ETV Bharat / bharat

പുജാര @100; ഗാർഡ് ഓഫ് ഓണറും പുരസ്‌കാരവും നൽകി ആദരിച്ച് ബിസിസിഐ

author img

By

Published : Feb 17, 2023, 4:33 PM IST

100 ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന 13-ാമത്തെ ഇന്ത്യൻ താരമാണ് ചേതേശ്വർ പുജാര.

Cheteshwar Pujara  Cheteshwar Pujara 100th Test  Cheteshwar Pujara earned a Guard of Honour  ചേതേശ്വർ പുജാര  പുജാരയ്‌ക്ക് ഗാർഡ് ഓഫ് ഓണർ  പുജാര 100 ടെസ്റ്റ്  പുജാര  ചേതേശ്വർ പുജാര  ബിസിസിഐ  India vs Australia  ബോർഡർ ഗവാസ്‌കർ ട്രോഫി  Border Gavaskar Trophy
പൂജരയ്‌ക്ക് 100-ാം ടെസ്റ്റ് മത്സരം

ന്യൂഡൽഹി: വെറ്ററൻ താരം ചേതേശ്വർ പുജാരയുടെ 100-ാം ടെസ്റ്റ് മത്സരം ആഘോഷമാക്കി ബിസിസിഐ. മത്സരത്തിന് മുന്നോടിയായി ഗാർഡ് ഓഫ് ഓണറും പ്രത്യേക പുരസ്‌കാരവും നൽകിയാണ് താരത്തെ സ്വീകരിച്ചത്. 100-ാം ടെസ്റ്റ് കളിക്കുന്നതിന്‍റെ ബഹുമാനാർഥം പുജാരയ്‌ക്ക് ഇന്ത്യൻ മുൻ ഇതിഹാസ താരം സുനിൽ ഗവാസ്‌കറാണ് നൂറാം ടെസ്റ്റ് മാച്ച് ക്യാപ്പ് സമ്മാനമായി നൽകിയത്.

ചടങ്ങിൽ താരത്തിന്‍റെ ഭാര്യയും മകളും പിതാവും സന്നിഹിതരായിരുന്നു. കഠിനാധ്വാനത്തിന്‍റെയും ആത്‌മവിശ്വാസത്തിന്‍റെയും മികച്ച ഉദാഹരണമാണ് പുജാരയെന്ന് പുരസ്‌കാരം നൽകിക്കൊണ്ട് സുനിൽ ഗവാസ്‌കർ പറഞ്ഞു. കൂടാതെ 100-ാം ടെസ്റ്റിൽ പുജാര സെഞ്ച്വറി നേടുമെന്നും ഗവാസ്‌കർ ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിച്ചു.

'മോശം കാലത്ത് നിന്ന് കരകയറി മികച്ച പ്രകടനം വീണ്ടും വീണ്ടും കാഴ്‌ചവെയ്‌ക്കാൻ വളരെയധികം കഠിനാധ്വാനം, ദൃഢനിശ്ചയം, ആത്മവിശ്വാസം എന്നിവ ആവശ്യമാണ്. പുജാര ബാറ്റ് ചെയ്യാനിറങ്ങുമ്പോൾ ബാറ്റ് മാത്രമല്ല ഇന്ത്യൻ പതാകയും ഒപ്പം കൊണ്ടുപോകുന്നതുപോലെ തോന്നാറുണ്ട്. നിങ്ങൾ ഇന്ത്യക്ക് വേണ്ടി മനസും ശരീരവും സമർപ്പിച്ചു.

ഒരോ തവണ വീഴുമ്പോഴും നിങ്ങൾ ഉയർത്തെഴുനേറ്റുകൊണ്ടിരുന്നു. നിങ്ങൾ നേടുന്ന ഓരോ റണ്‍സും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു പ്ലസ് പോയിന്‍റാണ്. 100-ാം മത്സരത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ബാറ്ററായി മാറട്ടെ എന്ന് ആശംസിക്കുന്നു'. ഗവാസ്‌കർ പറഞ്ഞു.

അതേസമയം ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം നടത്താൻ തന്നെ പ്രചോദിപ്പിച്ച ഇതിഹാസങ്ങളിൽ ഒരാളായ ഗവാസ്‌കറിൽ നിന്ന് 100-ാം ടെസ്റ്റ് ക്യാപ്പ് ലഭിച്ചത് അഭിമാനകരമാണെന്ന് പുജാരയും പറഞ്ഞു. 'കുട്ടിക്കാലത്ത് ഇന്ത്യക്ക് വേണ്ടി കളിക്കണമെന്ന് ഞാൻ എപ്പോഴും സ്വപ്‌നം കണ്ടു. പക്ഷേ എന്‍റെ രാജ്യത്തിനായി 100 ടെസ്റ്റുകൾ കളിക്കാൻ കഴിയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇത് എനിക്ക് ഒരു പ്രത്യേക നിമിഷമാണ്.

ടെസ്റ്റുകളാണ് ക്രിക്കറ്റിന്‍റെ ആത്യന്തിക ഫോർമാറ്റ് എന്ന് ഞാൻ വിശ്വസിക്കുന്നു. ഇത് നിങ്ങളെ ഒരുപാട് പഠിപ്പിക്കുന്നു, നിങ്ങളുടെ സ്വഭാവ ഗുണവിശേഷങ്ങൾ പരിശോധിക്കുന്നു. ജീവിതവും ടെസ്റ്റ് ക്രിക്കറ്റും തമ്മിൽ വളരെയധികം സാമ്യങ്ങളുണ്ട്. ഒരിക്കൽ പരീക്ഷിക്കപ്പെടുകയും വെല്ലുവിളിക്കപ്പെടുകയും ചെയ്‌താൽ നിങ്ങൾ മികച്ച തിരിച്ചുവരവ് നടത്തി മുന്നേറി ഒന്നാം സ്ഥാനത്തേക്കെത്തും.

ഈ അവസരത്തിൽ, എന്‍റെ കുടുംബത്തിനും ഭാര്യയ്ക്കും പിതാവിനും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ബിസിസിഐ, മാധ്യമങ്ങൾ, ആരാധകർ എന്നിവരുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഞാൻ നന്ദി പറയുന്നു. എന്‍റെ ടീമംഗങ്ങളോടും സപ്പോർട്ടിങ് സ്റ്റാഫുകളോടും ഞാൻ നന്ദി പറയുന്നു. ഈ യാത്രയിലൂടെ ടീമിന്‍റെ വിജയത്തിനായി തുടർന്നും സംഭാവന നൽകാനാകുമെന്ന് പ്രതീക്ഷിക്കുന്നു. പുജാര കൂട്ടിച്ചേർത്തു.

ഐതിഹാസിക നേട്ടം: ഇന്ത്യക്കായി 100 ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്ന 13-ാമത്തെ താരമാണ് പുജാര. 2010-ൽ റെഡ്‌ബോൾ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച താരം തന്‍റെ 13 വർഷത്തെ ടെസ്റ്റ് കരിയറിൽ 44.15 ശരാശരിയിൽ 7,021 റൺസ് നേടിയിട്ടുണ്ട്. ഇതിൽ 19 സെഞ്ച്വറികളും മൂന്ന് ഡബിൾ സെഞ്ച്വറികളും 34 അർധ സെഞ്ച്വറികളും ഉൾപ്പെടുന്നു. 206* ആണ് താരത്തിന്‍റെ മികച്ച സ്‌കോർ.

200 മത്സരങ്ങൾ കളിച്ച സച്ചിൻ ടെൻഡുൽക്കറാണ് ഏറ്റവുമധികം ടെസ്റ്റ് മത്സരങ്ങൾ കളിച്ച താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. സച്ചിനെക്കൂടാതെ രാഹുല്‍ ദ്രാവിഡ് (164), വിവിഎസ് ലക്ഷ്മണ്‍ (134), അനില്‍ കുംബ്ലെ (132), കപിൽ ദേവ് (131) സുനില്‍ ഗാവസ്‌കര്‍ (125), ദിലീപ് വെങ്സര്‍ക്കര്‍ (116), സൗരവ് ഗാംഗുലി (113), വിരാട് കോലി (105*), ഇഷാന്ത് ശര്‍മ്മ (105), ഹര്‍ഭജന്‍ സിങ് (103), വിരേന്ദര്‍ സെവാഗ് (104) എന്നിവരാണ് 100 ടെസ്റ്റുകള്‍ കളിച്ച മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.