ETV Bharat / bharat

ലോക്ക് ഡൗണില്‍ സൈബർ കുറ്റകൃത്യങ്ങൾ വര്‍ധിക്കുന്നു

author img

By

Published : Apr 27, 2020, 1:29 PM IST

സൈബർ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതിന് സർക്കാരുകൾ ഉണര്‍ന്ന് പ്രവർത്തിക്കേണ്ടതുണ്ടെങ്കിലും വ്യക്തികളും മുൻകരുതൽ എടുത്തേ മതിയാകൂ.

Cyber Crimes on the rise  Cyber Security  Defence Mechanism  COVID 19  Lockdown  cyber gangs  സൈബർ കുറ്റകൃത്യങ്ങൾ  ലോക്ക് ഡൗൺ  കൊവിഡ് 19  സൈബര്‍ ക്രൈം
ലോക്ക് ഡൗണില്‍ സൈബർ കുറ്റകൃത്യങ്ങൾ വര്‍ധിക്കുന്നു

ഹൈദരാബാദ്: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ലോകത്ത് മിക്ക രാജ്യങ്ങളിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സൈബര്‍ കുറ്റ കൃത്യങ്ങൾ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. നിയന്ത്രണങ്ങൾ കാരണം പുറത്തിറങ്ങാനാകാതെ വീടിനുള്ളില്‍ കഴിയേണ്ടി വരുമ്പോൾ പുതിയ വിവരങ്ങളും സംഭവ വികാസങ്ങളും അറിയാനും കണ്ടെത്താനുമുള്ള താല്‍പര്യവും ജിജ്ഞാസയും ആളുകൾക്ക് വര്‍ധിക്കും. കൊവിഡ് മഹാമാരിയെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ആശങ്കകളെ ലോകമെമ്പാടുമുള്ള സൈബർ സംഘങ്ങൾ അവര്‍ക്ക് ഉതകുന്ന രീതിയില്‍ പ്രയോജനപ്പെടുത്താൻ ശ്രമിക്കുകയാണ്.

ഇപ്പോൾ ആളുകൾ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന 'കൊറോണ വൈറസ്' എന്ന വാക്കിന്‍റെ തുടക്കത്തിലോ അവസാനത്തിലോ മാപ്പ്, റിയൽടൈം, സ്റ്റാറ്റസ് മുതലായ പദങ്ങൾ ചേർത്തുകൊണ്ട് വന്ന വ്യാജ വെബ്‌സൈറ്റുകളുടെ വിശദമായ പട്ടിക മൂന്നാഴ്‌ച മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ കൊറോണ വൈറസിന്‍റെ പേരിൽ നാലായിരത്തിലധികം വ്യാജ പോർട്ടലുകൾ ഉണ്ടായിട്ടുണ്ടെന്ന് ദേശീയ സൈബർ സെക്യൂരിറ്റി ഓഫീസർ ലെഫ്റ്റനന്‍റ് ജനറൽ രാജേഷ് പന്ത് പറഞ്ഞു.

യുഎസ്, യുകെ സർക്കാരുകൾ പോലും സൈബര്‍ കുറ്റകൃത്യങ്ങൾ വര്‍ധിക്കുന്നുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും പൗരൻമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊവിഡിനെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചുമുള്ള വ്യാജ വാര്‍ത്തകൾ സൈബര്‍ കുറ്റവാളികൾ ഇമെയിലുകാളായി പ്രചരിപ്പിക്കുന്നുണ്ട്. ഇതില്‍ കുടുങ്ങി പോകരുതെന്ന് ആളുകൾക്ക് നിര്‍ദേശം നല്‍കുന്നു.

കൊവിഡ് 19ന്‍റെ വ്യാപനത്തെത്തുടർന്ന് സൈബർ കുറ്റകൃത്യങ്ങൾ നാലിരട്ടിയായി വർധിച്ചതായി യുഎസ് രഹസ്യാന്വേഷണ ഏജൻസി എഫ്ബിഐ പറയുന്നു. വീടുകളിൽ കഴിയുന്ന പൗരന്മാരുടെ ആശങ്കങ്ങൾ ലാഭകരമായ അവസരങ്ങളിലേക്ക് മാറ്റാൻ സൈബർ കുറ്റവാളികൾ കൂടുതലായി ശ്രമിക്കുന്നുണ്ടെന്ന് യൂറോപ്യൻ യൂണിയൻ പ്രസിഡന്‍റ് ഉർസുല വോൺ ഡെർ ലെയ്‌ൻ അഭിപ്രായപ്പെട്ടു.

സൈബർ കുറ്റവാളികൾക്കെതിരെ സംയുക്ത പോരാട്ടത്തിന് തുടക്കം കുറിക്കാൻ 35 രാജ്യങ്ങളിൽ നിന്നുള്ള മുന്നൂറിലധികം സുരക്ഷാ പ്രൊഫഷണലുകൾ വിപുലമായ പൗര അവബോധം ഉണ്ടാക്കാൻ ശ്രമിക്കുന്നു. മൂന്ന് വർഷം മുമ്പ് സൈബർ കുറ്റവാളികൾ 'വണ്ണാ ക്രൈ' എന്ന പേരിൽ നടത്തിയ സൈബര്‍ ആക്രമണം 175 രാജ്യങ്ങളില്‍ വ്യാപിച്ചിരുന്നു. ഇതേതുടര്‍ന്ന് റഷ്യ, ഉക്രെയ്ൻ, യുഎസ്, ജർമനി, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ സൈബർ കുറ്റവാളികൾ ദശലക്ഷക്കണക്കിന് ഡെബിറ്റ് കാർഡ് ഡാറ്റ മോഷ്‌ടിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ലോക്ക് ഡൗൺ കാരണം വിവിധ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും ജീവനക്കാർ അവരവരുടെ വീടുകളില്‍ ഇരുന്ന് ജോലി ചെയ്യുകയാണ്. അതേസമയം വീട്ടില്‍ നാം ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകൾക്കും ലാപ്‌ടോപ്പുകൾക്കും അവരുടെ ജോലിസ്ഥലങ്ങളിലേത് പോലെ വിവര സുരക്ഷയില്ലെന്നതാണ് യാഥാര്‍ഥ്യം. ആപ്ലിക്കേഷനുകളുടെ ഉപയോഗത്തിലോ ഫിഷിങ് ലിങ്കുകളിൽ ക്ലിക്കുചെയ്യുന്നതിലോ ഉള്ള അലസതയോ അജ്ഞതയോ സൈബർ കുറ്റവാളികൾക്ക് നമ്മുടെ പ്രധാന വിവരങ്ങളുടെ ആക്‌സസ് നൽകാനിടയാക്കും. സൈബര്‍ കുറ്റവാളികൾ രണ്ട് കമ്പ്യൂട്ടർ പ്രൊഫഷണലുകളുടെ കമ്പ്യൂട്ടറുകളിലേക്ക് അനധികൃതമായി സൂം വീഡിയോ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഹാക്കുചെയ്യുകയും ബിറ്റ്കോയിനുകൾ വഴി വൻ തുക ആവശ്യപ്പെടുകയും ചെയ്‌ത സംഭവങ്ങൾ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സർദാർ പട്ടേൽ പ്രതിമ ഓൺലൈനിൽ 400 മില്യൺ ഡോളറിന് വിറ്റെന്നും അതില്‍ നിന്ന് ലഭിച്ച തുക ഗുജറാത്ത് സര്‍ക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കായി മാറ്റി വെച്ചെന്നുമുള്ള വാര്‍ത്ത പുറത്തുവന്നിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ഇത്തരം വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

സൈബർ കുറ്റവാളികളുടെ മോഹ വലയത്തിലേക്ക് അകപ്പെടുന്ന സാധാരണക്കാര്‍ ഏറെയാണ്. ലോക്ക് ഡൗൺ അവസാനിക്കുന്നതുവരെ സൗജന്യമായി സിനിമകൾ കാണാമെന്നോ മൊബൈല്‍ ഫോൺ റീചാര്‍ജ് ചെയ്‌ത് തരാമെന്നോ പറഞ്ഞുള്ള വാഗ്‌ദാനങ്ങളില്‍ വീണ് ലിങ്കുകൾ തുറക്കുകയോ ഫോര്‍വേഡ് ചെയ്യുക ചെയ്യുന്നവര്‍ നമുക്കിടയിലുണ്ട്. ഇതിലൂടെ നാം പോലും അറിയാതെ സൈബർ കുറ്റവാളികളുടെ വലയിലേക്ക് വീഴുകയാണ്. സർക്കാറിന്‍റെ സൈബർ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിലൂടെ മാത്രമേ ഈ സൈബർ ഭീകരത തടയാൻ കഴിയൂ. എന്നാല്‍ വ്യക്തിഗത സുരക്ഷകൾ‌ പാലിക്കേണ്ടതും വിവരങ്ങൾ ചോരാതെ ശ്രദ്ധിക്കേണ്ടതും അതിനായി ജാഗ്രത പുലര്‍ത്തേണ്ടതും ജനങ്ങൾ തന്നെയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.