കേരളം

kerala

സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും, അധ്യയന വര്‍ഷം തുടങ്ങുക പ്രവേശനോത്സവത്തോടെ; ഒരുക്കങ്ങള്‍ സമയബന്ധിതമാക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം - SCHOOLS REOPENING DATE IN KERALA

By ETV Bharat Kerala Team

Published : May 4, 2024, 2:00 PM IST

Updated : May 4, 2024, 2:26 PM IST

2024-25 അധ്യയന വര്‍ഷം വോട്ടെണ്ണലിന് തലേനാള്‍ (ജൂണ്‍ 3) ആരംഭിക്കുമെന്ന് മുഖ്യമന്ത്രി. സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്‍പ് മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി തന്നെ പൂര്‍ത്തിയാക്കാൻ ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

SCHOOLS OPENEING  PINARAYI VIJAYAN  EDUCATION NEWS KERALA  സ്‌കൂള്‍ തുറക്കും
SCHOOLS RE OPENING (ETV BHARAT)

തിരുവനന്തപുരം:പുതിയ അധ്യയന വര്‍ഷത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ജൂണ്‍ 3ന് തുറക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. ജൂണ്‍ മൂന്നിന് പ്രവേശനോത്സവത്തോടെ അധ്യയന വര്‍ഷം ആരംഭിക്കും. അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി സ്‌കൂളിന്‍റെ സുരക്ഷ ഉറപ്പാക്കണമെന്നും യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

സ്‌കൂള്‍ കെട്ടിടത്തിന്‍റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, അപകടാവസ്ഥയിലുള്ള മരങ്ങളും ബോര്‍ഡുകളും നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍, സ്‌കൂള്‍ ബസുകളുടെയും കുട്ടികളെ കൊണ്ടുവരുന്ന സ്വകാര്യ വാഹനങ്ങളുടെയും ഫിറ്റ്‌നെസ് ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങള്‍ സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് പൂര്‍ത്തിയാക്കണം. ഉപയോഗ ശൂന്യമായ ഫർണിച്ചർ, മറ്റ് ഉപകരണങ്ങൾ എന്നിവ സ്‌കൂളുകളില്‍ നിന്നും നീക്കം ചെയ്യുകയോ അല്ലെങ്കില്‍ പ്രത്യേക മുറിയിൽ സൂക്ഷിക്കുകയോ വേണം. വസ്ത്രം, പുസ്‌തകം, ഉച്ചഭക്ഷണം എന്നിവ ഉറപ്പാക്കാനും ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം തുടങ്ങിയ ക്യാമ്പെയ്‌നുകള്‍ സംഘടിപ്പിക്കാനും യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ഗോത്ര വിദ്യാര്‍ഥികള്‍ക്ക് ഗോത്ര ഭാഷയില്‍ വിദ്യാഭ്യാസം ചെയ്യാന്‍ നിയമിച്ച മെന്‍റര്‍ ടീച്ചര്‍മാര്‍ സ്‌കൂള്‍ തുറക്കുന്ന ദിവസം തന്നെ എത്തണം. എല്ല കുട്ടികളും സ്‌കൂളുകളില്‍ എത്തുന്നുവെന്ന് ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ ഉറപ്പാക്കണമെന്നും യോഗത്തില്‍ അറിയിച്ചു. സ്‌കൂള്‍ തുറന്നതിന് ശേഷം ജൂണ്‍ 26ന് കുട്ടികളുടെ പാര്‍ലമെന്‍റ്, ഒക്‌ടോബര്‍ 2ന് കുട്ടികളുടെ താമസ സ്ഥലങ്ങളില്‍ ജനങ്ങളെ ഉള്‍പ്പെടുത്തിയ സംവാദ സദസ്, നവംബര്‍ 14ന് ശിശുദിന അസംബ്ലി, ഡിസംബര്‍ 10ന് ലഹരി വിരുദ്ധ സെമിനാര്‍ തുടങ്ങിയവയും സ്‌കൂളുകളില്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. 2025 ജനുവരി 30ന് ക്ലാസ് സഭകൾ ചേർന്ന് ഈ വർഷത്തെ പ്രവർത്തനങ്ങളുടെ അവലോകനം നടത്തണം. തെളിവാനം വരയ്ക്കുന്നവർ എന്ന കൈപുസ്‌തകത്തെ ആസ്‌പദമാക്കി തയ്യാറാക്കിയ പ്രവർത്തനങ്ങൾ സമയബന്ധിതമായി തന്നെ പൂർത്തിയാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

വിദ്യാലയങ്ങളുടെ പരിസരത്ത് ലഹരി പദാര്‍ഥങ്ങളുടെ വില്‍പ്പനയും ഉപയോഗവും നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. ഇതിന് വേണ്ടി പൊലീസും എക്‌സൈസും കടകളിലും മറ്റും നിശ്ചിത ഇടവേളകളില്‍ പരിശോധന നടത്തേണ്ടതുണ്ട്. ജില്ലാതല ജനജാഗ്രത സമിതി നിശ്ചിത ഇടവേളകളിൽ യോഗം ചേർന്ന് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ബോധവൽക്കണ, എൻഫോഴ്‌സ്മെന്‍റ് നടപടികൾ ശക്തമാക്കേണ്ടതുണ്ട്. പരിഷ്‌കരിച്ച പാഠപുസ്‌തകങ്ങളിൽ ലഹരി ഉപയോഗം മൂലം ഉണ്ടാകുന്ന ദോഷങ്ങള്‍ പ്രതിപാദിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലഹരി മുക്തമാക്കാൻ കുട്ടികൾ, രക്ഷകർത്താക്കൾ, അധ്യാപകർ എന്നിവരുടെ സഹകരണം ഉറപ്പാക്കണം. രക്ഷകർത്താക്കളെ പങ്കെടുപ്പിച്ച് ലഹരി വിരുദ്ധ ബോധവൽക്കണ ക്ലാസുകളും സംഘടിപ്പിക്കുമെന്നും യോഗത്തില്‍ അറിയിച്ചു.

സംസ്ഥാനത്തെ മുഴുവൻ സർക്കാർ, അർധ സർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിലും കാലതാമസമില്ലാതെ ലഹരി വിരുദ്ധ പോസ്റ്ററുകള്‍ പതിച്ച് ലഹരി ഉപയോഗം സാമൂഹ്യ വിപത്തായി കണ്ട് അതിനെ ഒറ്റക്കെട്ടായി നേരിടണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അദ്ധ്യക്ഷതയില്‍ മന്ത്രിമാരായ വി ശിവന്‍കുട്ടി, ആര്‍ ബിന്ദു, എം ബി രാജേഷ്, പി രാജീവ് എന്നിവരും ഉന്നത ഉദ്യോഗസ്ഥരുമാണ് യോഗത്തില്‍ പങ്കെടുത്തത്.

Last Updated : May 4, 2024, 2:26 PM IST

ABOUT THE AUTHOR

...view details