കേരളം

kerala

കോടമഞ്ഞ് മൂടിയ തേയില തോട്ടം; മേഘപാളികളില്‍ അന്തിപ്പൊന്‍ വെട്ടം; എത്ര സുന്ദരമാണ് നമ്മുടെ ഇടുക്കി

By ETV Bharat Kerala Team

Published : Jan 22, 2024, 10:24 PM IST

Updated : Jan 23, 2024, 10:42 PM IST

ഇടുക്കിയില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച് ഉപ്പുതുറ വ്യൂ പോയിന്‍റ്. അസ്‌തമയ കാഴ്‌ചകള്‍ കാണാന്‍ സഞ്ചാരികളുടെ തിരക്ക്.

Upputhara View Point  Kerala Tourist Spot  ഉപ്പുതറയിലെ വ്യൂ പോയിന്‍റ്  ഇടുക്കിയില്‍ വിനോദ സഞ്ചാര കേന്ദ്രം
Kerala Tourist Spot; Upputhara View Point In Idukki

ഉപ്പുതുറ വ്യൂ പോയിന്‍റില്‍ നിന്നുള്ള ദൃശ്യങ്ങള്‍

ഇടുക്കി:വിനോദ സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമാണ് പച്ചപുതച്ച് കോടമഞ്ഞിലുറങ്ങുന്ന ഇടുക്കിയും മൂന്നാറും. പച്ചപ്പാര്‍ന്ന മലനിരകളും പുഴകളും ഡാമുകളുമെല്ലാമാണ് ഇടുക്കിയെ ഇത്രയും സുന്ദരിയാക്കുന്നത്. തെക്കിന്‍റെ കശ്‌മീരായ ഇടുക്കിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് വാഗമണ്‍. സാഹസിക ഇഷ്‌ടപ്പെടുന്നവര്‍ക്ക് ഏറെ പ്രിയപ്പെട്ട ഇടം.

സാഹസികതകള്‍ക്ക് അപ്പുറമുള്ള മനോഹരമായ വിസ്‌മയ കാഴ്‌ചകള്‍ ആസ്വദിക്കാന്‍ കൂടിയാണിപ്പോള്‍ സഞ്ചാരികള്‍ വാഗമണ്ണിലെത്തുന്നത്. ഉപ്പുതറയിലെ പുളിങ്കട്ടയിലാണ് കാഴ്‌ചക്കാരുടെ മനം കവരുന്ന ഈ കാഴ്‌ചയുള്ളത്. കോടമഞ്ഞിന്‍റെ കുളിരുള്ള ഉപ്പുതറയില്‍ നിന്നാല്‍ ദൂരെ ഉദിച്ച് നില്‍ക്കുന്ന സൂര്യന്‍റെ മനോഹര ദൃശ്യം കാണാം. വൈകുന്നേരത്തോടെ പടിഞ്ഞാറെ ചക്രവാളത്തിലെത്തുന്ന സൂര്യന്‍ പതിയെ കടലിലേക്ക് ആഴ്‌ന്നിറങ്ങുന്നതും കാഴ്‌ചക്കാരെ ഏറെ വിസ്‌മയിപ്പിക്കുന്നു.

നിരവധി സഞ്ചാരികളാണ് സൂര്യാസ്‌തമയം കാണാന്‍ ഉപ്പുതറയില്‍ എത്തുന്നത്. കാഴ്‌ചകള്‍ ആസ്വദിക്കുന്നതിനൊപ്പം നിരവധി സോഷ്യല്‍ മീഡിയ റീല്‍സിനും ഇവിടം വേദിയായിരിക്കുകയാണ്.

വാഗമണ്ണില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ സഞ്ചരിച്ചാല്‍ പുളിങ്കട്ട ഏഴാം നമ്പറിൽ എത്താം. ആരെയും ആകര്‍ഷിക്കും വിധമാണ് ഇവിടുത്തെ കാഴ്‌ചകള്‍. ഇവിടെയാണ് സഞ്ചാരികളുടെ പ്രിയപ്പെട്ടയിടമായ വ്യൂ പോയിന്‍റുള്ളത്. വ്യൂ പോയിന്‍റില്‍ നിന്നും നോക്കിയാല്‍ നോക്കെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന പച്ച വിരിച്ച തേയില കുന്നുകളും അവയ്‌ക്കിടയില്‍ ആകാശത്തോളം വളര്‍ന്ന് നില്‍ക്കുന്ന കവുങ്ങുകളും തടാകവുമെല്ലാം കാണാം. മേഘ പാളികളില്‍ തട്ടുന്ന സൂര്യ കിരണം സഞ്ചാരികള്‍ക്ക് ഒരിക്കലും മറക്കാത്ത അനുഭവമാണ് സമ്മാനിക്കുക. അസ്‌തമയ സമയം മാത്രമല്ല പുലര്‍ച്ചെയും ഇവിടെ നിരവധി പേര്‍ എത്താറുണ്ട്. മൂടല്‍ മഞ്ഞും കുളിരും ആസ്വദിക്കാനാണ് പുലര്‍ച്ചെ ഇവിടെ സഞ്ചാരികള്‍ എത്തുന്നത്.

ഏറ്റവും ഉയരമുള്ള ഈ വ്യൂ പോയിന്‍റില്‍ നിന്നും നോക്കിയാല്‍ അസ്‌തമയ സൂര്യന്‍റെ പ്രഭ ആസ്വദിക്കാനാകും. അന്തിപ്പൊന്‍വെട്ടത്തില്‍ കോടമഞ്ഞിന്‍റെ കുളിരേറ്റ് നില്‍ക്കുന്ന തേയില കുന്നുകളുടെ ഭംഗി സഞ്ചാരികള്‍ക്ക് നയന മനോഹര കാഴ്‌ചയാണ് നല്‍കുക. വിസ്‌മയ കാഴ്‌ചകളെല്ലാം ആസ്വദിച്ച് ചുരം ഇറങ്ങുന്നതും മറ്റൊരു വിസ്‌മയമാണ്. പാത കടന്നു വരുമ്പോഴുണ്ടാകുന്ന മനോഹര കാഴ്‌ചകള്‍ ആരുടെയും മനസിനെ പിടിച്ചുലര്‍ത്തുന്നതാണ്.

Last Updated : Jan 23, 2024, 10:42 PM IST

ABOUT THE AUTHOR

...view details