ETV Bharat / bharat

UP Assembly Election | യോഗി സര്‍ക്കാരിന് വീണ്ടും പ്രഹരം; മന്ത്രിസഭ വിട്ട് വനംമന്ത്രി, രാജിവയ്ക്കുന്ന അഞ്ചാമന്‍

author img

By

Published : Jan 12, 2022, 6:20 PM IST

Dara Singh Chauhan resigns from BJP  യു.പിയില്‍ യോഗി സര്‍ക്കാരിന് വീണ്ടും പ്രഹരം  യോഗി മന്ത്രിസഭ വിട്ട് വനംമന്ത്രി  യുപി വനംമന്ത്രി ധാര സിങ് ചൗഹാന്‍ രാജിവച്ചു  UP Assembly Election  BJP cabinet member Dara Singh Chauhan resigns
UP Assembly Election | യോഗി സര്‍ക്കാരിന് വീണ്ടും പ്രഹരം; മന്ത്രിസഭ വിട്ട് വനംമന്ത്രി, രാജിവക്കുന്ന അഞ്ചാമന്‍

UP Assembly Election | വനംമന്ത്രി ധാര സിങ് ചൗഹാന്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് യോഗി സര്‍ക്കാരില്‍ നിന്നും രാജിവച്ചത്

ലഖ്‌നൗ: യോഗി ആദിത്യനാഥ് സര്‍ക്കാരിന് വീണ്ടും കനത്ത പ്രഹരമേകി മറ്റൊരു മന്ത്രിയുടെ രാജി. വനം പരിസ്ഥിതി മന്ത്രി ധാര സിങ് ചൗഹാനാണ് ബി.ജെ.പി മന്ത്രിസഭയില്‍ നിന്നും രാജിവച്ചത്. ഇതുസംബന്ധിച്ച് ബുധനാഴ്ച, ഗവർണർ ആനന്ദിബെൻ പട്ടേലിന് സിങ് രാജിക്കത്ത് നൽകി.

ധാര സിങ് ബി.ജെ.പിയിലെത്തിയത് 2015 ല്‍

നിയമസഭ തെരഞ്ഞെടുപ്പിന് ആഴ്‌ചകള്‍ മാത്രം അവശേഷിക്കവെ യോഗി മന്ത്രിസഭയില്‍ ഇതുവരെ രണ്ട് മന്ത്രിമാര്‍ ഉള്‍പ്പടെ അഞ്ച് എം.എല്‍.എമാരാണ് രാജിവച്ചത്. 2015 ഫെബ്രുവരിയിലാണ് ധാര സിങ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. മധുബൻ നിയമസഭ മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയാണ്. ധാര സിങ് ചൗഹാനും എസ്‌.പിയിലേക്കെന്ന സൂചനയാണ് പുറത്തുവരുന്നത്.

ചൊവ്വാഴ്ച രാജിവച്ച തൊഴില്‍വകുപ്പ് മന്ത്രി സ്വാമി പ്രസാദ് മൗര്യയുടെ അതേ കാരണങ്ങളാണ് സിങ് ചൂണ്ടിക്കാട്ടിയത്. സംസ്ഥാനത്തെ ദളിതുകൾ, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍, കർഷകർ, തൊഴിൽരഹിതരായ യുവാക്കൾ, ചെറുകിട, ഇടത്തരം വ്യവസായികൾ എന്നിവരോട് സര്‍ക്കാര്‍ കടുത്ത അവഗണനയാണ് കാണിക്കുന്നത്. അതില്‍ മനംനൊന്താണ് പാര്‍ട്ടിയും സ്ഥാനവും രാജിവച്ചതെന്നാണ് മൗര്യ ഉന്നയിച്ചത്. കാന്‍പൂരില്‍ നിന്നുള്ള എം.എല്‍.എ ഭഗവതി സാഗര്‍, ബന്ദയില്‍ നിന്നുള്ള ബ്രിജേഷ് പ്രജാപതി, ഷാജഹാന്‍പൂരില്‍ നിന്നുള്ള റോഷന്‍ ലാല്‍ വര്‍മ എന്നിവരാണ് പാര്‍ട്ടി വിട്ട മറ്റ് എം.എല്‍.എമാര്‍.

കൂടുതല്‍ എം.എല്‍.എമാര്‍ എസ്‌.പിയിലേക്ക്?

സ്വാമി പ്രസാദ് മൗര്യയാണ് ആദ്യം രാജി വച്ചത്. സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന മൗര്യയെ പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് സ്വാഗതം ചെയ്‌തു. സമത്വത്തിനും അധഃസ്ഥിതരുടെ അവകാശങ്ങൾക്കും വേണ്ടി എന്നും നിലകൊണ്ട സ്വാമി പ്രസാദ് മൗര്യയെ സമാജ്‌വാദി പാർട്ടി സ്വാഗതം ചെയ്യുന്നുവെന്ന് എസ്‌.പി ട്വിറ്ററില്‍ കുറിച്ചു. കിഴക്കൻ ഉത്തർപ്രദേശിലെ പദ്രൗണ മേഖലയില്‍ നിന്നുള്ള എം.എൽ.എയായ സ്വാമി പ്രസാദ് മൗര്യ, 2016 ലാണ് ബി.എസ്‌.പി വിട്ട് ബി.ജെ.പിയില്‍ ചേരുന്നത്. മൗര്യയുടെ മകള്‍ സംഘമിത്ര ഉത്തർപ്രദേശിൽ നിന്നുള്ള ബി.ജെ.പി എം.പിയാണ്.

അഞ്ച് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൗര്യ ബി.എസ്‌.പിയുടെ സംസ്ഥാന അധ്യക്ഷനും 2012 മുതല്‍ 2016 വരെ പ്രതിപക്ഷ നേതാവുമായിരുന്നു. അതേസമയം, ധരം സിങ് സൈനി, തിൽഹാർ എം.എൽ.എ റോഷൻ ലാൽ, നന്ദ് ഗോപാൽ ഗുപ്‌ത എന്നിവരുൾപ്പടെ നിരവധി ബി.ജെ.പി എം.എൽ.എമാർ സമാജ്‌വാദി പാർട്ടിയിൽ ചേരുമെന്നും അഭ്യൂഹം ഉയര്‍ന്നിട്ടുണ്ട്. ഏഴ് ഘട്ടങ്ങളുള്ള യു.പി നിയമസഭ തെരഞ്ഞെടുപ്പ് ഫെബ്രുവരി 10നാണ് ആരംഭിക്കുന്നത്.

ALSO READ: India VS China: 'നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറ്റ ശ്രമം തുടര്‍ക്കഥയാകുന്നു': എംഎം നരവനെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.