karnataka  gang rape case in Karnataka  Karnataka news updates  latest news in Karnataka  കൂട്ടബലാത്സംഗത്തിനിരയായി വീട്ടമ്മ മരിച്ച സംഭവം  കൂട്ടബലാത്സംഗത്തിന് ഇരയായി വീട്ടമ്മ  പൊലീസ്  കര്‍ണാടകയില്‍ കൂട്ടബലാത്സംഗം  ബെംഗളൂരു വാര്‍ത്തകള്‍  ബെംഗളൂരു പുതിയ വാര്‍ത്തകള്‍
കര്‍ണാടകയില്‍ കൂട്ടബലാത്സംഗം

കൂട്ടബലാത്സംഗത്തിന് ഇരയായി വീട്ടമ്മ മരിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. ഒളിവില്‍ പോയ പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്.

ബെംഗളൂരു: കര്‍ണാടകയില്‍ കൂട്ടബലാത്സംഗത്തിനിരയായ വീട്ടമ്മ മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സിന്ധനൂര്‍ സ്വദേശിയായ വീട്ടമ്മയാണ് മരിച്ചത്. സിന്ധനൂര്‍ സ്വദേശിയായ മല്ലപ്പയാണ് അറസ്റ്റിലായത്. ഇയാളുടെ കൂട്ടാളികളായ മൂന്ന് പേര്‍ ഒളിവില്‍.

മെയ്‌ 24നാണ് കേസിനാസ്‌പദമായ സംഭവം. തയ്യല്‍ ജോലി ചെയ്‌താണ് വീട്ടമ്മയും കുടുംബവും ജീവിച്ചിരുന്നത്. പ്രദേശവാസിയായ മല്ലപ്പ തയ്യല്‍ ചെയ്‌ത് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് യുവതിയുടെ അടുത്തെത്തിയത്. ഇതേ ആവശ്യം പറഞ്ഞ് നിരന്തരം വീട്ടിലെത്തിയ ഇയാള്‍ വീട്ടമ്മയുമായി സൗഹൃദം സ്ഥാപിച്ചു.

ഇതിന് പിന്നാലെ ഇയാള്‍ നിരവധി തവണ വീട്ടമ്മയെ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചു. എന്നാല്‍ വീട്ടമ്മ വഴങ്ങിയിരുന്നില്ല. മെയ്‌ 23ന് വീട്ടിലെത്തിയ ഇയാള്‍ വീട്ടമ്മയെ നിര്‍ബന്ധിച്ച് ബൈക്കില്‍ കയറ്റി കൊണ്ടുപോയി. വീടിന് സമീപത്തെ കനാലിനരികെ എത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കി.

തുടര്‍ന്ന് ഇയാളുടെ കൂട്ടാളികള്‍ സ്ഥലത്തെത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പീഡനത്തിന് പിന്നാലെ അബോധാവസ്ഥയിലായ വീട്ടമ്മയെ നാട്ടുകാരാണ് കനാലിനരികെ കണ്ടത്. ഉടന്‍ തന്നെ മകനെ വിവരം അറിയിക്കുകയും സിന്ധനൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിക്കുകയും ചെയ്‌തു. ഇതിന് പിന്നാലെ മികച്ച ചികിത്സ ലഭ്യമാക്കാനായി റായ്‌ചൂരിലെ റിംസ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ചികിത്സക്കിടെ വീട്ടമ്മ മരിച്ചു.

മരണത്തിന് മുമ്പും പ്രതിയെ കുറിച്ച് മൊഴി നല്‍കി: ക്രൂര പീഡനത്തിന് ഇരയായ വീട്ടമ്മ ചികിത്സയിലിരിക്കെ സിന്ധനൂര്‍ പൊലീസെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. മുഖ്യ പ്രതിയായ മല്ലപ്പയടക്കം തന്നെ ബലമായി കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്ന് വീട്ടമ്മ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഒളിവില്‍ പോയ പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

സമാന സംഭവത്തില്‍ ബിഎസ്‌എഫ് ജവാന്മാര്‍ക്ക് ജീവപര്യന്തം: പശ്ചിമ ബംഗാളിലെ ഹൗറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത് ഏഴ്‌ വര്‍ഷം മുമ്പാണ്. ബലാത്സംഗത്തിന് ഇരയാക്കിയതാകട്ടെ ബിഎസ്‌എഫ് ജവാന്മാര്‍. കേസില്‍ ഉള്‍പ്പെട്ട രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തവും ഒരാള്‍ക്ക് 10 വര്‍ഷം കഠിന തടവും ഹൗറ പ്രത്യേക കോടതി ശിക്ഷ വിധിച്ചു.

ബല്‍ക്രം യാദവ്, സന്തോഷ്‌ കുമാര്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കൂട്ടുപ്രതിയായ മറ്റൊരു സൈനികന് 10 വര്‍ഷം കഠിന തടവും ശിക്ഷ വിധിച്ചു. 2015 ഡിസംബറിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തത്.

ഹൗറയില്‍ നിന്ന് അമൃത്സറിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെയാണ് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്. പ്രതികള്‍ സഞ്ചരിച്ച കോച്ചിലേക്ക് പെണ്‍കുട്ടി അബദ്ധത്തില്‍ കയറുകയായിരുന്നു. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി മദ്യം കുടിപ്പിക്കുകയും തുടര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു.

ട്രെയിനില്‍ നിന്ന് സംഭവം ശ്രദ്ധയില്‍പ്പെട്ട ഏതാനും യാത്രക്കാര്‍ റെയില്‍വേ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ട്രെയിന്‍ അടുത്ത സ്റ്റേഷനിലെത്തിയപ്പോള്‍ റയില്‍വേ പൊലീസ് എത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

also read: അസമില്‍ പതിനാല് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്‌തു; രണ്ട് പേർ അറസ്‌റ്റിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.